
ന്യൂഡല്‍ഹി : ന്യൂനപക്ഷ ക്ഷേമപദ്ധതിയിലെ ഹൈക്കോടതി വിധിയില്‍ ആശങ്കയറിയിച്ച് ലത്തീന്‍ സഭ. ന്യൂനപക്ഷത്തിലെ പിന്നോക്ക വിഭാഗം തഴയപ്പെടാന്‍ സാധ്യതയുണ്ടെന്നും മുന്നോക്ക വിഭാഗവുമായി തങ്ങള്‍ക്ക് മത്സരിക്കാന്‍ കഴിയില്ലെന്നും കേരള റീജിയന് ലാറ്റിന്‍ കാത്തലിക്ക് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി തോമസ് തറയില്‍ പറഞ്ഞു. സര്‍ക്കാര്‍ ഉത്തരവുകള്‍ മുഴുവനായി തള്ളിയ ഹൈക്കോടതി നടപടി ആശങ്കയുണ്ടാക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
വിധി സ്വാഗതം ചെയ്തുള്ള കെസിബിസിയുടെ നിലപാട് പൂര്‍ണമല്ല. 80:20 റദ്ദാക്കാനായി കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ ലത്തീന്‍ കത്തോലിക്കരുടെയും പരിവര്‍ത്തിത കത്തോലിക്കരുടെയും അവകാശങ്ങള്‍ റദ്ദാക്കാനവശ്യപ്പെട്ടത് സംശയാസ്പദമാണെന്നും ലത്തീന്‍ കത്തോലിക്ക സഭ പറയുന്നു. അടുത്ത മാസം ആരംഭിക്കുന്ന കെസിബിസി സമ്മേളനത്തില്‍ പ്രതിഷേധ രേഖപ്പെടുത്താനാണ് ലത്തീന്‍ കത്തോലിക്കാ സഭ ഒരുങ്ങുന്നത്.
വിധിയെ അപ്പാടെ സ്വാഗതം ചെയ്യാന്‍ ഞങ്ങള്‍ക്ക് പറ്റില്ല. ന്യൂനപക്ഷത്തില്‍ തന്നെ വിഭാഗമുണ്ട്. അവരാണ് ലത്തീന്‍ കത്തോലിക്കാ വിഭാഗവും പരിവര്‍ത്തിത കത്തോലിക്കാ വിഭാഗവും. അവരെയെല്ലാം ഒരേപോലെ പരിഗണിക്കുമ്പോള്‍ മുന്നോക്ക വിഭാഗങ്ങളുമായി മത്സരിച്ച് ഈ ആനുകൂല്യങ്ങള്‍ നേടാന്‍ കഴിവുള്ളവരല്ല. മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത് അതിനെക്കുറിച്ച് പഠിച്ചിട്ട് നടപടിയെടുക്കുമെന്നാണ്. ആ പഠനത്തില്‍ ഞങ്ങളുടെ ഈ ആശങ്ക കൂടി ഞങ്ങള്‍ അറിയിക്കുന്നതാണ് അതു കൂടെ പരിഗണിക്കണെന്നതാണ് ഞങ്ങളുടെ ആവശ്യം,' തോമസ് തറയില്‍ പറഞ്ഞു.






