
മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയ്ക്കും ബിജെപിയ്ക്കും ഇടയിലെ മഞ്ഞുരുകുന്നതായും കോണ്‍ഗ്രസും എന്‍സിപിയും ചേര്‍ന്ന തൂക്കു മന്ത്രിസഭ കര്‍ട്ടനിലേക്ക് നീങ്ങുന്നതായും സൂചനകള്‍. പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കഴിഞ്ഞദിവസം ഉദ്ധവ് താക്കറെ നടത്തിയ കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെ ശിവസേനാ നേതാവ് മന്ത്രിസഭയിലെ മറ്റൊരു കക്ഷിയായ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് രംഗത്ത് വരികയും ചെയ്തതാണ് പുതിയ അഭ്യൂഹത്തിന് കാരണം.
വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തനിയെ മത്സരിക്കുമെന്ന നേതാവ് നാനാ പട്ടേലിന്റെ വെളിപ്പെടുത്തലോട് കൂടി ശിവസേനയും കോണ്‍ഗ്രസും തമ്മില്‍ ചെറിയ ഇടര്‍ച്ച ആരംഭിച്ചിട്ടുണ്ട്. അതേസമയം തന്നെ നിലവിലെ മഹാവികാസ് അഘാഡി സര്‍ക്കാരിന് നല്‍കിവരുന്ന പിന്തുണ തുടരുമെന്നും ഈ സര്‍ക്കാര്‍ അഞ്ചു വര്‍ഷം തുടരുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ അഞ്ചുവര്‍ഷം നിലനില്ക്കാന് മുന്നണി പ്രതിജ്ഞാബദ്ധമാണെന്നാണ് ശിവസേനയും എന്‍സിപിയും പറഞ്ഞിരിക്കുന്നത്.
അധികാരം നഷ്ടപ്പെട്ട് പുറത്ത് നില്ക്കുന്നവര് കോണ്‍ഗ്രസ് എന്‍സിപി ശിവസേനാ സഖ്യത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത് വിലപ്പോവില്ലെന്ന് ശിവസേനാ നേതാവ് സഞ്ജയ് റൗത്ത് നേരത്തേ പറഞ്ഞിരുന്നു. ഈ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ തങ്ങള്‍ പിന്തുണയ്ക്കുമെന്ന് നേരത്തേ നാനാ പട്ടേലും പറഞ്ഞിരുന്നു. ബിജെപി അധികാരത്തില്‍ എത്താതിരിക്കാന്‍ മഹാവികാസ് അഘാഡിയുടെ ഭാഗമായി തുടരാനാണ് സോണിയാഗാന്ധി ആവശ്യപ്പെടുന്നതെങ്കിലും കോണ്‍ഗ്രസ് ഇതില്‍ ശാശ്വതമായി തുടരും എന്നര്‍ത്ഥമില്ലെന്നും പറഞ്ഞു.
ഈ സര്‍ക്കാരിനെ അഞ്ചുവര്‍ഷം തികയ്ക്കുന്ന കാര്യത്തില്‍ സോണി ശിവസേനാ നേതാക്കള്‍ക്ക് ഉറപ്പ് കൊടുത്തിട്ടുണ്ട്. അതുകൊണ്ട് അത് സംസഥാന കോണ്‍ഗ്രസ് തെറ്റിക്കില്ലെന്നും പറഞ്ഞു. 2019 ല്‍ ബിജെപിയുമായുള്ള ബന്ധം മുറിച്ചുകൊണ്ടാണ് ശിവസേന കോണ്‍ഗ്രസും എന്‍സിപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കിയത്. എന്നാല്‍ ശനിയാഴ്ച കോണ്‍ഗ്രസിനെ രൂക്ഷമായി ഉദ്ധവ് വിമര്‍ശിക്കുകയും ചെയ്തിരുന്നു. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഗണിക്കാതെ സ്വന്തം പാര്‍ട്ടിയില്‍ ഊന്നി മുമ്പോട്ട് പോയാല്‍ ജനങ്ങള്‍ ചെരുപ്പിനടിക്കുമെന്നായിരുന്നു ശിവസേനയുടെ സ്ഥാപകദിനത്തില്‍ ഉദ്ധവ് നടത്തിയ പരാമര്‍ശം. കോണ്‍ഗ്രസിന്റെ പേരെടുത്തായിരുന്നില്ല വിമര്‍ശനമെങ്കിലും അവരെ തന്നെ ലക്ഷ്യമിട്ടുള്ള വിമര്‍ശനമാണ് നടത്തിയതെന്ന സൂചനയായിരുന്നു അത്. ജനങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കുകയാണ് ശിവസേന പ്രഥമമായി നോക്കുന്നത്. മറ്റുളളവരുടെ ഭാരം ഏറ്റെടുക്കലല്ലെന്നും പറഞ്ഞു. ജൂണ്‍ 8 ന് പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ബിജെപിയെ വിമര്‍ശിക്കാനും ഉദ്ധവ് തയ്യാറായിട്ടില്ല.
രണ്ടു ദിവസം നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം ശിവസേനാ നേതാവ് പതിവ് പോലെ പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നതിന് പകരം അദ്ദേഹത്തെക്കുറിച്ച് നല്ലവാക്കുകള്‍ പറയുകയാണ് ചെയ്തത്. പ്രാദേശിക നേതാക്കളെ മുന്നില്‍ നിര്‍ത്തി വേണം സംസ്ഥാന തെരഞ്ഞെടുപ്പിനെ നേരിടാന്‍ എന്ന് ആര്‍എസ്എസ് ബിജെപിയ്ക്ക് നല്കിയ നിര്‍ദേശത്തെക്കുറിച്ചുള്ള ചോദ്യത്തിന് അതില്‍ അഭിപ്രായം പറയാനില്ലെന്നും കഴിഞ്ഞ ഏഴു വര്‍ഷമായി ബിജെപി എന്നാല്‍ മോഡിയാണ്. നിലവില്‍ ഇന്ത്യയിലെ ഏറ്റവും തലപ്പൊക്കമുള്ള നേതാവും മോഡി തന്നെയാണെന്നായിരുന്നു ഉദ്ധവിന്റെ മറുപടി.






