
തിരുവനന്തപുരം: അഡ്മിന്സട്രേറ്ററുടെ ഭരണപരിഷ്ക്കാരങ്ങള്‍ക്കെതിരേ ലക്ഷദ്വീപ് ജനത വലിയ പ്രതിഷേധം ഉയര്‍ത്തുന്ന സാഹചര്യത്തില്‍. ഇന്ന് നടത്തുന്ന നിരാഹാര സമരം കടലിനടിയിലും നടത്തി ദ്വീപ് നിവാസികള്‍. വീടുകളിലും കയര്പായയിലും 12 മണിക്കൂര്‍ നീണ്ട സമരത്തില്‍ കടലിനടിയിലും പ്ലക്കാര്‍ഡ് പിടിച്ചു. ലക്ഷദ്വീപില്‍ ഉണ്ടാക്കുന്ന പുതിയ പരിഷ്ക്കാരത്തിനെതിരേ ശക്തമായ പ്രതിഷേധമാണ് ദ്വീപ് ജനത നടത്തുന്നത്.
പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ മാലദ്വീപിന് സമാനമായ വികസനം കൊണ്ടുവരാനെന്ന് അവകാശപ്പെട്ട് അനേകം ഭരണപരിഷ്ക്കാരങ്ങളാണ് ദ്വീപിന്റെ ഭരണചുമതലയുള്ള പ്രഫും ഘോഡാ പട്ടേല്‍ നടപ്പാക്കുന്നത്. എന്നാല്‍ തീരുമാനം ദ്വീപ് ജനതയ്ക്ക് ഇടയില്‍ വലിയ പ്രതിഷേധത്തിനും വിദ്വേഷത്തിനും കാരണമായിട്ടുണ്ട്. 2021 ല്‍ നടപ്പക്കിയ ലക്ഷദ്വീപ് ഡവലപ്മെന്റ് അതോറിറ്റി റഗുലേഷന് ദ്വീപിന്റെ സ്വാഭാവിക സംസ്ക്കാരത്തെയും പാരമ്പര്യത്തെയും ഇല്ലാതാക്കുമെന്നാണ് ദ്വീപ് ജനതയുടെ അഭിപ്രായം.
മാംസനിരോധനം ഉള്‍പ്പെടെ ദ്വീപില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നടപടികള്‍ മുസ്ളീം ഭൂരിപക്ഷമുള്ള തങ്ങളുടെ ഭക്ഷണരീതിയെ ബാധിക്കുമെന്നാണ് ദ്വീപുകാര്‍ കരുതുന്നത്. പുതിയ ഭരണാധികാരിയുടെ തീരുമാനങ്ങള്‍ ബുദ്ധിമുട്ടിക്കുന്നതാണെന്ന് വ്യക്തമാക്കി ദ്വീപിലെ വിരമിച്ച 93 ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്ക് കത്തെഴുതിയിരുന്നു. ദ്വീപ് നിവാസികളുടെ സാമൂഹ്യ ജീവിതത്തെ മാറ്റി വരയ്ക്കുമെന്നും ദ്വീപിന്റെ പരിസ്ഥിതിയെയും ബാധിക്കുമെന്ന് കത്തില്‍ പറഞ്ഞിരുന്നു.
പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ദ്വീപിലെ നടപടികള്‍ തല്ക്കാലം തടഞ്ഞു വെച്ചിരിക്കുകയാണ്. ലക്ഷദ്വീപിലെ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി ഒരു നിയമവും നടപ്പാക്കില്ലെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ലക്ഷദ്വീപ് എംപി മൊഹമ്മദ് ഫൈസല്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.






