
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണപ്പാളി കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ട അന്വേഷണം അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. അന്തിമ റിപ്പോര്‍ട്ട് തിങ്കളാഴ്ച സമര്‍പ്പിക്കാനിരിക്കെ, കേസില്‍ നിര്‍ണ്ണായക വിവരങ്ങള്‍ തേടി പ്രത്യേക അന്വേഷണ സംഘം മുന്‍ മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും ചോദ്യം ചെയ്തു. നീണ്ട മാരത്തണ്‍ ചോദ്യം ചെയ്യലാണ് നടത്തിയതെന്നാണ് വിവരം.
പൊലീസ് ആസ്ഥാനത്ത് വെച്ച് നടന്ന വിശദമായ ചോദ്യം ചെയ്യലിന് എഡിജിപി എച്ച്. വെങ്കിടേഷ് നേരിട്ടാണ് നേതൃത്വം നല്‍കിയത്. ഏകദേശം എട്ട് മണിക്കൂറോളമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ അന്വേഷണസംഘം ചോദ്യം ചെയ്തത്. 2019-ല്‍ നടന്ന സ്വര്‍ണ്ണക്കവര്‍ച്ചാ കേസിന് പുറമേ, 2025-ലും സമാനമായ രീതിയില്‍ ശബരിമലയില്‍ നിന്ന് സ്വര്‍ണ്ണപ്പാളികള്‍ പുറത്തേക്ക് കടത്താന്‍ ശ്രമം നടന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ പുതിയ കണ്ടെത്തലുകളില്‍ വ്യക്തത വരുത്തുന്നതിനാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും വിളിച്ചുവരുത്തിയത്.
ഹൈക്കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കുന്നതിന് മുന്നോടിയായി, ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിനായി എസ്.ഐ.ടി സന്നിധാനത്ത് വീണ്ടും പരിശോധന നടത്തിയിരുന്നു. മിഥുനമാസ പൂജകള്‍ക്കായി നട തുറന്ന വേളയില്‍ തിരുവാഭരണ കമ്മീഷണറുടെ സാന്നിധ്യത്തിലായിരുന്നു ഈ നടപടി.
സന്നിധാനത്തെ അര്‍ദ്ധരാത്രി പരിശോധനയും തൂക്കം തിട്ടപ്പെടുത്തലും നടത്തി. ശ്രീകോവിലിനുള്ളിലെ പ്രഭാമണ്ഡലവും കട്ടിളപ്പാളിയും ഇളക്കിയെടുത്തു. ലീഗല്‍ മെട്രോളജി വിഭാഗത്തിന്റെ സഹായത്തോടെ ഇവയുടെ കൃത്യമായ തൂക്കം പരിശോധിച്ചു തിട്ടപ്പെടുത്തി. ഈ വിഷയത്തില്‍ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ഉള്‍പ്പെടെയുള്ളവരെ എസ്.ഐ.ടി നേരത്തെ ചോദ്യം ചെയ്തിരുന്നു.






