
ന്യൂഡൽഹി: ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആക്രമണ സംഭവങ്ങളിൽ ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ട കേസിൽനിന്നും പിന്മാറി സുപ്രീം കോടതി ജഡ്ജി. ജസ്റ്റീസ് ഇന്ദിരാ ബാനർജിയാണ് കേസ് കേൾക്കുന്നതിൽനിന്നും പിൻമാറിയത്. ഈ കേസ് കേൾക്കാൻ തനിക്ക് താൽപര്യമില്ലെന്ന് ഇന്ദിരാ ബാനർജി പറഞ്ഞു. ഇന്ദിരാ ബാനർജി പിന്മാറിയതോടെ കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റും.
ഇരകളുടെ ബന്ധുക്കൾ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹർജികൾ രാഷ്ട്രീയ പ്രേരിതമാണെന്നും തള്ളണമെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. ബംഗാളിൽ തെരഞ്ഞെടുപ്പിന് ശേഷം നടന്ന എല്ലാ ആക്രമണങ്ങളും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാണാൻ കഴിയില്ലെന്നും ബംഗാൾ സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
രണ്ട് ബിജെപി പ്രവർത്തകരുടെ മരണവുമായി ബന്ധപ്പെട്ട് മൂന്നൂപേരെ അറസ്റ്റ് ചെയ്തതായും ബംഗാൾ സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. അതേ സമയം കൂട്ടബലാത്സംഗത്തിന്റെ ഇരകൾ അടക്കമാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഗുജറാത്ത് കലാപം അന്വേഷിച്ച രീതിയിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം, അല്ലെങ്കിൽ സിബിഐ അന്വേഷണം എന്നതാണ് ഇവരുടെ ആവശ്യം.






