
മ്യൂണിക്ക്: ലോകം കാത്തിരുന്ന യൂറോ 2020 ലെ ഏറ്റവും വാശിയേറിയ മത്സരത്തില്‍ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് ലോക ഒന്നാം നമ്പറുകാരായ ബെല്‍ജിയത്തെ തോല്‍പ്പിച്ച് ഇറ്റലി സെമിയില്‍. അതിവേഗ ഫുട്ബോളുമായി ആദ്യ പകുതിയില്‍ നേടിയ രണ്ടു ഗോളുകള്‍ നേടി അസൂറികള്‍ വിജയം പിടിച്ചെടുത്തപ്പോള്‍ ബെല്‍ജിയത്തിന്റെ ഗോള്‍ഡന്‍ ജനറേഷന്റെ തേരോട്ടം യൂറോപ്യന്‍ കപ്പില്‍ ക്വാര്‍ട്ടറില്‍ അവസാനിച്ചു.
പ്രതിരോധ ഫുട്ബോളില്‍ നിന്നും കളംമാറിയ ഇറ്റലയുടെ അതിവേഗ ഫുട്ബോളും ബല്‍ജിയത്തിന്റെ അതിവേഗ കൗണ്ടറുകളും തമ്മില്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ ബെരാറ്റിയും ഇന്സേനും ഇറ്റലിക്കായി സ്കോര്‍ ചെയ്തപ്പോള്‍ പെനാല്‍റ്റിയില്‍ നിന്നും ലുക്കാക്കു ആയിരുന്നു ബെല്‍ജിയത്തിന്റെ ഗോള്‍ നേടിയത്. ബോള്‍ പൊസഷനൊപ്പം വേഗമേറിയതും മാരകമായ മുന്നേറ്റങ്ങളുമായിരുന്നു ഇറ്റാലിയന്‍ കളിയുടെ പ്രത്യേകത. അതിവേഗ കൗണ്ടറുകളുമായി ബെല്‍ജിയം തിരിച്ചടിച്ചെങ്കിലും ഗോളിന് തൊട്ടുമുന്നില്‍ നഷ്ടപ്പെടുത്തിയ അവസരങ്ങളെ ഓര്‍ത്ത് അവര്‍ക്ക് സ്വയം പഴിക്കാം.
കളിയുടെ തുടക്കത്തില്‍ ബല്‍ജിയം വലയില്‍ പന്തെത്തിക്കൊണ്ടായിരുന്നു കളിയുടെ തുടക്കമെങ്കിലും ഓഫ്സൈഡായി. 12 ാം മിനിറ്റില്‍ ഇന്‍സീനി എടുത്ത ഒരു ഫ്രീകിക്കിക്കില് ബൊണൂച്ചി കാല് വെച്ചെങ്കിലും ഓഫ്സൈഡായി. 30 ാം മിനിറ്റില്‍ നിക്കോളാ ബരേലി ഇറ്റലിയ്ക്കായി സ്കോര്‍ ചെയ്തു. ഒരു ഫ്രീകിക്കിനെ തുടര്‍ന്ന് ബോക്സില്‍ കിട്ടിയ പന്ത് രണ്ടുപേരെ ഡ്രിബിള്‍ ചെയ്ത് തൊടുത്ത മഴവില്‍ കൊര്ട്ടോയീസിനെ മറികടന്നു വലയിലെത്തി.
ഇഞ്ചുറി സമയത്തിന് തൊട്ടു മുമ്പ് ഇറ്റലി വീണ്ടും സ്കോര്‍ ചെയ്തു. തൊട്ടു മുമ്പ് ഗോളിക്ക് മുന്നില്‍ ബെല്‍ജിയം പ്രതിരോധം ചിയേസയെ ഒരു മുന്നേറ്റത്തെ സംയുക്തമായി തടഞ്ഞു നിര്‍ത്തിയതിന് പിന്നാലെ ബോക്സിന് തൊട്ടു പുറത്തുവെച്ച് കിട്ടിയ പന്ത് രണ്ടു മൂന്ന് പ്രതിരോധക്കാരെ വെട്ടിയൊഴിഞ്ഞ് ഇന്‍സീനിയ തൊടുത്ത ലോംഗ് റേഞ്ചര്‍ ബെല്‍ജിയം വലയിലെത്തി.
ഇറ്റലി എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് മുന്നിലെത്തിയതിന് തൊട്ടു പിന്നാലെ ബെല്‍ജിയത്തിന് ഒരു ഗോള്‍ മടക്കാനുള്ള അവസരം കിട്ടി. ഈഡന് ഹസാഡിന്റെ പകരക്കാരനായി എത്തിയ ഡൊക്കുവിനെ ഇറ്റാലിയന്‍ പ്രതിരോധക്കാരന് ഡിലോറന്സോ ബോക്സില്‍ തള്ളിവീഴ്ത്തിയതിന് പെനാല്‍റ്റി. റൊമേലു ലൂക്കാക്കുവിന്റെ ഷോട്ട് പെനാല്‍റ്റി സ്പെഷ്യലിസ്റ്റു കൂടിയായ ഡൊന്നൊരുമയെ മറികടന്ന് വലയില്‍ എത്തി.
രണ്ടാം പകുതിയിലും ഇറ്റാലിയന്‍ മുന്നേറ്റം അതിവേഗ ആക്രമണം വിതച്ചു കൊണ്ടേയിരുന്നു. മറുവശത്ത് ബെല്‍ജിയം കൗണ്ടറിലും ശ്രദ്ധ കേന്ദ്രീകരിച്ചു. 61 ാം മിനിറ്റില്‍ ഡിബ്രൂയന് നല്കിയ മികച്ചൊരു പാസ് ലൂക്കാക്കു മുതലാക്കാതെ പോകുന്നത് അവിശ്വസനീയമായി. ഡിഫന്‍ഡറെയും ഗോളിയേയും മറികടന്നു വന്ന പന്ത് ലൂക്കാക്കുവിന് മുതലാക്കനാകാതെ പോയി. 72ാം മിനിറ്റിലും സമാന രീതിയിലുള്ള അവസരത്തില്‍ ലൂക്കാക്കുവും തോഗന്‍ ഹസാഡും ഗോളിന് തൊട്ടു മുന്നില്‍ നില്‍ക്കേ നഷ്ടമായതോടെ യൂറോ 2020 ല്‍ വീണ വമ്പന്മാരുടെ പട്ടികയിലേക്ക് ബെല്‍ജിയവും എത്തി.




