
തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് കെ. സുരേന്ദ്രനോടൊപ്പം സുരേഷ് ഗോപിയുടെ പങ്കു കൂടി അന്വേഷണ വിധേയമാക്കണമെന്ന് തൃശ്ശൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന പദ്മജ വേണുഗോപാല്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പദ്മജയുടെ പ്രതികരണം. കെ സുരേന്ദ്രനെപ്പോലെ തന്നെ സുരേഷ് ഗോപിയും ഹെലികോപ്റ്ററിലാണ് തൃശ്ശൂരില്‍ പ്രചരണത്തിനെത്തിയത് എന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു പദ്മജയുടെ ആവശ്യം. ഹെലികോപ്റ്ററില്‍ പൈസ കടത്തിയെന്ന് സംശയമുയരുന്നുണ്ട്.
കെ. സുരേന്ദ്രനെ മാത്രം അന്വേക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയോ? സുരേഷ് ഗോപിയുടെ കാര്യവും അന്വേക്ഷിക്കണ്ടേ? അദ്ദേഹവും ഇത് പോലെ ഹെലികോപ്റ്ററില്‍ ആണ് തൃശ്ശൂരില്‍ വന്നതും പോയതും. അതിലും പൈസ കടത്തിയിരുന്നോ എന്ന് ഇപ്പോള്‍ സംശയിക്കുന്നു. തെരഞ്ഞെടുപ്പ് ചിലവില്‍ ഇതെല്ലാം കാണിച്ചിട്ടുണ്ടോ ? ഇതും അന്വേക്ഷണ വിഷയമാക്കേണ്ടതല്ലേ ? എന്നായിരുന്നു പദ്മജയുടെ ഫേസ്ബുക്ക് കുറിപ്പ്.
അതേസമയം കേസന്വേഷണത്തിന്റെ ഭാഗമായി സുരേഷ് ഗോപിയുടെ മൊഴിയെടുത്തേത്തുമെന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്. സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ കേസിലെ പരാതിക്കാരനായ ധര്‍മ്മരാജനും സംഘവും എത്തിയെന്നതിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപിയുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം ആലോചിക്കുന്നത്. ഇതില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിനെകുറിച്ചും അന്വേഷിക്കും. ബിജെപി എ ക്ലാസ് മണ്ഡലമായിരുന്നു തൃശൂര്‍.






