.jpg)
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത കുറഞ്ഞുവരികയാണെന്ന് കേന്ദ്ര സർക്കാർ. ഇന്ത്യയുടെ പകുതിയോളം പ്രദേശത്തും കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തില്‍ താഴെയാണെന്ന് റിപ്പോര്‍ട്ട്. രോഗ വ്യാപന തോതില്‍ സ്ഥിരത കൈവരിച്ചതായും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
'രാജ്യത്തെ പകുതിയോളം വരുന്ന 350 ജില്ലകളില്‍ നിലവില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തില്‍ താഴെയാണ്. 145 ജില്ലകളില്‍ അഞ്ചിനും പത്ത് ശതമാനത്തിനും ഇടയിലാണ് നിരക്ക്. ബാക്കിയുള്ള 239 ജില്ലകളിലാണ് പത്ത് ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ളത്.' ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശമനുസരിച്ച് ഒരു പ്രദേശത്ത് തുടര്‍ച്ചയായി രണ്ടാഴ്ചകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14 ദിവസമെങ്കിലും തുടര്‍ച്ചയായി അഞ്ചു ശതമാനത്തില്‍ താഴെയാണെങ്കില്‍ കോവിഡ് വ്യാപനം സ്ഥിരതയിലാണെന്ന് പറയാം.
ഏപ്രില്‍ ആദ്യ വാരത്തില്‍ ഇന്ത്യയിലെ 200 ല്‍ താഴെ ജില്ലകളില്‍ മാത്രമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി 10 ശതമാനത്തിന് മുകളില്‍. ഏപ്രില്‍ അവസാനത്തോടെ ഇത് 600 ജില്ലകളായി ഉയര്‍ന്നു.
'നമ്മള് ശരിയായ ദിശയിലേക്കാണ് നീങ്ങുന്നത്. പരിശോധനകളും ജില്ലാതലത്തിലെ നിയന്ത്രണങ്ങളും കാര്യങ്ങള്‍ എളുപ്പമാക്കി. എന്നിരുന്നാലും, ഇത് സുസ്ഥിര പരിഹാരമല്ല. ലോക്ക്ഡൗണുകളും മറ്റു നിയന്ത്രണങ്ങളും ലഘൂകരിക്കുന്നതിനുള്ള ഒരു സംവിധാനം നമ്മള് കണ്ടെത്തേണ്ടതുണ്ട്, അത് വളരെ ക്രമേണയും വളരെ സാവധാനത്തിലും ചെയ്യേണ്ടതാണ്'ഭാര്‍ഗവ പറഞ്ഞു.






