
തിരുവനന്തപുരം : സര്‍ക്കാരിന്റെ നയ പ്രഖ്യാപനം ഒട്ടു പുതുമയില്ലാത്താണെന്നും കഴിഞ്ഞ സര്‍ക്കാരിന്റെ ആഭ്യന്തര ഭരണം പരാജയമായിരുന്നെന്നും ഇത്തവണ മാറ്റമുണ്ടാവുമെന്ന് നയപ്രഖ്യാപനത്തില്‍ പറയുന്നില്ലെന്നും നിയമസഭയില്‍ കെകെ രമ.
നയപ്രഖ്യാപനം ഒട്ടും പുതിയതല്ല. കഴിഞ്ഞ സര്‍ക്കാരിന്റെ തുടര്‍ച്ചയാണ് ഈ സര്‍ക്കാരെന്ന് അവകാശപ്പെടുന്ന ഭരണപക്ഷം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷവും കേരളത്തിലെ വിവിധ ജനകീയ പ്രസ്ഥാനങ്ങളുമൊക്കെ മുന്നോട്ട് വെച്ച, കൃത്യമായി ചൂണ്ടിക്കാട്ടിയ നിരവധി വിമര്‍ശനങ്ങളുണ്ട്. അതില്‍ പുതിയ സര്‍ക്കാരിന്റെ നയമെന്തെന്ന് വ്യക്തമാക്കിയിട്ടില്ല. ഉദാഹരണത്തിന് കേരളത്തിലെ ആഭ്യന്തര വകുപ്പിന്റെ നയം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ലോക്കപ്പ് കൊലകള്‍, വ്യാജ ഏറ്റുമുട്ടലുകള്‍, പിഞ്ചുകുട്ടികളുടെ പീഡനക്കേസുകള്‍ പോലും അട്ടിമറിക്കപ്പെട്ടത്, ചെറുപ്പക്കാരുടെ മേല്‍ ചുമത്തപ്പെട്ട ഭീകരമായ യുഎപിഎ പോലുള്ള നിയമങ്ങള്‍ തുടങ്ങി അപമാനകരമായ അനുഭവങ്ങളുടെ ഒരു ഘോഷയാത്രയായിരുന്നു. പുതിയ നയപ്രഖ്യാപനത്തില്‍ പൊലീസിന്റെ നയം ഇതില്‍ നിന്നും വ്യത്യസ്തമാണ് എന്ന് പ്രഖ്യാപിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നും രമ പറഞ്ഞു.
ഈ സര്‍ക്കാരിന്റെ വികസന നയം എന്താണ്. കെ റെയില്‍ പോലുള്ള തികച്ചും ജനവിരുദ്ധമായ മൂലധന അധിഷ്ഠിതമായ ആയിരക്കണക്കിന് മനുഷ്യരെ കിടപ്പാടങ്ങളില്‍ നിന്നും ആവാസ വ്യവസ്ഥകളില്‍ നിന്നും പുറംതള്ളി കേരളത്തിന്റെ തെക്കു വടക്കായി നിര്‍മ്മിക്കാന്‍ പോവുന്ന ഈ അതിവേഗ റെയില്‍ പദ്ധതി കേരളത്തിന്റെ അവശിഷ്ട പ്രകൃതി സമ്പത്തുകളെ പോലും നശിപ്പിക്കുമെന്നും കേരളത്തിന്റെ സാമ്പത്തിക പദ്ധതിക്ക് പ്രായോഗികമല്ലെന്നും പൊതുഖജനാവിന് കോടിക്കണക്കിന് രൂപ ബാധ്യത വരുത്തുമെന്നും ഇടതുപക്ഷ സഹയാത്രികരുള്പ്പെടെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 65000 കോടി രൂപ ചെലവഴിച്ചാണ് ഈ പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത്. 1082 ഹെക്ടര്‍ ഭൂമി ഏറ്റെടുത്ത് കൊണ്ടാണ് ഈ പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത്. കാസര്‍കോടു നിന്നും തിരുവനന്തപുരത്തേക്ക് നാലു മണിക്കൂര്‍ കൊണ്ട് വരാന്‍ ആരാണ് താല്പര്യം കാണിക്കുന്നത്. അവര്‍ക്ക് വേണ്ടിയിട്ടാണോ ഈ പാവങ്ങളെ കുടിയൊഴിപ്പിച്ചു കൊണ്ടുള്ള ഈ പദ്ധതി നടപ്പാക്കുന്നത് എന്ന് വ്യക്തമാക്കിയിട്ടില്ല.
വികസന പ്രവര്ത്തനത്തിനെല്ലാം മാന്ത്രികക്കുടം പോലെ കിഫ്ബിയെ അവതരിപ്പിക്കുകയാണ് സര്‍ക്കാര്‍. പുതിയ വരുമാന ശ്രോതസ്സല്ല വര്‍ഷങ്ങളായി കേരളത്തിന്റെ നികുതി വരുമാനമടക്കം ആഗോള ധനകാര്യ ശക്തികള്‍ക്ക് വന്‍ പലിശയ്ക്ക് പണയപ്പെടുത്തിയ വായ്പാക്കെണിയാണ് കിഫ്ബിയെന്ന് തുറന്നു പറയാന്‍ തയ്യാറാവാത്ത ഈ നയപ്രഖ്യാപനം തീര്‍ച്ചയായും വഞ്ചനയാണ്. ഗീത ഗോപിനാഥിനെ പോലുള്ള വേള്‍ഡ് ബാങ്ക് പോലുള്ള സാമ്പത്തിക വിദഗ്ധരെ ഉപദേശികളാക്കുന്ന ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ മണിയെടുക്കുന്നവരെ വിപ്ലവം പോലെ ആഘോഷിക്കുന്നവപരെ എങ്ങനെയാണ് ഇടതുപക്ഷ സര്‍ക്കാര്‍ എന്നു വിളിക്കുക,' കെകെ രമ നിയമസഭയില്‍ പറഞ്ഞു.






