
തെലുങ്കാന: സംസ്ഥാനം വന്‍ കടത്തില്‍ മുങ്ങിത്താഴുമ്പോഴും തെലുങ്കാനയിലെ 32 അഡീഷണല്‍ ജില്ലാ കളക്ടര്‍മാര്‍ക്കും വന്‍ കോള്‍. സംസ്ഥാനം 40,000 കോടി രൂപ കടത്തില്‍ നില്ക്കുമ്പോള് മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവു കളക്ടര്‍മാര്‍ക്ക് വേണ്ടി വാങ്ങിയത് ഓരോന്നിനും 25 മുതല്‍ 30 ലക്ഷം വരെ വിലയുള്ള 32 കിയാ കാര്‍ണിവല്‍ കാര്‍. കോവിഡ് കാലത്ത് നടത്തിയ സാഹസത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത് വന്നു.
ഹൈദരാബാദില്‍ മുഖ്യമന്ത്രിയുടെ വസതിയായ പ്രഗതിഭവനില്‍ ചീഫ് സെക്രട്ടറി സോമേഷ്കുമാറിന്റെയും ഗതാഗതമന്ത്രി പൂവാട അജയ്കുമാറിന്റെയും സാന്നിദ്ധ്യത്തില്‍ മുഖ്യമന്ത്രി തന്നെ വാഹനം പരിശോധിച്ചു ബോദ്ധ്യപ്പെടുകയും ചെയ്തു. ബ്യൂറോക്രാറ്റുകളെ തൃപ്തിപ്പെടുത്താന്‍ മുഖ്യമന്ത്രി ക്രിമിനല്‍ നീക്കം നടത്തുകയായിരുന്നു എന്നാണ് ബിജെപി ആരോപിക്കുന്നത്. 32 അത്യാഡംബര കാര്‍ വാങ്ങിയതിലൂടെ 11 കോടി ചെലവഴിച്ചതിനെ എങ്ങിനെ മുഖ്യമന്ത്രിയ്ക്ക് ന്യായീകരിക്കാനാകുമെന്ന് ബിജെപി ചോദിക്കുന്നു.
മഹാമാരിയുടെ ദുരിതകാലത്ത് നാട്ടുകാര്‍ കോവിഡിന്റെ ചികിത്സാചെലവില്‍ കടംകൊണ്ട് നട്ടം തിരിയുമ്പോള്‍ പൊതുപ്പണം ഇങ്ങിനെ ധൂര്‍ത്തടിക്കാന്‍ മുഖ്യമന്ത്രിയ്ക്ക് ഒരു മടിയുമില്ലെന്നും പാര്‍ട്ടി വക്താവ് കൃഷ്ണ സാഗര്‍ റാവു ചോദിച്ചു. അചിന്തനീയവും ഭയാനകവുമായ തീരുമാനം പിന്‍വലിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടപ്പോള്‍ അഹങ്കാരം എന്നായിരുന്നു കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്.
സര്‍ക്കാരിന്റെ കാറുകള്‍ നല്ല കണ്ടീഷനില്‍ ആയിരിക്കെ സംസ്ഥാനം 4,00,00,00,00,000 കടക്കെണിയില്‍ നില്ക്കുമ്പോള് മുഖ്യമന്ത്രി സംസ്ഥാനത്തിന് കടം കൂട്ടിക്കൊടുക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. കോവിഡ് ലോക്ക്ഡൗണില്‍ സാമ്പത്തീക നഷ്ടം ഉണ്ടായതിനെ തുടര്‍ന്ന് തെലുങ്കാനയ്ക്ക് വരുമാനത്തില്‍ 4500 കോടിയാണ് നഷ്ടമെന്ന് അടുത്തിടെയാണ് ധനകാര്യമന്ത്രി ഹരീഷ് റാവു പറഞ്ഞിരുന്നു.
അതേസമയം കാര്‍ വാങ്ങലിനെ മുഖ്യമന്ത്രി ന്യായീകരിച്ചിട്ടുണ്ട്. അഡീഷണല്‍ കളക്ടര്‍മാക്ക് ജില്ലയില്‍ ഉടനീളം സഞ്ചരിച്ച് ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ഇത്തരം വാഹനങ്ങള്‍ ആവശ്യമുണ്ടെന്നാണ് ചന്ദ്രശേഖരറാവു പറയുന്നത്. തെലുങ്കാനയില്‍ 10 ജില്ലകള്‍ മാത്രം ഉണ്ടായിരുന്ന കാലത്ത് 2015 ല്‍ ജില്ലാകളക്ടര്‍മാര്‍ക്ക് തെലുങ്കാന സര്‍ക്കാര്‍ വാങ്ങിക്കൊടുത്തത് ടോയോട്ട ഫോര്‍ച്യൂണര്‍ ആയിരുന്നു.






