
ചെന്നൈ: തമിഴ്നാട്ടില്‍ ചിന്നമ്മയുടെ രാഷ്ട്രീയ പ്രവേശം സംബന്ധിച്ച അഭ്യൂഹങ്ങള്‍ വീണ്ടും സജീവമാകുന്നു. മെയ് അവസാന ആഴ്ച ശശികലയുടേത് എന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു ടെലിഫോണ്‍ സംഭാഷണം വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതോടെ ജയലളിതയുടെ എഐഎഡിഎംകെ തിരിച്ചുപിടിക്കാന്‍ ശശികല അണിയറയില്‍ അരയും തലയും മുറുക്കുകയാണെന്ന അഭ്യൂഹങ്ങളും ശക്തമാകുകയാണ്.
'പേടിക്കേണ്ട. ധൈര്യമായിരിക്കു...മഹാമാരിക്ക് ശേഷം താന്‍ വരും' ഈ രീതിയില്‍ ശശികല ഒരു പ്രവര്‍ത്തകനെ ആശ്വസിപ്പിക്കുന്നതിന്റെ വോയ്സ് ആണ് പ്രചരിക്കുന്നത്. എഐഎഡിഎംകെ തലൈവി ശശികല പാര്‍ട്ടി പ്രവര്‍ത്തകരെ ലക്ഷ്യമിട്ടാണ് വോയ്സ് നടത്തിയിരിക്കുന്നത് എന്നും വീണ്ടും പാര്‍ട്ടിയുടെ തലപ്പത്തേക്ക് വരുന്ന കാര്യത്തില്‍ സൂചന നല്‍കുന്നതാണ് ഇതെന്നും അഭ്യൂഹങ്ങളും പ്രചരിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
കേള്‍ക്കുന്നത് ശശികലയുടെ തന്നെ ശബ്ദമാണെന്ന് അവരുടെ ടീമിലുള്ളവര്‍ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. പാര്‍ട്ടി പ്രവര്ത്തകന് തങ്ങള്‍ കൂടെയുണ്ട് അമ്മ എന്നും പ്രതികരിക്കുന്നുണ്ട്. അതേസമയം മുന്‍ മുഖ്യമന്ത്രിയും എഐഎഡിഎംകെ യിലെ രണ്ടാമനുമായ എടപ്പാടി പളനിസ്വാമി വോയ്സിനെ തള്ളിയിട്ടുണ്ട്. എഎംഎംകെ പ്രവര്‍ത്തകനുമായിട്ടാണ് ശശികല സംസാരിക്കുന്നതെന്നും അതില്‍ എഐഎഡിഎംകെ പ്രവര്‍ത്തകര്‍ക്ക് ഒന്നും ചെയ്യാനില്ലെന്നും പളനിസ്വാമി പറഞ്ഞു. എന്നാല്‍ ഇപിഎസിനെ ലക്ഷ്യമിട്ട് ഒരു എഐഎഡിഎംകെ പ്രവര്‍ത്തകനുമായി ശശികല നടത്തുന്ന സംഭാഷണത്തിന്റെ മറ്റൊരു ഓഡിയോയുമുണ്ട്.
ശശികലയ്ക്ക് കത്തയച്ച പ്രവര്‍ത്തകര്‍ക്ക് വേണ്ടിയാണ് വോയ്സ് നടത്തിയതെന്നും മഹാമാരിയെ തുടര്‍ന്നുള്ള ലോക്ഡൗണ്‍ കാരണം മറുപടി എഴുതാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വോയ്സ് ഇട്ടതെന്നുമാണ് ശശികലയുടെ വൃത്തങ്ങള്‍ പറയുന്നു. ഇതൊരു പരീക്ഷണമാണോ എന്ന് വ്യക്തമല്ലെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകരിലേക്ക് ഇറങ്ങാനുള്ള ശശികലയുടെ നീക്കമായി പരിഗണിക്കപ്പെടുന്നുണ്ട്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നാലു വര്‍ഷം ജയിലില്‍ കിടന്ന ശശികല ജനുവരിയിലാണ് ജയില്‍ മോചിതയായത്.
കഴിഞ്ഞ ആറു വര്‍ഷമായി സജീവരാഷ്ട്രീയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു ശശികല. കഴിഞ്ഞ എഐഎഡിഎംകെ സര്‍ക്കാരിന്റെ കാലത്ത് നേതാക്കള്‍ പരിഗണിക്കാതെ വന്നതോടെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇവര്‍ രാഷ്ട്രീയത്തില്‍ നിന്നും താല്‍ക്കാലികമായി അകന്നു കഴിയുകയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഭരണം നഷ്ടമായ എഐഎഡിഎംകെ യില്‍ പിടിമുറുക്കാനുള്ള ശശികലയുടെ ശ്രമമായി വോയ്സിനെ വിലയിരുത്തുന്നുണ്ട്്.
തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ യുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാകണം എന്ന കാര്യത്തില്‍ ഇപിഎസും ഒ പനീര്‍ശെല്‍വവും തമ്മില്‍ ഉള്‍പ്പാര്‍ട്ടി പോര് നടന്നിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടി നേരട്ടെങ്കിലും 66 സീറ്റ് നേടാനായി. ഇതില്‍ കൂടുതല്‍ സീറ്റുകള്‍ ഇപിഎസ് വിഭാഗമാണ് നേടിയത്. ഒ പനീര്‍ ശെല്വല്വത്തിന്റെ തേവര് സമുദായത്തില്‍ നിന്നുമാണ് ശശികലയും വരുന്നതെങ്കിലും ജയലളിതയുടെ മരണത്തോടെ ജയിലില്‍ പോയ ശശികലയെ പിന്നീട് പനീര്‍ശെല്‍വവും ഇപിഎസും ചേര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും അകറ്റുകയായിരുന്നു.






