
കൊല്ലം: വിസ്മയ എന്ന യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കിരണ്‍കുമാറിനെ ഉടന്‍ അറസ്റ്റ് ചെയ്തേക്കും. വിസ്മയയുടെ ബന്ധുക്കളുടെ പരാതിയില്‍ ഇയാളെ ചോദ്യം ചെയ്യുകയാണ്. കൊലപാതകമാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട വിവിധ വശങ്ങള് പരിശോധിച്ച ശേഷമായിരിക്കും കിരണ്‍കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തുക എന്നാണ് വിവരം.
മകള്‍ വിസ്മയയെ ഭര്‍ത്താവ് കിരണ്‍കുമാറിന്റെ മാതാവും മര്‍ദ്ദിച്ചിട്ടുണ്ടെന്നും മദ്യവും ലഹരിവസ്തുക്കളും ഉപയോഗിച്ച ശേഷം മകളെ കിരണ്‍ മര്‍ദ്ദിക്കുന്നത് പതിവായിരുന്നെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. വിസ്മയയുടെ വീട്ടില്‍ വെച്ചും മകളെ കിരണ്‍ മര്‍ദ്ദിച്ചിരുന്നതായി പിതാവ് പറയുന്നു.
വിസ്മയയ്ക്ക് പഠിക്കാന്‍ പണം നല്‍കിയിരുന്നില്ലെന്നും പലപ്പോഴും മകള്‍ ഫോണ്‍വിളിച്ച് തന്നോട് പണം ചോദിച്ചിരുന്നതായിട്ടുമാണ് മാതാവ് പറഞ്ഞിരിക്കുന്നത്. ബന്ധുക്കളെ ഫോണ്‍ വിളിക്കാനും ഇയാള്‍ വിസ്മയയെ അനുവദിച്ചിരുന്നില്ല. അങ്ങിനെ ചെയ്താല്‍ ഫോണ്‍ എറിഞ്ഞു പൊട്ടിക്കും. ഇത്തരത്തില്‍ അഞ്ച് ഫോണോളം മകള്‍ക്ക് വിസ്മയയുടെ വീട്ടുകാര്‍ വാങ്ങി നല്‍കിയിരുന്നു എന്നും പറയുന്നു. കിരണ്‍ മയക്കുമരുന്നിനും അടിമയായിരുന്നു എന്നും ആരോപിച്ചിട്ടുണ്ട്.
വിസ്മയയുടെ വീട്ടുകാര്‍ ഇത് ഉപയോഗിക്കരുത് എന്ന് പറഞ്ഞപ്പോള്‍ അത് തന്റെ വ്യക്തിപരമായ കാര്യമാണെന്നായിരുന്നു കിരണ്‍ പറഞ്ഞതെന്നും പറയുന്നു. കഴിഞ്ഞ ജനുവരി മുതല്‍ വിസ്മയ മര്‍ദ്ദനം നേരിട്ടിരുന്നു എന്നും ഇക്കാര്യം തെളിയിക്കുന്ന അനേകം വാട്സ്ആപ്പ് ചാറ്റുകള്‍ തെളിവുകളായി ഉണ്ടെന്നും യുവതിയുടെ വീട്ടുകാര്‍ പറയുന്നു. കിരണ്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കാറുണ്ടായിരുന്നെന്നും അത് ഉപയോഗിച്ചു കഴിയുമ്പോഴാണ് പ്രശ്നം തുടങ്ങുന്നതെന്നുമാണ് വീട്ടുകാര്‍ ആരോപിക്കുന്നത്.
സ്ത്രീധനമായി നല്കിയ കാറിനു പകരം പണം മതിയെന്നു പറഞ്ഞു തര്‍ക്കങ്ങള്‍ പതിവായിരുന്നെന്നും വിസ്മയയുടെ ബന്ധുക്കള്‍ പറയുന്നു. വാഹന വായ്പയിലൂടെ വാങ്ങിയ കാര്‍ വില്‍ക്കാനാകില്ല എന്നറിഞ്ഞതോടെയാണ് മകളെ ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങിയതെന്നുമാണ് വീട്ടുകാര്‍ ആരോപിക്കുന്നത്. ബന്ധുക്കളുടെ പരാതി സംബന്ധിച്ച് കിരണ്‍കുമാറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു വരികയാണ്.
സ്ത്രീധന പീഡനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാകും അറസ്റ്റ് ചെയ്യുക. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് സ്ഥിരീകരിച്ചതിനും കൂടുതല്‍ പേരില്‍ നിന്നും മൊഴിയെടുക്കാനും ശൂരനാട് പോലീസ് ആലോചിക്കുന്നു. ഇതിനെല്ലാം ശേഷമായിരിക്കും അറസ്റ്റ് ഉണ്ടാകുക.
ഭര്‍ത്താവ് കിരണിന്റെ വീട്ടിലെ രണ്ടാം നിലയിലെ കിടപ്പ് മുറിയോട് ചേര്‍ന്ന ശുചിമുറിയുടെ വെന്റിലേഷനിലാണ് വിസ്മയയെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. കൊല്ലം ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തില്‍ ജോലി നോക്കുന്ന കിരണ്‍കുമാറും പന്തളം മന്നം ആയുര്‍വേദ കോളേജിലെ ബിഎഎംഎസ് നാലാം വര്‍ഷ വിദ്യാര്‍ഥിനിയാണ് വിസ്മയ.






