
ന്യൂഡൽഹി: യുവ ഗുസ്തി താരം സാഗര്‍ റാണയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഒളിംപിക് മെഡല്‍ ജേതാവും ഗുസ്തി താരവുമായ സുശീല്‍ കുമാറിന്റെയും സഹായി അജയ്യുടെയും പൊലീസ് കസ്റ്റഡി ഡൽഹി കോടതി നാലു ദിവസം കൂടി നീട്ടി. ആദ്യം ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ട സുശീലിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന ദില്ലി ക്രൈം ബ്രാഞ്ചിന്റെ ആവശ്യം പരിഗണിച്ചാണ് കോടി നാലു ദിവസം കൂടി കസ്റ്റഡി നീട്ടിയത്.
സുശീലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. പൊലിസ് കസ്റ്റഡി നീട്ടിയതിനൊപ്പം എല്ലാ ദിവസവും സുശീലിനെ വൈദ്യ പരിശോധനക്ക് വിധേയനാക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. പോലീസ് കസ്റ്റഡിക്കിടെ അഭിഭാഷകനെ കാണാനും സുശീലിന് അനുമതി നല്കി. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഏഴ് ദിവസം കൂടി കസ്റ്റഡി നീട്ടണമെന്നാണ് ഡൽഹി പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്.






