
കൊച്ചി : ഫ്ളാറ്റില്‍ യുവതിയെ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതിയായ മാര്ട്ടിന് ജോസഫ് അറസ്റ്റില്‍. തൃശൂര്‍ മുണ്ടൂരിലെ ഒളിത്താവളത്തില്‍ നിന്നാണ് മാര്‍ട്ടിനെ പിടികൂടിയത്. മാര്‍ട്ടിനെ കണ്ടെത്തുന്നതിന് പൊലീസ് ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് മാര്‍ട്ടിന്റെ സുഹൃത്തുക്കളായ ശ്രീരാഗ്, ജോണ്‍ജോയ്, ധനേഷ് എന്നിവരെ പിടികൂടിയിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുണ്ടൂര്‍ മേഖലയില്‍ പൊലീസ് തിരച്ചില്‍ നടത്തിയത്.
കണ്ണൂര്‍ സ്വദേശിനിയായ യുവതിക്കാണ് കൊച്ചിയിലെ ഫ്ളാറ്റില്‍ വച്ച് തൃശ്ശൂര്‍ സ്വദേശിയായ മാര്ട്ടിന് ജോസഫില്‍ നിന്നും ക്രൂരമായ പീഡനം ഏല്‍ക്കേണ്ടി വന്നത്. കഴിഞ്ഞ ലോക്ഡൗണ്‍ സമയത്താണ് മാര്‍ട്ടിനൊപ്പം യുവതി ഫ്ളാറ്റില്‍ താമസിക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെ മാര്‍ട്ടിനില്‍ നിന്നും നിരന്തരമായ ഉപദ്രവവും ലൈംഗികാതിക്രമവുമാണ് നേരിട്ടതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നത്. ശരീരത്തില്‍ പൊള്ളലേല്‍പ്പിക്കുക, ബെല്‍റ്റ് കൊണ്ടടിക്കുക, മൂത്രം കുടിപ്പിക്കുക, കണ്ണില്‍ മുളകുവെള്ളം ഒഴിക്കുക, ശരീരത്തില്‍ ചൂടുവെള്ളം ഒഴിക്കുക, തുടങ്ങിയ പീഢനങ്ങള്‍ തനിക്ക് മാര്ട്ടിന് ജോസഫില്‍ നിന്നും ഏല്‍ക്കേണ്ടി വന്നതായി പരാതിയില്‍ പറയുന്നു. യുവതിയുടെ ശരീരത്തിലെ പരിക്കുകളുടെ ചിത്രങ്ങളും പുറത്തു വന്നിരുന്നു.
ശാരീരിക ഉപദ്രവത്തിനു പുറമെ അഞ്ച് ലക്ഷം രൂപയും യുവതിയില്‍ നിന്ന് ഇയാള്‍ തട്ടിയെടുത്തിട്ടുണ്ട്. ഷെയര്‍ മാര്‍ക്കറ്റിലിട്ട് ലാഭം കിട്ടിയ ശേഷം തിരികെ തരാമെന്ന് പറഞ്ഞാണ് പ്രതി പണം വാങ്ങിയത്. എന്നാല്‍ പണം ഇയാള്‍ തിരികെ നല്‍കിയില്ലെന്നും പരാതിയുണ്ട്. ഇതിനിടെ, മാര്ട്ടിന് ജോസഫിനെതിരെ പുതിയ ഒരു കേസുകൂടി രജിസ്റ്റര്‍ ചെയ്തു. പീഡനത്തിന് ഇരയായെന്ന് പരാതി നല്കിയ യുവതിയുടെ സുഹൃത്തായ മറ്റൊരു യുവതിയോട് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. കൊച്ചി കാക്കനാട്ടെ ഫ്ളാറ്റില്‍ വച്ചുണ്ടായ സംഭവമാണ് പരാതിക്ക് അടിസ്ഥാനം.






