
തിരുവനന്തപുരം : സംസ്ഥാനത്ത് പൊതുമേഖലാ സ്ഥാപനങ്ങള്‍ ആവശ്യത്തിന് നെല്ല് സംഭരിച്ചില്ലെന്ന് സിഎജി. നെല്ല് സംസ്കരണ ശേഷി കാര്യമായി ഉപയോഗിച്ചില്ല. 21.85 കോടി രൂപയ്ക്ക് സ്ഥാപിച്ച ശേഷി ഉപയോഗിച്ചില്ല. വിതരണം ചെയ്തത് ഉല്‍പ്പാദിപ്പിച്ച അരിയുടെ തുച്ഛമായ അളവ് മാത്രമാണ്. പൊതുവിതരണ സംവിധാനത്തിലൂടെ കാര്യമായി അരി വിതരണം ചെയ്തില്ല. കര്‍ഷകര്‍ക്ക് ന്യായവിലയും ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ അരിയും ലഭിച്ചില്ലെന്നും സിഎജി കുറ്റപ്പെടുത്തി.
അതേസമയം, പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലാണെന്ന് സി.എ.ജി വ്യക്തമാക്കി. 574.49 കോടി ലാഭവിഹിതം ഉണ്ടാക്കിയെന്നാണ് കണക്കുകള്‍. കെ.എസ്.എഫ്.ഇ, കെ.എം.എം.എല്‍, ബിവറേജസ് കോര്പ്പറേഷന് എന്നിവയാണ് വലിയ നേട്ടം ഉണ്ടാക്കിയത്. എന്നാല്‍, 58 പൊതുമേഖലാ സ്ഥാപനങ്ങള്‍ 1796.55 കോടിയുടെ നഷ്ടമുണ്ടാക്കി.
1431 കോടി നഷ്ടവുമായി കെ.എസ്.ആര്.ടി.സിയാണ് ഇതില്‍ മുന്നില്‍. പ്രവര്‍ത്തനരഹിതമായ 16 പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ സി.എ.ജിയുടെ ശുപാര്‍ശയുണ്ട്. പരിശോധന റിപ്പോര്‍ട്ടുകളും ഓഡിറ്റ് നിരീക്ഷണ റിപ്പോര്‍ട്ടുകളും തീര്‍പ്പാക്കുന്നതില്‍ ധനവകുപ്പിന് വീഴ്ചയുണ്ടെന്നും സി.എ.ജി വ്യക്തമാക്കുന്നു.






