Authored by എസ്. നാരായണന് | Last updated: 30 Jun 2021, 1:18 AM | 3 min read
പുലര്‍ച്ചെ തലസ്ഥാന നഗരത്തിന്റെ ഇടവഴികളിലൂടെ സൈക്കിളില്‍ സഞ്ചരിച്ചിരുന്ന ഒരു ഐ.പി.എസ്. ഉദ്യോഗസ്ഥനുണ്ടായിരുന്നു. നഗരം ഉറക്കമുണരുമ്പോള്‍ കാവല്‍ക്കാരനായി ആ ഡെപ്യൂട്ടി കമ്മിഷണര്‍ എന്നും കാണുമായിരുന്നു. ലോക്നാഥ് ബെഹ്റയുടെ ആ യാത്രകള്‍ അവസാനിച്ചതു പോലീസ് സേനയുടെ തലപ്പത്താണ്. ഇപ്പോള്‍ അതിനും വിരാമമായിരിക്കുന്നു. അഞ്ചു വര്‍ഷം സേനയുടെ നായകനായശേഷം ഇന്നു ലോക്നാഥ് ബെഹ്റ സര്‍വീസില്‍നിന്നു വിടപറയുന്നു.
നിരവധി ആകസ്മികതകളുടെ ആകെത്തുകയാണ് ബെഹ്റയുടെ ജീവിതം. ഒരു സുഹൃത്തിന്റെ ഫോണ്‍ വിളിയാണ് ഇന്ത്യന്‍ പോലീസ് സര്‍വീസിലേക്ക് ബെഹ്റയെ തള്ളിവിട്ടത്. ജിയോളജി ബിരുദാനന്തര ബിരുദത്തിനുശേഷം ഒ.എന്‍.ജി.സിയില്‍ ശാസ്ത്രജ്ഞനായി ജോലി ലഭിച്ചു പരീക്ഷണശാലയില്‍ ഒതുങ്ങിക്കൂടുമ്പോഴാണ് ആ വിളി വരുന്നത്. ജിയോളജി ഐച്ഛികവിഷയമായെടുത്ത് സിവില്‍ സര്‍വീസ് പരീക്ഷയെഴുതുന്ന സുഹൃത്തിന് ബെഹ്റയുടെ സഹായം വേണം. തന്റെ കൂടെ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയെഴുതണമെന്നും പരീക്ഷാഹാളില്‍ തുണയാകണമെന്നുമായിരുന്നു സുഹൃത്തിന്റെ അഭ്യര്‍ഥന. ഒപ്പമിരുന്ന് എഴുതാന്‍ വേണ്ടി സുഹൃത്ത് പരീക്ഷാഫീസിനുവേണ്ടിയുള്ള പോസ്റ്റല്‍ ഓര്‍ഡറുകള്‍ ഒന്നിച്ചുവച്ചാണ് അപേക്ഷ നല്‍കിയത്.
ഹാള്‍ ടിക്കറ്റു വന്നപ്പോള്‍ സുഹൃത്തിന്റെ പദ്ധതിയാകെ പാളി. അദ്ദേഹം ഏറ്റവും പിന്നിലും ബെഹ്റ മുന്നിലും. പരീക്ഷയെഴുതിയശേഷം ഒ.എന്‍.ജി.സിയില്ജോലി തുടര്‍ന്ന ബെഹ്റ പിന്നെ അതിനെക്കുറിച്ച് ഒന്നും ആലോചിച്ചില്ല; ചെന്നൈയിലെ ഓഫീസിലേക്ക് അദ്ദേഹത്തെ തേടി യു.പി.എസ്.സിയുടെ കത്തു വരുന്നതുവരെ.
പ്രിലിമിനറി പാസായെന്നും മെയിന്‍ പരീക്ഷയ്ക്ക് തയാറാകണമെന്നുമായിരുന്നു ആ കത്ത്. പ്രിലിമിനറിക്കായി നിര്‍ബന്ധിച്ച സുഹൃത്ത് പക്ഷേ കടന്നുകൂടിയില്ല. അദ്ദേഹം പിന്നീട് എല്‍.ഐ.സിയില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായി. മെയിന്‍ പരീക്ഷയെഴുതാന്‍ മടിച്ച ബെഹ്റയെ ഒ.എന്‍.ജി.സിയിലെ ഗുരുതുല്യനായ ചീഫ് എന്‍ജിനീയര്‍ ശ്രീകാന്ത് സ്വാമി നിര്‍ബന്ധിച്ചു പറഞ്ഞുവിടുകയായിരുന്നു. ഡല്‍ഹിക്ക് വണ്ടി കയറിയ ബെഹ്റ കുറെ പുസ്തകങ്ങള്‍ വാങ്ങി പഠനമാരംഭിച്ചു. പരീക്ഷയെഴുതി വീണ്ടും ചെന്നൈയ്ക്ക് മടങ്ങി ജോലിത്തിരക്കില്‍ മുഴുകി.
അപ്പോഴതാ വീണ്ടും യു.പി.എസ്.സിയില്‍നിന്ന് കത്ത്. മെയിന്‍ പരീക്ഷ പാസായി. അഭിമുഖത്തിന് എത്തണം. ഡല്‍ഹിയില്‍ അഭിമുഖത്തിനെത്തിയ ബെഹ്റയ്ക്ക് ആദ്യം അല്‍പ്പം നിസംഗഭാവമായിരുന്നു. എന്നാലും സ്വന്തം നാടായ ഒഡീഷയിലെ പുരിയെക്കുറിച്ച് ചോദ്യങ്ങള്‍ വന്നപ്പോള്‍ ബെഹ്റ വാചാലനായി. 20 മിനിറ്റില്‍ ഇന്റര്‍വ്യൂ അവസാനിച്ചു. വീണ്ടും ചെന്നൈയിലേക്ക് വണ്ടി കയറി.
കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വീട്ടില്‍നിന്ന് വിളിയെത്തി. ഫോട്ടോ പത്രത്തില്വന്നെന്നും സിവില്‍ സര്‍വീസ് പരീക്ഷയില്‍ പാസായെന്നുമായിരുന്നു പിതാവ് പറഞ്ഞത്. 25 പൈസ കൊടുത്ത് ബെഹ്റ എംപ്ലോയ്മെന്റ് ന്യൂസ് വാങ്ങി നോക്കിയപ്പോള്‍ റാങ്ക് 161. വീണ്ടും ശ്രീകാന്ത് സ്വാമിയുടെ അടുത്തേക്ക്. ഒ.എന്‍.ജി.സിയിലെ ജോലി മതിയെന്നും സിവില്‍ സര്‍വീസില്‍ താല്‍പ്പര്യമില്ലെന്നും അദ്ദേഹത്തോടു പറഞ്ഞു. ആലോചിച്ചു മതി തീരുമാനം എന്നായിരുന്നു മറുപടി. അപ്പോഴാണ് അന്ന് ചെന്നൈയില്‍ പോലീസ് കമ്മിഷണറായിരുന്ന വാള്‍ട്ടര്‍ ദേവാരം ശ്രീകാന്ത് സ്വാമിയെ കാണാനെത്തുന്നത്. സ്വാമി ബെഹ്റയുടെ കാര്യം ദേവാരത്തോടു സൂചിപ്പിച്ചു. ബെഹ്റയെ വിളിച്ചുവരുത്തി വാള്‍ട്ടര്‍ ദേവാരം ആജ്ഞാസ്വരത്തില്‍ തന്നെ പറഞ്ഞു, ഐ.പി.എസില്‍ ചേരണം. ബാക്കി ചരിത്രം. 36 വര്‍ഷത്തെ ഐ.പി.എസ്. സേവനം. പത്തു വര്‍ഷം സി.ബി.ഐയില്‍. എന്‍.ഐ.എയുടെ തുടക്കം മുതല്‍ അഞ്ചു വര്‍ഷം. ബെഹ്റയുടെ കേസ് ഡയറിയിലെ സംഭവങ്ങള്‍ കണ്ടാല്‍ ആരും ഞെട്ടും. 26/11 മുംബൈ ആക്രമണം, എയര്‍ ഇന്ത്യ വിമാന റാഞ്ചല്‍, പുരുളിയ ആയുധവര്‍ഷം, ബാബ്റി മസ്ജിദ് തകര്‍ക്കല്‍... പട്ടിക നീളുന്നു. മുംബൈ ആക്രമണത്തിന്റെ സൂത്രധാരന്മാരിലൊരാളായ ഡേവിഡ് ഹെഡ്ലിയെ അമേരിക്കയില്‍ പോയി ബെഹ്റയുള്പ്പെട്ട എന്‍.ഐ.എ. സംഘം ചോദ്യം ചെയ്തത് നൂറിലേറെ മണിക്കൂറുകളാണ്. ഹെഡ്ലിക്ക് അവിടെ ലഭിച്ചത് 35 വര്‍ഷം തടവ്.
പുരുളിയ കേസിലെ പ്രതി പീറ്റര്‍ ബ്ലിച്ചിനെ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വിമാനത്തില്‍വച്ചാണ് പിടികൂടിയത്. കിം ഡേവിയെ വിദേശത്തു പോയി അറസ്റ്റ് ചെയ്തു. മാവോയിസ്റ്റ് അക്രമണത്തില്‍ ഐ.എഫ്.എസ്. ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടപ്പോള്‍ സുപ്രീം കോടതി അന്ന് സി.ബി.ഐയിലായിരുന്ന ബെഹ്റയുടെ നേതൃത്വത്തിലുള്ള സംഘം അനേ്വഷിക്കണമെന്ന് ഉത്തരവിട്ടു. പ്രതികളെ പിടികൂടിയ സമയത്താണ് കേരളത്തില്‍നിന്ന് ഐ.ജിയാകാനുള്ള വിളി വന്നത്. ആവശ്യമുള്ളപ്പോള്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ചുകൊണ്ടാണ് സുപ്രീം കോടതി കേരളത്തിലേക്ക് പോകാന്‍ അനുമതി നല്‍കിയത്.
വലതുകാലില്‍ മുട്ടിന് താഴെ വെടിയേയേറ്റ പാട് ഇപ്പോഴും മായാതെ കിടപ്പുണ്ട്. സി.ബി.ഐ: എസ്.പിയായിരുന്ന വേളയില്‍ അസമില്വച്ച് ഉള്‍ഫ തീവ്രവാദികള്‍ നടത്തിയ വെടിവയ്പില്‍ ബെഹ്റയുടെ വലതു കാലിനു വെടിയേറ്റു.
മുട്ടിന് താഴെ 25 പൈസ നാണയത്തിന്റെ വലിപ്പത്തിലുള്ള പാട് തടവികൊണ്ട് ബെഹ്റ പറഞ്ഞു. ഉള്‍ഫ തീവ്രവാദികളുടെ വെടിയുണ്ടയേറ്റതിനേക്കാള് വേദനയായിരുന്നു പോലീസിനെതിരേ സി.എ.ജി. റിപ്പോര്‍ട്ടില്‍ വന്ന പരാമര്‍ശങ്ങള്‍ സൃഷ്ടിച്ചത്. പിന്നീട് നടത്തിയ അന്വേ ഷണത്തില്‍ ആരോപണങ്ങള്‍ കളവാണെന്നു കണ്ടെത്തി. ആരൊക്കെയോ ചേര്‍ന്ന് കെട്ടിച്ചമച്ച കഥകള്‍ പോലീസിന്റെ സല്‍പ്പേരിനെ അല്‍പ്പകാലത്തേക്കെങ്കിലും കളങ്കപ്പെടുത്തി.
വെല്ലുവിളികള്‍ ഒന്നൊന്നായി നേരിട്ട അഞ്ചു വര്‍ഷവും ഈ ഒഡീഷക്കാരന്‍ കേരളത്തില്‍ ജനകീയനായിരുന്നു. പോലീസിന്റെ കോട്ടങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യപ്പെട്ട ഇക്കാലത്ത് നേട്ടങ്ങള്‍ ഭാവിയില്‍ വിലയിരുത്തപ്പെടും. അത്രത്തോളമുണ്ട് ബെഹ്റയുടെ സംഭാവനകള്‍.
36 വര്‍ഷത്തെ സേവനത്തിനുശേഷം ബെഹ്റ പോലീസ് ക്വാര്‍ട്ടേഴ്സ് വിട്ടുപോകുന്നത് സ്വന്തം വീട്ടിലേക്കല്ല. അദ്ദേഹത്തിന് കേരളത്തില്‍ വീടോ കാറോ ഇല്ല. പി.എഫ്. ലോണെടുത്ത് കൊച്ചിയില്‍ വീടു പണിയുകയാണ് ബെഹ്റ. ഇനി അവിടെ അദ്ദേഹത്തെ കാണാം. പക്ഷേ ബെഹ്റയ്ക്ക് അങ്ങനെ അടങ്ങിയിരിക്കാനാവില്ല. മറ്റേതെങ്കിലും ചരിത്രദൗത്യം ബെഹ്റയ്ക്കു ലഭിക്കുമോ? അതും കാത്തിരുന്നു കാണാം.