
ന്യൂഡല്‍ഹി: ജമ്മുവിലും കശ്മീരിലും രാഷ്ട്രീയ പ്രവര്‍ത്തനം പുനരാരംഭിക്കുക ലക്ഷ്യമിട്ട് പ്രധാനമന്ത്രി വിളിച്ച സര്വകക്ഷിയോഗത്തിലേക്കുള്ള ക്ഷണം കിട്ടിയിട്ടില്ലെന്ന് കശ്മീരിലെ നേതാക്കള്‍. ജൂണ്‍ 24 ലേക്കാണ് യോഗം വിളിച്ചിരിക്കുന്നത്. എന്നാല്‍ നാഷണല്‍ കോണ്‍ഫറന്‍സ്, പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി, കോണ്‍ഗ്രസ്, അപ്നി പാര്‍ട്ടി എന്നിവരെല്ലാം ക്ഷണം കിട്ടിയിട്ടില്ലെന്ന നിലപാടിലാണ്.
പ്രധാനമന്ത്രിയില്‍ നിന്നും വിളി വന്നതായി പിഡിപി നേതാവ് മെഹ്ബൂബ മുഫ്ത്തി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ പോകണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ ഞായറാഴ്ച പൊളിറ്റിക്കല്‍ അഫയര്‍ കമ്മറ്റി യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ പങ്കെടുക്കണോ വേണ്ടയോ എന്ന തീരുമാനം എടുക്കും. നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഫാറൂഖ് അബ്ദുള്ളയും യോഗം ചേര്‍ന്ന് തീരുമാനം എടുക്കാനുള്ള ഉദ്ദേശത്തിലാണ്.
ക്ഷണം കിട്ടിയിട്ടില്ലെന്നാണ് കോണ്‍ഗ്രസ് തലവന്‍ ജിഎ മിറും പ്രതികരിച്ചിട്ടുള്ളത്. ഇത്തരം എന്തെങ്കിലും അറിയിപ്പ് കിട്ടിയിട്ടുണ്ടോ എന്ന് ദേശീയ നേതൃത്വത്തോട് ചോദിക്കുമെന്നും പറഞ്ഞു. അതേസമയം നീക്കത്തെ സ്വാഗതം ചെയ്ത മിര്‍ അവസരം കിട്ടിയാല്‍ യോഗത്തില്‍ പങ്കെടുക്കുമെന്നും പറഞ്ഞു. തങ്ങളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ ജനങ്ങള്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും കിട്ടുന്ന മികച്ച അവസരമാണെന്നും ഔദ്യോഗിക ക്ഷണത്തിനായി കാക്കുകയാണെന്നുമാണ് അപ്നാ പാര്‍ട്ടി പറയുന്നത്.
ജമ്മു കശ്മീരില്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്ന കാര്യം തീരുമാനിക്കാനും 2019 ആഗസ്റ്റ് 5 ലെ തീരുമാനം പുനരവലോകനം ചെയ്യലുമാണ് ജൂണ്‍ 24 ലെ യോഗം കൊണ്ട് കേന്ദ്രം ഉദ്ദേശിക്കുന്നത്. മിക്കവാറും ഡല്‍ഹിയിലായിരിക്കും യോഗം ചേരുക. ജമ്മുവും കശ്മീരുമായി രണ്ടു കേന്ദ്രഭരണ പ്രദേശം ആക്കിയ ശേഷം നരേന്ദ്രമോഡിയ്ക്ക് കീഴില്‍ നടക്കുന്ന ആദ്യ സര്വകക്ഷിയോഗമായിരിക്കും ഇത്.






