
ന്യൂഡൽഹി: കൊലപാതകക്കേസിൽ അറസ്റ്റിലായ ഗുസ്‌തി താരം സുശീൽ കുമാറിനെ ജോലിയിൽ നിന്ന് റെയിൽവേ സസ്‌പെൻഡ് ചെയ്തു. ഇനിയൊരു അറിയിപ്പുണ്ടാകും വരെയാണ് സസ്‌പെന്‍ഷന്‍. സുശീൽ നോര്‍ത്തേണ്‍ റെയിൽവേയിൽ സീനിയർ കമേർഷ്യൽ മാനേജരാണ്. 2015 മുതൽ അഞ്ച് വർഷമായി ഡൽഹിയിൽ ഡപ്യൂട്ടേഷനിലായിരുന്നു.
മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ കുമാര്‍ കൊല്ലപ്പെട്ട കേസിലാണ് രണ്ട് തവണ ഒളിംപിക് മെഡല്‍ നേടിയിട്ടുള്ള സുശീല്‍ കുമാറിനെ ദില്ലി പൊലീസ് പ്രതി ചേര്‍ത്തത്. ഒളിവിൽ പോയ സുശീലിനെ 19 ദിവസത്തെ തെരച്ചിലിനൊടുവിൽ പഞ്ചാബിൽ നിന്ന് ഡൽഹി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ മാസം നാലിനാണ് വാടക വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഡൽഹി ഛത്രസാല്‍ സ്റ്റേഡിയത്തില്‍വെച്ച് സാഗര്‍ കൊല്ലപ്പെട്ടത്.
കേസിൽ ഒളിവില്‍ പോയ സുശീൽ കുമാര്‍ ഹരിദ്വാറിലെ ഒരു ആശ്രമത്തിലുണ്ടെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. അറസ്റ്റ് ഒഴിവാക്കാനായി സുശീല്‍ കുമാര്‍ ഡൽഹി കോടതിയിൽ മുൻകൂര്‍ ജാമ്യാപേക്ഷ നൽകിയെങ്കിലും തള്ളിയിരുന്നു ഒടുവിൽ പഞ്ചാബിൽ നിന്ന് താരം അറസ്റ്റിലായി. ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് താരമിപ്പോള്‍.






