
സതാംപ്ടണ്: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനിടെ കിവീസ് താരങ്ങളെ അധിക്ഷേപിച്ചതിന് കാണികളെ പുറത്താക്കി. ചൊവ്വാഴ്ചയാണ് രണ്ട് കാണികളെ മൈതാനത്ത് നിന്നും പുറത്താക്കിയത്.
അഞ്ചാം ദിനം ഇന്ത്യയ്ക്കായി ഗാലറിയില്‍ നിന്ന് ആര്‍പ്പുവിളി ഉയരുന്നതിനിടെയാണ് താരങ്ങള്‍ക്ക് നേരെ അധിക്ഷേപം നടന്നതെന്നാണ് റിപ്പോര്‍ട്ട്.
താരങ്ങളെ അധിക്ഷേപിച്ച രണ്ടു കാണികളെ സുരക്ഷ സംഘം തിരിച്ചറിഞ്ഞ് ഉടന്‍ തന്നെ മൈതാനത്ത് നിന്ന് പുറത്താക്കുകയായിരുന്നു. ക്രിക്കറ്റില്‍ ഏതെങ്കിലും തരത്തിലുള്ള മോശം പെരുമാറ്റത്തെ ഒരു രീതിയിലും അംഗീകരിക്കില്ല എന്നും ഐസിസി വക്താവ് വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് ടിം സൗത്തിയോട് മത്സരശേഷം വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചപ്പോള്‍ ഗ്രൗണ്ടില്‍ എല്ലായ്പ്പോഴും നല്ല സ്പിരിറ്റോടെയാണ് കളിക്കുന്നതെന്നതെന്നും, ആദ്യമായി അതേക്കുറിച്ച് ഇപ്പോള്‍ അറിഞ്ഞുവെന്നും താരം പ്രതികരിച്ചു. ഫൈനല്‍ റിസര്‍വ് ദിനത്തില്‍ വിജയപ്രതീക്ഷ അസ്തമിച്ച ഇന്ത്യയ്ക്ക് തോല്‍വി ഒഴിവാക്കാന്‍ പൊരുതുക മാത്രമാണ് മാര്‍ഗം. അഞ്ചാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സെന്ന നിലയിലാണ് ഇന്ത്യ.






