ദോഹ: മിക്ക വിദേശരാജ്യങ്ങളും എല്ലാ ഗൾഫ് രാജ്യങ്ങളും ആസ്ട്രസെനക വാക്സിൻ അംഗീകരിച്ചിട്ടുള്ളതാണ്. എന്നാൽ ഇന്ത്യയുടെ കോവിഷീൽഡ് ആ രൂപത്തിൽ അംഗീകരിക്കപ്പെടുന്നില്ല. ആസ്ട്രസെനക വാക്സിനും കോവിഷീൽഡും ഒരേ വാക്സിൻ ആണെന്നിരിക്കെയാണ് കോവിഷീൽഡ് സ്വീകരിച്ച ഇന്ത്യക്കാരെ മാറ്റി നിർത്തുന്നത്.
ആസ്ട്രസെനക പോലെത്തന്നെ ഓകസ്ഫഡ് യൂനിവേഴ്സിറ്റിയുടെ സഹകരണത്തോടെ ഇന്ത്യയിൽ നിർമിക്കുന്നതാണ് കോവിഷീൽഡ്. രണ്ടും ഒരുവാക്സിൻ തന്നെയാണ്. പേര് മാത്രം വ്യത്യസ്തം. പക്ഷേ, നിലവിൽ ഇന്ത്യയിൽനിന്ന് കോവിഷീൽഡ് എടുത്ത് വരുന്നവർക്ക് ഗൾഫിലെ ഇളവുകൾ ലഭ്യമാകുന്നില്ല.
കോവിഷീൽഡും ആസ്ട്രസെനകയും ഒന്നാണെന്ന് ഗൾഫിലെ അധികൃതരെ ബോധ്യപ്പെടുത്തിയാലെ ഈ പ്രശ്നം അവസാനിക്കൂ. ഫൈസർ, ആസ്ട്രസെനക, മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ വാക്സിനുകൾക്കാണ് സൗദി അംഗീകാരം നൽകിയിരിക്കുന്നത്. കുവൈത്ത് ഇവക്കുപുറമേ മൊഡേണ വാക്സിനും അംഗീകരിച്ചിട്ടുണ്ട്. ഖത്തറാകട്ടെ ഇവക്കുപുറമേ കോവിഷീല്‍ഡിനും അംഗീകാരം നൽകിയിട്ടുണ്ട്. ഖത്തർ മാത്രമാണ് കോവിഷീൽഡ് എന്ന് പ്രത്യേകമായി പറഞ്ഞിരിക്കുന്നത്.






