
കൊച്ചി: കിറ്റക്സിനെതിരായ നോട്ടിസ് പിൻവലിച്ചില്ലെങ്കിൽ കോടതിയലക്ഷ്യത്തിന് ഹൈക്കോടതിയിൽ ഹർജി നൽകുമെന്ന്
കിറ്റെക്സ് ചെയർമാൻ സാബു ജേക്കബ്
ഹൈക്കോടതി സ്റ്റേ ചെയ്ത ഉത്തരവു നടപ്പാക്കിയില്ലെന്ന് ആരോപിച്ചാണ് തൊഴിൽ വകുപ്പു നോട്ടിസ് നൽകിയത്.
കമ്പനിയെയും മാനേജ്മെന്റിനെയും അപകീര്‍ത്തിപ്പെടുത്താന്‍ നടത്തിയ പരിശോധന ന്യായീകരിക്കാനാണ് നിയമസാധുതയില്ലാത്ത നോട്ടിസുകള്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
2010 ലാണ് സംസ്ഥാനത്ത് വസ്ത്ര നിർമാണ മേഖലയില്‍ വേജ് ബോർഡ് ശുപാര്‍ശകള്‍ നടപ്പാക്കി തുടങ്ങിയത്. സംസ്ഥാന തൊഴില്‍ വകുപ്പിന്റെ 132/2010 നമ്പര്‍ ഉത്തരവ് പ്രകാരമുള്ള വേജ് ബോർഡ് ശുപാര്‍ശകളാണ് നിലവില്‍ കമ്പനികള്‍ നല്‍കുന്നത്.
ഒരു എ ഗ്രേഡ് ടെയ്ലര്‍ക്ക് ഇതുപ്രകാരം
കൊടുക്കേണ്ട മാസശമ്പളം 9,240 രൂപയാണ്, എന്നാല്‍ കിറ്റെക്സ് 16,250 രൂപ ശമ്പളവും സൗജന്യമായി നാലു നേരം പരിധിയില്ലാതെ നോണ്‍വെജ് ഭക്ഷണവും താമസവും നല്കുന്നു. തൊഴിൽ വകുപ്പു കഴിഞ്ഞ ദിവസം നൽകിയ നോട്ടിസിൽ 2019 ലെ പുതുക്കിയ കൂലി നടപ്പാക്കുന്നില്ലെന്നാണ് ആരോപിക്കുന്നത്.
ഹൈക്കോടതി ഇത് 2021 മാർച്ച് 26ന് ഇതു സ്റ്റേ ചെയ്തിട്ടുണ്ട്. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ 2019 ലെ ശുപാര്‍ശ നടപ്പാക്കേണ്ടതില്ലെന്നാണ് ഇടക്കാല ഉത്തരവ്.
ഒരു മാസത്തിനിടെ വിവിധ വകുപ്പുകളുടേതായി 11 പരിശോധനയാണു നടന്നത്. ഇതേത്തുടർന്നായിരുന്നു സംസ്ഥാനത്ത് വ്യവസായം വിപുലപ്പെടുത്താനുള്ള തീരുമാനത്തിൽ നിന്നു പിൻമാറുന്നത്. ഇതു സംബന്ധിച്ച വാർത്തകൾക്കു പിന്നാലെ പരിശോധനകള്‍ ഹൈക്കോടതി നിര്‍ദേശാനുസരണമാണെന്നും പരിശോധനയ്ക്കെത്തിയ ഒരു സബ് ജഡ്ജി തന്നെ വിളിച്ചിരുന്നുവെന്നും സ്ഥലം എംഎല്‍എ പി.വി. ശ്രീനിജിന്‍ വെളിപ്പെടുത്തിയിരുന്നു.
ഹൈക്കോടതിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധനയെങ്കില്‍ അക്കാര്യം സ്ഥലം എംഎല്‍എ മാത്രം എങ്ങനെ അറിഞ്ഞെന്നും സബ് ജഡ്ജി എന്തിന് എംഎൽഎയെ വിളിച്ചു എന്നും സാബു ചോദിച്ചു.






