
ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും അച്ഛന്മാര് തമ്മിലുള്ള പ്രധാന വ്യത്യാസം എന്തായിരിക്കും? പെണ്‍കുട്ടിയുടെ അച്ഛന് ഹൃദയത്തിനുള്ളില്‍ അണയ്ക്കാവാനാത്ത ഒരു തീഗോളം പേറുന്നയാള്‍ ആണെന്ന് വേണമെങ്കില്‍ കാല്പനികമായി പറയാം. അടുത്തിടെയുണ്ടായ സ്ത്രീധനമരണങ്ങള്‍, പീഡനങ്ങള്‍.... അതനുഭവിക്കുന്നവരുടെ, അവരുടെ അമ്മമാരുടെ എരിഞ്ഞുതീരുന്ന മനസ്. ഒപ്പം, നാമറിയാതെതന്നെ മറന്നുപോയ ഒന്നാണ് അവരുടെ അച്ഛന്മാരുടെ വികാരവായ്പ്പുകള്‍.
വിസ്മയ മരിച്ചപ്പോള്‍ പലയിടത്തും ആദ്യം കുറ്റപ്പെടുത്തിക്കണ്ടതും അവളുടെ ഭര്‍ത്താവിനെയല്ല പകരം, അച്ഛനെയായിരുന്നു. അവള് ഭര്‍ത്തൃവീട്ടില്‍ സുരക്ഷിതയല്ലാതിരുന്നിട്ടും എന്തിനാണ് അവിടെ തുടരാന്‍ അനുവദിച്ചത്? ഭര്‍ത്താവിന്റെ താല്‍പ്പര്യം സ്വത്തില്‍ മാത്രമാണെന്നു മനസിലാക്കിയപ്പോള്ത്തന്നെ എന്തുകൊണ്ട് അവളെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നില്ല? പോലീസില്‍ പരാതിപ്പെട്ടില്ല?എന്നിങ്ങനെ നൂറു ചോദ്യങ്ങള്‍. അപ്പോഴും അയാള്‍ ചിന്തിച്ചിട്ടുണ്ടാവുക അതും തന്റെ മകളോടുള്ള ഇഷ്ടത്തിന്റെ പിന്നിലെ വിട്ടുവീഴ്ചകള്‍ ആയിരുന്നല്ലോ എന്നതാവും. എന്നെങ്കിലും എല്ലാം ശരിയാകുമെന്ന പ്രതീക്ഷകളുടെ ഭാഗമായിരുന്നിരിക്കാം. തന്റെ മുന്നില്‍ വച്ച് മകളെ ഭര്‍ത്താവ് തല്ലുമ്പോള്‍ മകളേക്കാള്‍ വേദനിച്ചത് ആ അച്ഛന്റെ ഹൃദയമായിരുന്നിരിക്കില്ലേ?
സമൂഹത്തിന്റെ ചില കപട സദാചാര-നാട്ടുനടപ്പ് വ്യവഹാരങ്ങളില്‍ ഉരുകാന്‍ മാത്രം വിധിക്കപ്പെട്ട ഇത്തരം ചില അച്ഛന്മാരുണ്ട്. കരുമാളൂരില് സ്ത്രീധനവും പെണ്‍കുട്ടിക്കു സൗന്ദര്യവും പോരെന്നു പറഞ്ഞ് ഗര്‍ഭിണിയെയും അച്ഛനെയും മര്‍ദിച്ച സംഭവം നടന്നത് വിസ്മയ മരിച്ചിട്ട് ഒരാഴ്ച മാത്രം തികയുന്ന ദിനത്തിലാണ്. പൊട്ടിക്കരയുന്ന പെണ്‍കുട്ടിയും തൊട്ടുപിന്നിലായി വസ്ത്രങ്ങളില്‍ ചോരയൊലിപ്പിച്ചുനില്‍ക്കുന്ന വയോധികനായ അച്ഛനും നമ്മുടെ സമൂഹത്തിന്റെ നേര്‍ചിത്രമാണ്. ഓരോ പെണ്‍കുട്ടിയും ജനിച്ചുവീഴുമ്പോള്‍ അവളുടെ അച്ഛന്റെ മനസില്‍ ഉണ്ടാകുന്ന ആശങ്കകള്‍ക്ക് എന്നാണ് അവസാനമാവുക?
പെണ്‍കുട്ടികള്‍ക്ക് അമ്മമാരേക്കാള്‍ അച്ഛന്മാരോടാണ് മാനസികമായ അടുപ്പം കൂടുതല്‍ ഉണ്ടാകാറുള്ളത്. അതിനുള്ള കാരണങ്ങള്‍ പലതാണ്. അമ്മ അനുഭവിച്ച, മനസിലാക്കിയ സാമൂഹികരീതികള്ക്കനുസരിച്ചു മകളെ വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ അതില്‍ മകള്‍ക്കുണ്ടാവുന്ന എതിര്‍പ്പാണ് ഒരു കാരണം. പെണ്‍കുട്ടികള്‍ നേരത്തെ ഉണരണം, ഭക്ഷണം പാകം ചെയ്യണം, വീട്ടിലെ ജോലികള്‍ മുഴുവന്‍ ചെയ്യണം, അടങ്ങിയൊതുങ്ങി ജീവിക്കണം, മുതിര്‍ന്നവരുടെ മുന്നില്‍ ഒന്നും സംസാരിക്കാന്‍ പാടില്ല അങ്ങനെ നൂറു നിയമങ്ങളാണ് അമ്മ വഴി സമൂഹം അവളില്‍ അടിച്ചേല്‍പ്പിക്കുന്നത്. അതൊക്കെയും ഉള്‍ക്കൊള്ളാനാവാതെ അവര്‍ അഭയം പ്രാപിക്കുന്നത് അച്ഛന്മാരുടെ അടുക്കലാണ്. അവിടെയാണ് അവള് കുറച്ചെങ്കിലും മനസ് തുറക്കുന്നത്, സ്വാതന്ത്ര്യം അനുഭവിക്കുന്നത്, സ്വപ്നങ്ങള്‍ക്ക് ചിറകുവയ്ക്കുന്നത്.
ദാമ്പത്യജീവിതത്തിലേക്ക് കടക്കുമ്പോള്‍ സുഖകരമായ ജീവിതത്തിനുവേണ്ടി അവള്‍ക്ക് എന്തുനല്‍കാനും ആ അച്ഛന് തയാറാകുന്നു. ഒരു ആയുസില്‍ സമ്പാദിച്ച പണവും സ്വര്‍ണവുമെല്ലാം അവള്‍ക്കായി നല്കുന്നു. അവളുടെ സന്തോഷം മാത്രമാണവര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍, ഭര്‍തൃഗൃഹത്തില്‍ അവള് പലപ്പോഴും ഒറ്റപ്പെടുന്നു. തന്റെ അച്ഛന്റെ സ്നേഹസാമീപ്യം ഇല്ലാതാവുന്നതിന്റെ നഷ്ടബോധം മായുന്നതിനുമുമ്പേ അവള് ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പീഡനങ്ങള്‍ക്ക് വിധേയമാകുന്നു. അത് അവളെ സമ്മര്‍ദത്തില്‍ ആക്കുന്നു. അച്ഛന് വിഷമിക്കാതിരിക്കാന്‍ അവള് എല്ലാം ഉള്ളില്‍ ഒതുക്കുന്നു. ഒടുവില്‍ ഒരു അഗ്നിപര്‍വ്വതം പോലെ അവള് പൊട്ടിത്തെറിക്കുന്നു. വിസ്മയയുടെ മരണത്തിനുശേഷം മാധ്യമങ്ങളുടെ ക്യാമറയില്‍ പതിഞ്ഞ അച്ഛന്റെ മുഖം സ്വയം നഷ്ടപ്പെട്ട ഒരാളുടേതായിരുന്നു. ഒരു വികാരവും ബാക്കിയില്ലാത്ത ചേതനയറ്റ ഒരു മുഖം. തീര്‍ച്ചയായും അതൊരു കണ്ണാടിയാണ്. അതിലാവട്ടെ, ഓരോ നിമിഷവും പലകാരണങ്ങളാല്‍ ഭര്‍തൃവീടുകളില്‍ പീഢനം ഏറ്റുവാങ്ങേണ്ടിവരുന്ന ഓരോ പെണ്‍കുട്ടികളുടെയും അച്ഛന്മാരുടെ കണ്ണീര് വറ്റിയ കണ്ണുകളുടെ പ്രതിഫലനവും.
സ്ത്രീധനം വാങ്ങുന്നവനും നല്കുന്നവനും ഒരുപോലെ അതില്‍ എതിര്‍പ്പില്ലാതെ വരുമ്പോഴാണ് ഇത്തരം സംഭവങ്ങള്‍ക്ക് തടയിടാന്‍ സര്‍ക്കാരിനോ നിയമങ്ങള്‍ക്കോ കഴിയാതെ വരുന്നത്. പാവപ്പെട്ടവരുടെ വീടുകളിലേക്കാള്‍, ധനികരുടെ ഇടയിലാണ് സ്ത്രീധനംമൂലമുള്ള പ്രശ്നങ്ങള്‍ കൂടുതല്‍ ഉണ്ടാകുന്നത് എന്നതും പ്രസക്തമാണ്.
ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്തുകൊടുക്കുമ്പോള്‍ അവര്‍ക്കു കൂടുതല്‍ മെച്ചപ്പെട്ട സാഹചര്യങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുന്നതിന്റെ ഭാഗമായി സഹായം നല്കുന്നതില് തെറ്റില്ല. പക്ഷേ, അതു ചോദിച്ച് ഉറപ്പിക്കുന്നതിലാണ് പ്രശ്നം. സ്ത്രീയും പുരുഷനും ഒന്നിച്ചു ജീവിതം തുടങ്ങുമ്പോള്‍ രണ്ടുപേരുടെ ഭാഗത്തുനിന്നും സഹായങ്ങള്‍ ഉണ്ടാവണം. അത് പരസ്പരസഹകരണത്തിന്റെ ഭാഗമാണ്. പക്ഷേ, അത് സ്ത്രീധനം എന്ന ശീര്‍ഷകത്തില്‍ ചോദിച്ചുവാങ്ങുന്നത് ഭൂഷണമല്ല.
ദാമ്പത്യത്തില്‍ പുരുഷന് സ്ത്രീയെ കൊണ്ടുപോയി അവന്റെ സംരക്ഷണയില്‍ പാര്‍പ്പിക്കുകയല്ല. പകരം പരസ്പരമായ സ്നേഹത്തിലും സംരക്ഷണയിലും ഒരുമിച്ചു ജീവിക്കുകയാണ്. അതില്‍ രണ്ടുപേരുടെയും സംഭാവന ആവശ്യമാണ്. പൂര്‍വികസ്വത്തുക്കള്‍ എന്തായാലും ആ മകള്‍ക്ക് അവകാശപ്പെട്ടതാകുമല്ലോ. അത് അവര്‍ നല്‍കാതിരിക്കുകയും ചെയ്യുകയില്ല. അതൊക്കെ അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനാണ് ഉപയോഗിക്കേണ്ടത്. സ്ത്രീധനം വേണ്ടെന്നു പറയാന്‍ പുരുഷന് തയാറാകുകയാണ് ആദ്യം വേണ്ടത്. പക്ഷേ, അത് വന്നുചേരുകയാണെങ്കില്‍ അവളുടെ സുഖകരമായ ജീവിതത്തിന് മുതല്‍ക്കൂട്ടാകുവാന്‍ ക്രിയാത്മകമായി അത് ഉപയോഗിക്കേണ്ടതുണ്ട്. തനിക്ക് വീട്ടില്‍നിന്നു തരുന്ന സമ്പത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ആ പെണ്‍കുട്ടിക്ക് മാത്രമാകണം. വിവാഹത്തിനുശേഷം മകന്റെ ജീവിതത്തില്‍ ഇടപെടുന്ന രീതി രക്ഷാകര്ത്താക്കള് ഉപേക്ഷിക്കണം. അവരെ അവരിലേക്കുതന്നെ ജീവിക്കാന്‍ വിടുക. അവരുടെ, പ്രശ്നങ്ങളിലും കുറവുകളിലും താങ്ങാവുക എന്നതുമാത്രമാണ് പിന്നീട് അവരുടെ ഉത്തരവാദിത്വം.
പെണ്മക്കളെ നെഞ്ചോടുചേര്ത്തുവളര്ത്തുന്ന മാതാപിതാക്കള്‍ അവള്‍ക്ക് മുന്തിയ ജോലിയുള്ള ധനികരായ കുടുംബത്തിലെ പയ്യനെ കണ്ടെത്തുകയല്ല വേണ്ടത്. അവളെ പഠിച്ചു ഒരു ജോലിനേടി സ്വന്തം കാലില്‍ നില്ക്കാന് പ്രാപ്തമാക്കുകയാണു ചെയ്യേണ്ടത്. ഭര്‍ത്താവിന്റെ വീട്ടില്‍ അര്‍ഹിക്കുന്ന ബഹുമാനവും അംഗീകാരവും ലഭിക്കുന്നില്ലെങ്കില്‍ സ്വന്തം വീട്ടില്‍ വന്നു നിന്നോളൂ എന്നും അച്ഛന് നോക്കിക്കൊള്ളാം എന്നും പറയുകയാണു വേണ്ടത്. അവള് നീറിനീറി മരിക്കുന്നതിനേക്കാള്‍ എത്രയോ നല്ലതാണ് കണ്മുന്പില് സന്തോഷവതിയായി ഇരിക്കുന്നത്.
ആണ്‍കുട്ടികളുടെ രക്ഷാകര്ത്താക്കള് അവരെ ബാല്യം മുതല്ക്കേ സ്ത്രീകളെ ബഹുമാനിക്കാനും അവരോടു മാന്യമായി പെരുമാറാനും ശീലിപ്പിക്കുകയും വേണം. സ്ത്രീകള്‍ക്കും ജീവിതത്തെക്കുറിച്ചു കാഴ്ചപ്പാടുകളും സ്വപ്നങ്ങളും ഉണ്ടെന്ന് മനസിലാക്കിക്കൊടുക്കണം. ബഹുമാനം കൊടുത്താല്‍ മാത്രമേ തിരിച്ചുകിട്ടുകയുള്ളൂ എന്നും പഠിപ്പിക്കണം. ജനിച്ചയുടന്‍ കൈനീട്ടി കുഞ്ഞിനെ ആദ്യമായി വാങ്ങിയത്, താരാട്ടുപാടി ഉറക്കിയത്, അവള്‍ക്ക് പിറന്നാളിന് സമ്മാനംവാങ്ങി നല്‍കിയത്, അമ്മ കാണാതെ അവള്‍ക്ക് മിഠായി വാങ്ങി നല്‍കിയത്, ആദ്യാക്ഷരങ്ങള്‍ ചൊല്ലിക്കൊടുത്തത്, പള്ളിക്കൂടത്തിലേക്ക് കൈപിടിച്ച് നടത്തിയത്, രാത്രി നെഞ്ചോടുചേര്‍ത്തുകൊണ്ട് കഥപറഞ്ഞു ഉറക്കിയത്, അവളുടെ കല്യാണം കഴിഞ്ഞ രാത്രിയില്‍ വിരഹം പേറി നിശബ്ദനായി കരഞ്ഞത്. ഒടുവില്‍ അവള് ദേഹമാകെ മുറിപ്പാടുകളുമായി ചേതനയറ്റ് മുന്നില്‍ വന്നു കിടക്കുന്നത് കാണേണ്ടിവരുന്നത്.... വേദനയാണ്, ഹൃദയത്തില്‍ ഒരായിരം മുള്ളുകള്‍ കുത്തിയിരിക്കുന്ന വേദന. മാറണം, എല്ലാം മാറണം. സ്നേഹനിധിയായ ഭര്‍ത്താവിന്റെ കൈപിടിച്ച് വീട്ടിലേക്കുവന്ന് സന്തോഷത്തോടെ അച്ഛനെവന്നു കെട്ടിപ്പിടിച്ചുനില്കുന്ന മകളോട് പറയാനാവണം, ഈ പുഞ്ചിരി മാത്രം മതി അച്ഛന് എന്ന്!അതിനായി നമ്മുടെ നാടും സമൂഹവും വളരട്ടെയെന്ന് ആശിക്കാം.
ഡോ. അബേഷ് രഘുവരന്
( കൊച്ചി സര്‍വകലാശാല സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റിയില്‍ അസിസ്റ്റന്റ് പ്രഫസറാണ്)



