
മുംബൈ: കോണ്‍ഗ്രസിനെ കൂടാതെ ഒരു മൂന്നാം മുന്നണിയെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാകില്ലെന്ന് എന്‍സിപി നേതാവ് ശരത്പവാര്‍. 12 ഓളം രാഷ്ട്രീയപാര്‍ട്ടികളുടെ യോഗം വീട്ടില്‍ വിളിച്ചതിന് പിന്നാലെയാണ് ശരദ്പവാറിന്റെ പ്രതികരണം. മൂന്നാമതൊരു മുന്നണിയെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ല എന്നും ഇനി അങ്ങിനെയൊരു രൂപീകരണം ഉണ്ടായാല്‍ അത് കോണ്‍ഗ്രസിനെയും ഉള്പ്പെടുത്തിക്കൊണ്ടുമാത്രമായിരിക്കുമെന്നും പറഞ്ഞു.
മൂന്നാം മുന്നണി രൂപീകരിക്കുന്നതിനെപ്പറ്റി രാഷ്ട്ര മഞ്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടില്ല എന്ന് പറയുമ്പോഴും സി.പി.ഐ.എം, സി.പി.ഐ., തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ആം ആദ്മി പാര്‍ട്ടി, ആര്.എല്‍.ഡി. തുടങ്ങിയ എട്ട് പാര്‍ട്ടിയുടെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. കര്‍ഷക സമരം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഹരിക്കപ്പെടാതെ നില്ക്കുന്ന സാഹചര്യത്തില്‍ ബിജെപിയ്ക്ക് എതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കേണ്ട സാഹചര്യം ഉണ്ട്. കര്‍ഷകര്‍ ആറുമാസമായി ഡല്‍ഹിയ്ക്ക് പുറത്ത് സമരം നടത്തുകയാണ്. അവര്‍ക്ക് ഒരു തരത്തിലുള്ള രാഷ്ട്രീയ പിന്തുണയും കിട്ടിയിട്ടില്ല.
ഈ വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിക്കണം എന്നാവശ്യപ്പെട്ട് ഒരുകൂട്ടം നേതാക്കള്‍ കഴിഞ്ഞദിവസം തന്നെ കാണാന്‍ എത്തിയിരുന്നു എന്നാണ് ശരദ്പവാര്‍ പറയുന്നത്. പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ ബിജെപിയ്ക്ക് ബദലായി ഒരു പുതിയ സഖ്യം രൂപപ്പെടുന്നതായി സാധാരണജനങ്ങള്‍ക്ക് തോന്നുക സ്വാഭാവികമാണെന്നും പറഞ്ഞു. അതേസമയം പ്രതിപക്ഷ സഖ്യത്തിന്റെ കാര്യത്തില്‍ ഒരു തരത്തിലുമുള്ള ചര്‍ച്ചകള്‍ ഇതുവരെ നടന്നിട്ടില്ല എന്നും ഇനി അങ്ങിനെ ഒന്നുണ്ടായാല്‍ കോണ്‍ഗ്രസ് ഒരു അവശ്യഘടകം തന്നെയാണെന്നും പറഞ്ഞു.
അതേസമയം ഒരു മൂന്നാം മുന്നണിക്കും നാലാം മുന്നണിക്കും ബി.ജെ.പിയെ വെല്ലുവിളിക്കാന്‍ കഴിയുമെന്ന് കരുതുന്നില്ലെന്നാണ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ പറഞ്ഞത്. നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ പ്രതിപക്ഷ മൂന്നാം മുന്നണിക്ക് വിജയിക്കാന്‍ കഴിയില്ല. നേരത്തെ തന്നെ പരീക്ഷിച്ച് പരാജയപ്പെട്ട പുരാതന ആശയത്തിന് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ പ്രസക്തിയില്ലെന്നായിരുന്നു പറഞ്ഞത്. മൂന്നാം മുന്നണി ഉണ്ടായാല്‍ ഒരു നേതാവിന് പകരം നേതാക്കളുടെ കൂട്ടമായിരിക്കും നയിക്കുക എന്നും ശരത്പവാര്‍ പറഞ്ഞു.






