
ചങ്ങനാശേരി: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് എൻഎസ്എസ്. മത-സാമുദായിക സംഘടനകളെ നിലവാരം കുറഞ്ഞ ഭാഷയിൽ വിമർശിക്കുകയാണെന്നും കോൺഗ്രസിന്റെ പാരമ്പര്യം ഇതാണോയെന്നും ജനറൽ സെക്രട്ടറി കെ സുകുമാരൻ നായർ പ്രസ്താവനയിൽ ചോദിച്ചു.
ആവശ്യം വരുമ്പോൾ സംഘടനകളെ സമീപിക്കുകയും അതിനുശേഷം തള്ളിപ്പറയുകയും ചെയ്യുന്ന സ്വഭാവം ആർക്കും യോജിച്ചതല്ല.
രാഷ്ട്രീയ പാർട്ടികളുടെ ആഭ്യന്തര പ്രശ്നങ്ങളിൽ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം മത-സാമുദായിക സംഘടനകൾക്കും ഉണ്ട്. മതസാമുദായിക സംഘടനകളോടും ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിലും കെപിസിസിയുടെ നിലപാട് എന്താണെന്ന് അറിയേണ്ടതുണ്ട്.
തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനും എൻഎസ്എസ് ആസ്ഥാനത്ത് സഹായം തേടിയെത്തിയിരുന്നു. താലൂക്ക് യൂണിയൻ നേതൃത്വത്തെയും കരയോഗ നേതൃത്വങ്ങളെയും നേരിട്ട് കണ്ട് അദ്ദേഹം സഹായം തേടി.
മുന്നണികളോടും പാർട്ടികളോടും എൻഎസ്എസ് ഒരേ നിലപാട് മാത്രമേ സ്വീകരിക്കൂ. സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങളെ അംഗീകരിക്കുകയും തെറ്റായ കാര്യങ്ങളിൽ നിലപാട് യഥാവിധി അറിയിക്കുകയും ചെയ്യുമെന്ന് സുകുമാരൻ നായർ പ്രസ്താവനയിൽ പറയുന്നു.






