
തിരുവനന്തപുരം : ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒമ്പതാംപ്രതിയ്ക്ക് ജാമ്യം നല്‍കിയ നടപടിക്കെതിരേ ഇ.ഡി. ഹൈക്കോടതിയെ സമീപിക്കുന്നു. കേസിലെ ഒമ്പതാംപ്രതി ഹരീഷ്‌കുമാറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇ.ഡി.യുടെ അസാധാരണനീക്കം. പ്രോസിക്യുട്ടര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നാണ് ആക്ഷേപം. പോലീസിന്റെ നിലപാടിനോട് യോജിക്കാതെ പ്രതികളുമായി ഒത്തുകളിച്ചെന്നും പറഞ്ഞു.
ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഒന്‍പതാം പ്രതി ഹരീഷ്‌കുമാറിന് ജാമ്യം ലഭിച്ചതില്‍ സര്‍ക്കാര്‍ പ്രോസിക്യൂട്ടര്‍ ടി. ഗീനാകുമാരിക്കെതിരേ ആരോപണം. ജാമ്യാപേക്ഷയെ എതിര്‍ത്ത് പോലീസ് കഴിഞ്ഞ 18-ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും 24-ന് കോടതി മുമ്പാകെ റിപ്പോര്‍ട്ടിന് അനുസൃതമായ വാദമല്ല പ്രോസിക്യൂട്ടര്‍ നടത്തിയത്. പ്രതിയുടെ കസ്റ്റഡി തുടരേണ്ടതില്ലെന്ന നിലപാടാണു പ്രോസിക്യൂഷന്‍ സ്വീകരിച്ചതെന്നും പോലീസ് ആരോപിക്കുന്നു. ജാമ്യത്തെ എതിര്‍ക്കാന്‍ 13 കാരണങ്ങളാണ് പോലീസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്.
അന്വേഷണം നിര്‍ണായകഘട്ടത്തിലാണെന്നും പ്രതിയെ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ട സാഹചര്യമുണ്ടെന്നും സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകള്‍ നശിപ്പിക്കാനോ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി. ജാമ്യാപേക്ഷ പരിഗണിച്ച ദിവസം അന്വേഷണോദ്യോഗസ്ഥനെ പ്രോസിക്യൂട്ടര്‍ അറിയിച്ചില്ലെന്നും കേസ് ഡയറിയോ അന്വേഷണപുരോഗതി രേഖകളോ ആവശ്യപ്പെട്ടില്ലെന്നും പോലീസ് പറയുന്നു.
വാദത്തിനു മുമ്പ് അന്വേഷണോദ്യോഗസ്ഥനുമായി കൂടിയാലോചന നടത്തിയില്ല. വിവാദത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി. ആസഫ് അലി റിപ്പോര്‍ട്ട് തേടി. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ അന്വേഷണോദ്യോഗസ്ഥനു നിര്‍ദേശം നല്‍കി. പ്രോസിക്യൂട്ടറുടെ നിലപാടില്‍ അന്വേഷണമാവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മിഷണര്‍ സംസ്ഥാനസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വസതിക്കു മുന്നില്‍ ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 25 സി.പി.എം. പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു. ഇവരില്‍ ഒന്‍പതാംപ്രതിയായ മെഡിക്കല്‍ റെപ്രസന്റേറ്റീവ് ഹരീഷ്‌കുമാറിനാണ് 27 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിക്കുശേഷം ജാമ്യം ലഭിച്ചത്.ഗീനാകുമാരി മുന്‍സര്‍ക്കാര്‍ നിയമിച്ച ജില്ലാ പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്നു. യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരമേറ്റ് ഒരുമാസം പിന്നിട്ടിട്ടും മുന്‍സര്‍ക്കാര്‍ നിയമിച്ച പ്രോസിക്യൂട്ടര്‍മാര്‍ തുടരുകയാണ്.






