
തിരുവനന്തപുരം: വൈദ്യുതി വിതരണം സ്വകാര്യവത്കരിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ നിർദേശത്തെ അംഗീകരിക്കാൻ സംസ്ഥാനസർക്കാർ തയ്യാറാകാത്ത സാഹചര്യത്തിൽ അധികവായ്പ എടുക്കാൻ പുതിയ മാർഗവുമായി വൈദ്യുതിബോർഡ്.
വൈദ്യുതിനിരക്ക് കൂട്ടുക എന്നതാണ് ഇതിനായുള്ള മാർഗം. കൂടാതെ, സർക്കാരിന്റെ കുടിശ്ശിക നൽകണമെന്നും ബോർഡ് സർക്കാരിനെ അറിയിച്ചതായി പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. കേന്ദ്രത്തിന്റെ നിർദേശങ്ങൾ പാലിക്കാൻ തയ്യാറായാൽ നാലു വർഷത്തേക്ക് വായ്പ ലഭിക്കും. അതുവഴി കേരളത്തിന് ഒരുവർഷം 4800 കോടിരൂപ അധികം ലഭിക്കും.
സ്വകാര്യവത്കരിക്കാതെയും സ്മാർട്ട് മീറ്ററിലേക്ക് മാറാതെയും പദ്ധതിയിൽ അർഹതനേടുന്നതിനുള്ള പ്രവർത്തനമികവ് ബോർഡിനുണ്ടെന്ന് ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള അറിയിച്ചു. അതെ സമയം, വൈദ്യുതി മേഖലാ പരിഷ്കാരത്തിന് കേന്ദ്രം അനുവദിക്കുന്ന അധികവായ്പ സംസ്ഥാന താത്പര്യത്തിന് ഗുണകരമാണെങ്കിൽ മാത്രമേ സ്വീകരിക്കൂവെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.






