ദുബായ് : ലോകത്തിലെ ഏറ്റവുംവലിയ കോവിഡ് ആർ.ടി. പി.സി.ആർ. ടെസ്റ്റിങ് ലാബുകളിലൊന്ന് ദുബായിൽ തുറക്കുന്നു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിന് സമീപമാണ് ഇൻഹൗസ് എയർപോർട് ടെസ്റ്റിംഗ് ലാബ് സജ്ജീകരിക്കുക.
വ്യോമഗതാഗതം സാധാരണഗതിയിലാവുന്നതിന് മുന്നോടിയായാണ് തയ്യാറെടുപ്പുകൾ. ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളം ആയതിനാൽ ഇനി തിരക്കും വർധിക്കാൻ ഇടയുണ്ട്. 15 മാസമായി ഭാഗികമായി മാത്രം പ്രവർത്തിച്ചിരുന്ന ദുബായ് വിമാനത്താവളം ടെർമിനൽ വൺ ബുധനാഴ്ച പൂർണശേഷിയിൽ തുറന്നുപ്രവർത്തിക്കും.
20,000 ചതുരശ്രയടിയിലുള്ള ലബോറട്ടറിയിൽ ഏറ്റവും നൂതന കോവിഡ് ആർ.ടി.പി.സി.ആർ ടെസ്റ്റിങ് ഉപകരണങ്ങളാണ് ഉപയോഗിക്കുക. ദുബായ് എയർപോർട്ട്, ഹെൽത്ത് അതോറിറ്റി, ലാബ് ഓപ്പറേറ്റർ പ്യുവർ ഹെൽത്ത് എന്നിവ സഹകരിച്ചാണ് ലാബ് പ്രവർത്തിക്കുക .പ്രതിദിനം ഒരു ലക്ഷം സാമ്പിളുകൾ ശേഖരിക്കാനും ഏതാനും മണിക്കൂറുകൾകൊണ്ടുതന്നെ ഫലങ്ങൾ നൽകാനും കഴിയുമെന്ന് എയർപോർട്ട് വക്താവ് അറിയിച്ചു.






