
തിരുവനന്തപുരം : സി.ബി.ഐ. ഡയറക്ടറുടെ കസേര സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് നഷ്ടമായതിനു പിന്നില്‍ ബി.ജെ.പി. ദേശീയ നേതൃത്വത്തിന്റെ ഇടപെടലും. ആറുമാസത്തിലധികം സര്‍വീസ് ബാക്കിയുള്ളവരെ മാത്രം സി.ബി.ഐ. ഡയറക്ടറായി നിയമിക്കാന്‍ പരിഗണിച്ചാല്‍ മതിയെന്ന ചട്ടം ചൂണ്ടിക്കാട്ടി സുപ്രീംകോടതി ചീഫ് ജസ്റ്റ്സ് എന്‍.വി. രമണ കര്‍ശന നിലപാട് സ്വീകരിച്ചതാണ് ബെഹ്റ അടക്കമുള്ളവര്‍ പട്ടികയ്ക്കു പുറത്താകാന്‍ പ്രധാന കാരണമെങ്കിലും ബി.ജെ.പി. നേതൃത്വത്തിന്റെ അനിഷ്ടവും പിന്നിലുണ്ട്.
സി.ബി.ഐ. ഡയറക്ടര്‍ ആകാന്‍ സാധ്യതയുള്ളവരുടെ പാനലില്‍ ഇടംനേടിയ എട്ട് ഐ.പി.എസ് ഉദ്യോഗസ്ഥരില്‍ മികച്ച ട്രാക് റെക്കോഡിനുടമയാണ് ബെഹ്റ. സി.ഐ.എസ്.എഫ്. ഡയറക്ടര്‍ ജനറല്‍ എസ്.കെ. ജയ്സ്വാളിനും ബെഹ്റയ്ക്കും പുറമെ പട്ടികയില്‍ ഇടം നേടിയത് ഇവരാണ്; രാജേഷ് ചന്ദ്ര (ഡയറക്ടര്‍ ജനറല്‍ എസ്.എസ്.ബി), വി.എസ്. കൗമുദി (സ്പെഷല്‍ സെക്രട്ടറി ആഭ്യന്തരസുരക്ഷ), എച്ച്.സി. അശ്വതി (ഡി.ജി.പി. യു.പി), വൈ.സി. മോദി (എന്‍.ഐ.എ. ഡയറക്ടര്‍), രാഗേഷ് അസ്താന (ബി.എസ്.എഫ്. ഡയറക്ടര്‍),എസ്.എസ്. ദേശ്വാള് (ഡയറക്ടര്‍ ജനറല്‍, ഐ.ടി. ബി.പി). തിങ്കളാഴ്ച രാത്രി ഏഴിനു ചേര്‍ന്ന ഉന്നതതല സമിതിയാണ് രാജ്യത്തെ പരമോന്നത അന്വേഷണ ഏജന്‍സിയുടെ തലവനെ നിശ്ചയിച്ചത്. സി.ബി.ഐ. ഡയറക്ടറായി ബഹ്റയെ പരിഗണിക്കുന്നുവെന്ന വാര്‍ത്ത നേരത്തെതന്നെ ദേശീയമാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.
എന്നാല്‍, കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ ബഹ്റയ്ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുകയായിരുന്നുവെന്നാണ് സൂചന. ഇടത് സര്‍ക്കാരിന്റെ കീഴില്‍ നാല് വര്‍ഷത്തോളം ഡി.ജി.പിയായിരുന്ന ബെഹ്റയെ പരിഗണിക്കരുതെന്ന് ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിലെ ഉന്നതരില്‍ ചിലര്‍ ആഭ്യന്തരമന്ത്രാലയത്തെ ധരിപ്പിച്ചതും ബഹ്റയ്ക്ക് വിനയായി. ദേശീയ അന്വേഷണ ഏജന്‍സിയുടെ അഡി. ഡയറക്ടര്‍ എന്ന നിലയില്‍ ബെഹ്റ സ്വീകരിച്ച പല നിലപാടുകളും ബി.ജെ.പി. ദേശീയ നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു.






