
തൃശൂര്‍ : കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ കെ അനീഷ് കുമാറിനെ നാളെ ചോദ്യം ചെയ്യും. നാളെ പോലിസ് ക്ലബ്ബില്‍ ഹാജരാകാന്‍ അന്വഷണസംഘം നിര്‍ദ്ദേശം നല്കി.
ബിജെപിക്ക് വേണ്ടി കൊണ്ടുവന്നതാണ് കുഴല്‍പ്പണമെന്ന് ധര്മ്മരാജന് പോലിസിനോട് പറഞ്ഞിരുന്നു. ധര്മ്മരാജന് തെരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്നുവെന്നും സംഘടനാപരമായ കാര്യങ്ങള്‍ സംസാരിക്കാനാണ് ധര്‍മ്മരാജനെ ഫോണില്‍ ബന്ധപ്പെട്ടതെന്നുമുള്ള ഗണേഷന്റെ വാദങ്ങളെ തള്ളിയാണ് ഇപ്പോള്‍ പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. ധര്മ്മരാജന് ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യാതൊരു ചുമതലയും വഹിച്ചിട്ടില്ലെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ധര്‍മ്മരാജനെ ഏല്‍പ്പിച്ചിരുന്നുവെന്നായിരുന്നു ഗണേഷന്റെ മൊഴി. എന്നാല്‍ ഇത് വാസ്തവമല്ലെന്ന് അന്വേഷണം സംഘം കണ്ടെത്തി.
ധര്‍മ്മരാജനുമായി പണത്തിന്റെ കാര്യങ്ങളൊന്നും സംസാരിച്ചിട്ടില്ലെന്ന ഗണേഷന്റെ മൊഴിയും അന്വേഷണ സംഘം തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊളിച്ചു. തെരഞ്ഞെടുപ്പ് സാമഗ്രികളും കൊണ്ടല്ല ധര്‍മ്മ രാജന് തൃശ്ശൂര്‍ എത്തിയതെന്നും അന്വേഷണസംഘം കണ്ടെത്തി. പുതിയ കണ്ടെത്തലുകള്‍ കൂടി പുറത്തുവന്നതോടെ ബിജെപി നേതൃത്വം കൂടുതല്‍ പ്രതിരോധത്തിലാകുകയാണ്.






