
തിരുവനന്തപുരം : സംസ്ഥാനത്തു ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ചകൂടി തുടരുമെങ്കിലും നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനം. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്) 16-ല്‍ താഴെയുള്ള തദ്ദേശസ്ഥാപനങ്ങളിലാണ് ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടരും. കോവിഡ് അവലോകനയോഗത്തിലെ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നാളെ മുതലാണു നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങളില്‍ പ്രവേശനം അനുവദിക്കുന്നത്. ആരാധനാലയങ്ങളില്‍ ഒരേസമയം 15 പേരില്‍ കൂടരുത്. നിലവില്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നില്ല. ഈ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്കു പ്രവേശനമില്ലെന്ന നിബന്ധനയോടെ ബാങ്കുകള്‍ക്കു പ്രവര്‍ത്തനാനുമതി നല്‍കും. ടി.പി.ആര്. 16-ല്‍ താഴെയുള്ള പ്രദേശങ്ങളില്‍ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും ബാങ്കുകളും 50% വരെ ജീവനക്കാരെയും ടി.പി.ആര് 16-24 പ്രദേശങ്ങളില്‍ 25% വരെ ജീവനക്കാരെയും ഉള്‍പ്പെടുത്തി പ്രവര്‍ത്തനം അനുവദിക്കും.
യോഗങ്ങള്‍ ഓണ്‍ലൈന്‍ മാത്രം. തമിഴ്നാട്ടില്‍ ലോക്ക്ഡൗണായതിനാല്‍ തമിഴ്നാട് അതിര്‍ത്തിക്ക് അടുത്തുള്ള മദ്യഷാപ്പുകള്‍ അടച്ചിടും. തമിഴ്നാട്ടില്‍നിന്ന് ഇടുക്കിയിലേക്ക് വരുന്നവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് ഫലം നിര്‍ബന്ധമാണ്.ഇനി നിയന്ത്രണങ്ങള്‍ കാറ്റഗറി അടിസ്ഥാനത്തിലായിരിക്കും. ഇതിനായി നാലു വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്.
എ വിഭാഗത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടു ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളായിരിക്കും. ബിയില്‍ എട്ടിനും 16 നുമിടയിലുള്ള സ്ഥലങ്ങളും സിയില്‍ 16 നും 24 നുമിടയിലുള്ള പ്രദേശങ്ങളും ഡിയില്‍ 24 ശതമാനത്തിനു മുകളിലുള്ള സ്ഥലങ്ങളും ഉള്‍പ്പെടും.
ഇന്ത്യയില്‍നിന്നു യു.എ.ഇയിലേക്കു പോകുന്ന യാത്രക്കാര്‍ പുറപ്പെടുന്നതിനു നാലുമണിക്കൂര്‍ മുമ്പെടുത്ത റാപ്പിഡ് ടെസ്റ്റ് റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി പുറത്തിറക്കിയ മാര്‍ഗരേഖയില്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും കോവിഡ് മോളിക്യുലാര്‍ ടെസ്റ്റിങ് ലബോറട്ടറി ആരംഭിക്കാന്‍ ആരോഗ്യവകുപ്പിന് നിര്‍ദേശം നല്കി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കര്‍ശനനിയന്ത്രണങ്ങളോടെ ടെലിവിഷന്‍ പരമ്പര ചിത്രീകരണത്തിന് അനുമതി നല്‍കും.
ഇന്‍ഡോര്‍ ചിത്രീകരണമാണ് അനുവദിക്കുക. മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി നല്കുന്ന കാര്യം ആലോചിക്കും. വാക്സിന് രണ്ടു ഡോസും എടുത്തവരെ അനുവദിക്കുന്ന കാര്യമാണ് പരിഗണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.






