Authored by Web Desk | Last updated: 27 Jun 2021, 6:47 PM | 1 min read
ആംസ്റ്റര്‍ഡാം: യൂറോ കപ്പ് ടൂര്‍ണമെന്റില്‍ ആദ്യ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിലാണ് വെയ്ല്‍സും ഡെന്മാര്ക്കും ശനിയാഴ്ച ഏറ്റുമുട്ടിയത്. സൂപ്പര്‍ താരം ഗാരത് ബെയ്ല് നയിക്കുന്ന വെയ്ല്‍സിനെ 4-0 ന് തകര്‍ത്ത് ഡെന്മാര്ക് ക്വാര്‍ട്ടര്‍ പ്രവേശം നേടുകയും ചെയ്തു. മൈതാനത്ത് കുഴഞ്ഞുവീണ് ചികിത്സയില്‍ കഴിയുന്ന ഡെന്മാര്ക് താരം ക്രിസ്റ്റിയണ് എറിക്സണ് ാദരം അര്‍പ്പിച്ചാണ് പോരാട്ടം കിക്കോഫ് കുറിച്ചത്.
ഡാനിഷ് മിഡ്ഫീല്‍ഡര്‍ ക്രിസ്റ്റിയണ് എറിക്സണായി ഫ്രെയിം ചെയ്തെടുത്ത വെയ്ല്‍സ് ജഴ്സി ഡെന്മാര്ക്കിന് കൈമാറിയാണ് വെയ്ല്‍സ് ഫുട്ബോള്‍ ലോകത്തിന്റെ ഹൃദയം കവര്‍ന്നത്.
ആംസ്റ്റര്‍ ഡാം അരീനയില്‍ നടന്ന പോരാട്ടത്തിന് മുമ്പ് വെയ്ല്‍സ് നായകന് ഗാരത് ബെയ്ല് ഫ്രെയിം ചെയ്തെടുത്ത 'വെയ്ല്‍സ്' ജഴ്സി ഡെന്മാര്ക്ക് സ്കിപ്പര്‍ സൈമണ്‍ ജാറിനാണ് കൈമാറിയത്. എറിക്സണിന്റെ പേരും ജഴ്സി നമ്പറും എഴുതിയ വെയ്ല്‍സിന്റെ ജഴ്സിയാണ് ഡാനിഷ് താരവും ഇന്റര്‍ മിലാന് മിഡ്ഫീല്‍ഡറുമായ എറിക്സണുവേണ്ടി വെയ്ല്‍സ് സമ്മാനിച്ചത്.
കോപ്പന്‍ഹേഗനിലെ പാര്‍ക്കന്‍ സ്റ്റേഡിയത്തില്‍ ഫിന്‍ലന്‍ഡിനെതിരെ നടന്ന പോരാട്ടത്തിന്റെ 43-ാം മിനിറ്റിലാണ് ഡെന്മാര്ക്ക് താരം ക്രിസ്റ്റിയണ് എറിക്സണ് കുഴഞ്ഞു വീണത്. ഉടന്‍ തന്നെ പ്രാഥമിക ചികിത്സ നല്കി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.