
മാഡ്രിഡ്: ഒന്നരപതിറ്റാണ്ട് സ്പാനിഷ് ക്ലബ്ബ് റയല്‍മാഡ്രിഡിന്റെ അവിഭാജ്യ ഘടകമായിരുന്ന സെര്‍ജിയോ റാമോസ് റയല്‍മാഡ്രിഡ് വിടുന്നു. താരം അടുത്ത സീസണില്‍ പിഎസ്ജിയുടെ ഭാഗമായേക്കും എന്നാണ് വിവരം. ലാലിഗയും ചാംപ്യന്‍സ് ലീഗും അടക്കം ഒട്ടേറെ കിരീടത്തിലേക്ക് റയലിന്റെയും സ്പെയിന്റെയും പ്രതിരോധം നയിച്ച റാമോസ് 16 വര്‍ഷം നീണ്ട ബന്ധമാണ് അവസാനിപ്പിക്കുന്നത്.
ബുധനാഴ്ച ക്ലബ്ബ് തന്നെയാണ് വിവരം പുറത്തുവിട്ടത്. വ്യാഴാഴ്ച ക്ലബ്ബ് പ്രസിഡന്റ് ഫ്ളോറന്റീനോ പെരസിനൊപ്പം റാമോസ് മാധ്യമങ്ങളെ വിടവാങ്ങല്‍ ഔദേ്യാഗികമായി അറിയിക്കും. 35 കാരന് താരത്തിന്റെ ക്ലബ്ബുമായുള്ള കരാര്‍ അവസാനിച്ചിരുന്നു. താരത്തെ നില നിര്‍ത്താന്‍ റയലിന് താല്‍പ്പര്യം ഉണ്ടായിരുന്നെങ്കിലും 10 ശതമാനം ശമ്പളം കുറച്ചു കൊണ്ടുള്ള ഒരു വര്‍ഷ കരാറില്‍ തുടരാന്‍ താരം വിസമ്മതിക്കുകയായിരുന്നു. 16 വര്‍ഷത്തെ റാമോസിന്റെ റയല്‍ മാഡ്രിഡിലെ കരാറില്‍ യറില്‍ ഈ സീസണാണ് റയലിന് കിരീടമില്ലാത്ത ഏക സീസണായിരുന്നു ഇത്. 2005 ല്‍ സെവില്ലയില്‍ നിന്നും 27 ദശലക്ഷം യൂറോയ്ക്കാണ് റാമോസ് റയലില്‍ എത്തിയത്.
റയലിന്റെ വെള്ളക്കുപ്പായത്തില്‍ 671 കളികളില്‍ നിന്നായി 101 ഗോളുകള്‍ നേടി. 26 ചുവപ്പ് കാര്‍ഡും താരം കണ്ടിട്ടുണ്ട്. 2015 ല്‍ താരം ക്ലബ്ബ് വിടുന്നതായി ചര്‍ച്ചകള്‍ വന്നിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നീണ്ട ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഗോള്‍കീപ്പര്‍ ഇകോര്‍ കസീയസ് ടീം വിട്ട ശേഷം നായകന്റെ ആംബാന്‍ഡ് അണിഞ്ഞ റാമോസ് ലാലിഗയില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ പ്രതിരോധക്കാരന് എന്ന പദവിയുമായാണ് ക്ലബ്ബ് വിടുന്നത്. സ്പെയിന് ദേശീയ ടീമിന് വേണ്ടിയും ഏറ്റവും കൂടുതല്‍ മത്സരിച്ച താരമാണ് റാമോസ്.
180 മത്സരം ചുവപ്പ് കുപ്പായമണിഞ്ഞ റാമോസ് 23 ഗോളുകളും ദേശീയ ടീമിനായി നേടിയിട്ടുണ്ട്. സ്പെയിനിലെ ഓള് ടൈം ഗോള്‍ സ്കോറര്‍മാരില്‍ എട്ടാം സ്ഥാനത്തും ഈ പ്രതിരോധതാരമുണ്ട്. ഈ യൂറോപ്യന്‍ കപ്പ് കളിച്ച ടീമില്‍ റാമോസിനെ എടുത്തിരുന്നില്ല. 2010 ലോകകപ്പും 2008, 2012 യൂറോപ്യന്‍ കപ്പും ഉയര്‍ത്തിയ ടീമിലെ പ്രതിരോധ ഭടനായിരുന്നു റാമോസ്. ലോകത്തെ ഏറ്റവും മികച്ച പ്രതിരോധക്കാരുടെ പട്ടികയില്‍ പെടുന്ന റാമോസ് 2016 മുതല്‍ തുടര്‍ച്ചയായി മൂന്ന് തവണ ചാംപ്യന്സ്ലീഗ് കിരീടം നേടിയ റാമോസ് 2014 ലും കിരീടം ഉയര്‍ത്തിയിരുന്നു.






