
തിരുവനന്തപുരം: കൊല്ലം പത്തനാപുരത്ത് കശുവണ്ടിമാവിന്‍ തോട്ടത്തില്‍ നിന്നും കണ്ടെത്തിയ ജലാറ്റിന്‍ സ്റ്റിക്കുകള്‍ സണ്‍ 90 ബ്രാന്റ് സ്റ്റിക്കുകളാണെന്നും തമിഴ്നാട്ടില്‍ നിന്നുമാണ് വന്നതെന്നും പോലീസ്. സ്ഫോടനശേഷിയില്ലാത്ത ഡിറ്റനേറ്ററുകള്‍ ബോംബ് നിര്‍മ്മാണ പരിശീലനത്തിന് വേണ്ടി കൊണ്ടുവന്നതായിരിക്കാമെന്നാണ് പോലീസ് കരുതുന്നത്.
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ സ്വകാര്യ കമ്പനിയില്‍ നിന്നുള്ളതാണ് ജലാറ്റിന്‍ സ്റ്റിക്കുകള്‍. ബാച്ച് നമ്പര്‍ ഇല്ലാത്തതിനാല്‍ വിറ്റത് ആര്‍ക്കെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതോടെ അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങുകയാണ് എടിഎസ്. കൊല്ലം പത്തനംതിട്ട അതിര്‍ത്തിയില്‍ ഉള്‍ക്കാട്ടില്‍ തീവ്രവാദ പരിശീലന ക്യാമ്പ് നടന്നിരിക്കാമെന്ന സംശയത്തിലാണ് അന്വേഷണ സംഘം.
അന്യ സംസ്ഥാനത്ത് നിന്നുപോലും ആള്ക്കാര് ക്യാമ്പില്‍ എത്തിയിരുന്നതായിട്ടാണ് പോലീസ് സംശയിക്കുന്നത്. മൂന്നാഴ്ച മുമ്പാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. വനം വകുപ്പിന്റെ അധീനതയിലുള്ള ഫോറസ്റ്റ് ഡെവലപ്മെന്റ് കോര്‍പറേഷന്റെ കശുമാവിന് തോട്ടത്തില്‍ പോലീസും വനം വകുപ്പും ബോംബ് സ്ക്വാഡും നടത്തിയ സംയുക്ത പരിശോധനയിലാണ് ബോംബ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന ജലാറ്റിന്‍ സ്റ്റിക്ക്, ഡിറ്റണേറ്റര്‍, ബാറ്ററി, വയറുകള്‍ എന്നിവ കവറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ഉത്തര്‍പ്രദേശില്‍ എന്‍.ഐ.എ. അറസ്റ്റ് ചെയ്ത മലയാളികളെ ചോദ്യംചെയ്തതില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് പരിശോധന നടത്തിയത്. പത്തനാപുരത്തിന് പിന്നാലെ കോന്നിയിലും ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയിരുന്നു. കോക്കാത്തോട്, വയക്കര പ്രദേശത്തു നിന്നും ചെളിക്കുഴിയില്‍ പൂണ്ട നിലയില്‍ ഒന്നര മാസം പഴക്കമുള്ള 96 ജലാറ്റിന്‍ സ്റ്റിക്കുകളാണ് കണ്ടെത്തിയത്.
രണ്ടു സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പത്തനാപുരം പാടം വനമേഖലയില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡും എന്‍.ഐ.എയും അന്വേഷണം നടത്തുന്നുണ്ട്. ഭീകര പ്രവര്‍ത്തനത്തിനു വേണ്ടിയാണ് ബോംബ് നിര്‍മാണ വസ്തുക്കള്‍ പ്രദേശത്ത് സൂക്ഷിച്ചതെന്ന നിഗമനത്തെത്തുടര്‍ന്നാണ് എന്‍.ഐ.എ. അന്വേഷിക്കുന്നത്.
ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പാടം വനമേഖലയില്‍ ഇരുന്നൂറോളംപേര്ക്കു വിവിധഘട്ടങ്ങളില്‍ പരിശീലനം നല്‍കിയതായും പാടത്തിനു പുറമെ കൂടല്‍ വനമേഖലയിലും വിധ്വംസകശക്തികള്‍ എത്തിയിരുന്നതായും തമിഴ്നാട് രഹസ്യാന്വേഷണ വിഭാഗം കേരളാ പോലീസിനെ അറിയിച്ചിരുന്നു.




