
ന്യൂഡൽഹി: കൊവിഡ് വാക്സീൻ സൗജന്യമാക്കുന്നതിനും റേഷൻ വിതരണത്തിനും ആയി ഈ വർഷം 80,000 കോടി രൂപ വകയിരുത്തുമെന്ന് കേന്ദ്രസര്‍ക്കാർ. വാക്സിൻ വിതരണം പൂർണമായി സൗജന്യമാക്കാൻ സാധിക്കില്ലെന്ന കേന്ദ്ര നിലപാടിനെതിരെ സുപ്രീം കോടതിയുടെ ശക്തമായ ഇടപെടലാണ് സൗജന്യ വാക്സീൻ പ്രഖ്യാപനമുണ്ടായത്. എന്നാൽ ബജറ്റിൽ പ്രഖ്യാപിച്ച 35,000 കോടി രൂപ ഇതിന് മതിയാകില്ലെന്നാണ് സര്‍ക്കാര്‍ ഇപ്പോൾ വിലയിരുത്തുന്നത്. ഡിസംബറോടെ എല്ലാവർക്കും വാക്സീൻ നല്കാൻ 50,000 കോടി രൂപ വരെ ചിലവ് വരുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് ജൂൺ വരെ സൗജന്യ റേഷൻ നല്കാൻ 26,000 കോടി രൂപയാണ് സർക്കാർ നേരത്തെ മാറ്റിവച്ചത്. നവംബർ വരെ ഇത് നല്കാൻ തീരുമാനിച്ചതോടെ 90,000 കോടി രൂപയെങ്കിലും ഇതിന് വേണ്ടി വരും. അതായത് വാക്സീൻ റേഷൻ ചെലവുകൾ കൂടിയതോടെ ബജറ്റിനെക്കാൾ 80,000 കോടി രൂപ ഈ വർഷം സര്‍ക്കാരിന് കണ്ടെത്തേണ്ടി വരുമെന്നാണ് വിലയിരുത്തൽ.
സ്വകാര്യ ആശുപത്രികൾ വഴി നല്കുന്ന കൊവാക്സിന് ഒരു ഡോസിന് വില 1410 രൂപയായി സർക്കാർ നിശ്ചയിച്ചിട്ടുണ്ട് . കൊവിഷീൽഡിന് 780 രൂപയും സ്പൂട്നിക്കിന് 1145 രൂപയുമാണ് കണക്കാക്കുന്നത്. സ്വകാര്യ ആശുപത്രികൾക്ക് നിശ്ചയിച്ച 25 ശതമാനം ക്വാട്ടയിൽ കൂടുതൽ വാക്സീൻ അവർക്കു കിട്ടുന്നുണ്ടോ എന്ന് നിരീക്ഷിക്കും. ദേശീയ ആരോഗ്യ പോർട്ടൽ വഴിയാകും ഇത് നിരീക്ഷിക്കുക.






