
ന്യൂഡല്‍ഹി: കുട്ടികളില്‍ കോവിഡ് പ്രതിരോധ വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണം ജൂലൈ മാസത്തോടെ ആരംഭിച്ചേക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. കുട്ടികളില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തുന്ന നൊവാവാക്സ് ഇന്ത്യയിലെ നാലാമത്തെ വാക്സിനാണ് . 6-12, 2-6 പ്രായത്തിലുള്ള കുട്ടികളിലും കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തും.
ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്ക് 12-18 വയസ്സുവരെ പ്രായമുള്ള കുട്ടികളില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ന്യൂഡല്‍ഹിയിലേയും പട്നയിലെയും എയിംസില്‍ നടക്കുന്ന ഈ പരീക്ഷണങ്ങളില്‍ 525 കുട്ടികളാണ് പങ്കെടുക്കുന്നത്. മൂക്കിലൂടെ നല്കുന്ന കോവിഡ് പ്രതിരോധ വാക്സിന്റെ പരീക്ഷണവും ഭാരത് ബയോടെക്ക് കുട്ടികളില്‍ നടത്തുന്നുണ്ട്.
സൈകോവ്-ഡി വാക്സിന് നിര്‍മാതാക്കളായ സൈഡസ് കാഡിലയും കുട്ടികളിലെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 12-18 പ്രായത്തിനിടയിലുള്ള കുട്ടികളിലാണ് ഇപ്പോള്‍ പരീക്ഷണം നടത്തുന്നത്. 5-12 പ്രായത്തിലുള്ള കുട്ടികളെയും ക്ലിനിക്കല്‍ പരീക്ഷണത്തിന് വിധേയമാക്കാന്‍ കമ്പനി ആലോചിക്കുന്നുണ്ട്. അമേരിക്കയില്‍ 12 വയസ്സ് മുതലുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്സിന് നല്‍കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. ജര്‍മനിയിലും 12-16 പ്രായത്തിലുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിന് നല്‍കുന്നുണ്ട്. പോളണ്ടിലും ഇറ്റലിയിലും 12-15 പ്രായത്തിലുള്ള കുട്ടികള്‍ക്ക് വാക്സിന് കൊടുക്കുന്നുണ്ട്.






