
തൃശൂര്‍ : കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി തൃശൂര്‍ ജില്ലാ ഓഫീസ് സെക്രട്ടറി സതീഷിനെ നാളെ ചോദ്യം ചെയ്യും. പണവുമായെത്തിയ ധര്‍മരാജനും സംഘത്തിനും തൃശൂരില്‍ മുറി എടുത്ത് നല്‍കിയത് സതീഷ് ആണെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യുന്നത്.
കഴിഞ്ഞദിവസം ബി.ജെ.പി സംസ്ഥാന സംഘടനാ സെക്രട്ടറി എം.ഗണേശിനെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നാണ് റൂം ബുക്ക് ചെയ്തതെന്ന് ഹോട്ടല്‍ ജീവനക്കാരന്റെ വെളിപ്പെടുത്തല്‍ കേസില്‍ സുപ്രധാന വഴിത്തിരിവായി . വരും ദിവസങ്ങളില്‍ കൂടുതല്‍ ബിജെപി നേതാക്കന്മാരുടെ പങ്ക് പുറത്തുവരാന്‍ സാധ്യതയുണ്ട്.
കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി നേതൃത്വത്തിന്റെ പങ്ക് വ്യക്തമാക്കുന്ന നിര്‍ണായക വെളിപ്പെടുത്തലാണ് പുറത്തുവന്നത്. ഇക്കാര്യങ്ങള്‍ പൊലീസിനോട് പറഞ്ഞതായും ലോഡ്ജിലെ രജിസ്റ്റര്‍ പൊലീസ് പരിശോധിച്ചതായും ഹോട്ടല്‍ ജീവനക്കാരന് വ്യക്തമാക്കി. പുലര്‍ച്ചയോടെ ആലപ്പുഴയ്ക്ക് പുറപ്പെട്ട് സംഘത്തെ കൊടകരയില്‍ തടഞ്ഞു നിര്‍ത്തി കൊള്ളയടിക്കുകയായിരുന്നു. സി.സി.ടി വി ദ്യശ്യങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.






