
അമൃത്സര്‍: പഞ്ചാബില്‍ കോൺഗ്രസ് പാര്‍ട്ടിക്കുള്ളില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. പാർട്ടിക്കുള്ളിലെ വിമത നീക്കമാണ് പ്രതിസന്ധിക്കിടയാക്കുന്നത്. 2017-ല്‍ ഉജ്ജ്വല വിജയത്തോടെ അമരീന്ദര്‍ സിങിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് അധികാരത്തിലേറിയത്. എന്നാല്‍ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ ക്യാപ്റ്റന്‍ എന്നു വിളിക്കുന്ന അമരീന്ദര്‍ സിങിന്റെ നേതൃത്വത്തില്‍ നേരിട്ടാല്‍ ജയിക്കാനാകില്ലെന്നാണ് വിമത പക്ഷം പറയുന്നത്. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പാര്‍ട്ടിക്കുള്ളിലെ വിമത നീക്കം.
തര്‍ക്കം പരിഹരിക്കുന്നതിനായി കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി രൂപീകരിച്ച മൂന്നാംഗ സമിതി എല്ലാ സംസ്ഥാന നേതാക്കളുമായി ഒറ്റയ്ക്ക് ഒറ്റയ്ക്ക് കൂടിക്കാഴ്ച നടത്തി വരികയാണ്.
മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തിലുള്ള സമിതി ഇന്ന് 25 സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സുനില്‍ ജാഖറും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
എല്ലാ മന്ത്രിമാരുമായും മുന്‍ സംസ്ഥാന അധ്യക്ഷന്മാരുമായും എംപിമാര്‍, എംഎല്‍എമാര്‍,മറ്റു മുതിര്‍ന്ന നേതാക്കള്‍ എന്നിവരുമായും കൂടിക്കാഴ്ച നടത്തും. നേതാക്കളുടെ പരാതികള്‍ വ്യത്യസ്തമാണെങ്കിലും ഒരു മന്ത്രിക്കെതിരായ മീ ടൂ ആരോപണത്തില്‍ അമരീന്ദര്‍ സിങ് സ്വീകരിച്ച നിലപാടാണ് കൂടുതല്‍ പേരും ഉയര്‍ത്തി കാട്ടിയത്. എന്നാല്‍ 2015-ല്‍ നടന്ന സമാധാനപരമായ പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് വെടിവെയ്പ്പിലും ഗുരു ഗ്രന്ഥ് സാഹിബിനെ അപകീര്‍ത്തിപ്പെടുത്തുന്നതിലും കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിന് കഴിയാത്തതാണ് അമരീന്ദര്‍ സിങിനെതിരായ നേതാക്കളുടെ പ്രധാനപ്പെട്ട ആക്ഷേപം.
ഈ കേസിലെ കുറ്റവാളികളെ ശിക്ഷിക്കുമെന്ന് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നുവെന്നും അടുത്ത തിരഞ്ഞെടുപ്പില്‍ ജനങ്ങളോട് ഇതിന് മറുപടി പറയേണ്ടി വരുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. വിമത പക്ഷത്ത് അമരീന്ദര്‍ സിങിന്റെ പ്രധാന എതിരാളി നവജ്യോത് സിങ് സിദ്ദുവാണ്. സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രി സ്ഥാനം പ്രതീക്ഷിച്ചിരുന്ന തന്നെ തഴഞ്ഞത് അമരീന്ദാറണെന്നാണ് സിദ്ദു കരുതുന്നത്. മന്ത്രിസ്ഥാനം നല്‍കിയെങ്കിലും അമരീന്ദറുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സിദ്ദു അത് രാജിവെച്ചിരുന്നു. ഒരിടവേളക്ക് ശേഷം തനിക്കെതിരെ അടുത്തിടെ രൂക്ഷ വിമര്‍ശനം നടത്തിയ സിദ്ദു ആം ആദ്മി പാര്‍ട്ടിയിലേക്ക് പോകാനിരിക്കുന്നുവെന്നാണ് അമരീന്ദര്‍ പ്രതികരിച്ചത്. ഇത് സിദ്ദുവിനെ കൂടുതല്‍ പ്രകോപിപ്പിച്ചിരുന്നു.






