
ഡല്‍ഹി : മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിന് മുന്‍പ് ബിജെപി പരാജയം സമ്മതിക്കുന്നതിന് തുല്യമായ അതൃപ്തിയിലാണ് ഡല്‍ഹിയില്‍ പാര്‍ട്ടി. ഏഴുപതോളം നേതാക്കള്‍ ആം ആദ്മി പാര്‍ട്ടിയുമായി ചര്‍ച്ച നടത്തിയെന്നും, കഴിഞ്ഞ ദിവസം ഒരു കൗണ്‍സിലറുടെ പുറത്തുപോക്കും പാര്‍ട്ടിയിലെ ഭിന്നത വ്യക്തമാക്കുന്നതായി റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പിനായി പാര്‍ട്ടി സംസ്ഥാന നേതൃത്വം ഒരു തരത്തിലുള്ള തയ്യാറെടുപ്പും നടത്തുന്നില്ലെന്നാണ് ഒരു വിഭാഗം മുതിര്‍ന്ന നേതാക്കളുടെ പരാതി.
സംഘടനയെ ശക്തിപ്പെടുത്താന്‍ ഉത്തരവാദിത്തമുള്ള നേതാക്കളാരും പാര്‍ട്ടിയിലെ അസംതൃപ്തരുമായി സംസാരിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നില്ല. ഭൂരിഭാഗം അസംതൃപ്തരും സൗത്ത് ഡല്‍ഹിയില്‍ നിന്നുള്ളവരാണ്. ബ്രഹ്മപുരി വാര്‍ഡിലെ കൗണ്‍സിലര്‍ രാജ്കുമാര് ബല്ലന്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടും എന്താണ് പ്രശ്നമെന്ന ചര്‍ച്ച പോലും പാര്‍ട്ടിയില്‍ നടക്കുന്നില്ലെന്നാണ് പരാതി. തുടര്‍ച്ചയായ അവഗണനക്കെതിരെ ബിജെപി വക്താക്കളായ താജീന്ദര്‍ പാല് സിംഗും ഹരീഷ് ഖുറാനയും പരസ്യമായി അതൃപ്തി പ്രകടിപ്പിക്കുകയുണ്ടായി. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായ സാന്നിധ്യമായ താജീന്ദര്‍ തന്റെ ട്വിറ്റര്‍ ബയോയില്‍ നിന്ന് ബിജെപി നേതാവെന്ന പരാമര്‍ശം നീക്കി. ഖുറാനയാകട്ടെ പാര്‍ട്ടിയുടെ മിക്ക വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്നും പുറത്തുപോകുകയും ചെയ്തു.
മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ബിജെപി കോര്‍ മീറ്റിംഗുകളുടെ അജണ്ടയില്‍ ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ല. തെരഞ്ഞെടുപ്പിന് മുമ്പ് പരാജയം സമ്മതിക്കുന്നതിന് തുല്യമാണിതെന്ന് ചില നേതാക്കള്‍ പരാതിപ്പെടുന്നു. ആഭ്യന്തര സര്‍വേ റിപ്പോര്‍ട്ട് പ്രകാരം ബിജെപി ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ 40 സീറ്റില്‍ മാത്രമേ വിജയിക്കൂ. 2017ല്‍ ബിജെപി 180 വാര്‍ഡുകളില്‍ വിജയിച്ചിരുന്നു. അതേസമയം ഓരോ വീട്ടിലുമെത്തി പ്രചാരണം നടത്താന്‍ താഴേത്തട്ടില്‍ 15-22 പേര് അടങ്ങുന്ന സംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് ഡല്‍ഹിയിലെ ബിജെപി ജനറല്‍ സെക്രട്ടറി ഹര്‍ഷ്ദീപ് മല്‍ഹോത്ര പറഞ്ഞത്.






