പന്തളം: കീഴ്‌വഴക്കത്തിനു വിരുദ്ധമായ നടപടികളാണു വലിയകോയിക്കല്‍ ശ്രീധര്‍മ്മശാസ്‌താ ക്ഷേത്രത്തില്‍നിന്നു വിഷുവിന് പുലര്‍ച്ചെ കാണിപ്പൊന്ന് കാണാതാകാന്‍ കാരണമെന്നു പന്തളം കൊട്ടാരം.
കാണിപ്പൊന്ന് പിന്നീട് തിരികെ ലഭിച്ചെങ്കിലും ശ്രദ്ധക്കുറവും സുരക്ഷാവീഴ്‌ചയും സംഭവിച്ചതില്‍ കൊട്ടാരത്തിന് ആശങ്കയുണ്ടെന്നു കാണിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയതായി കൊട്ടാരം നിര്‍വാഹക സംഘം സെക്രട്ടറി എം.ആര്‍. സുരേഷ് വര്‍മ പറഞ്ഞു.
കൊട്ടാരം കുടുബാംഗങ്ങള്‍ക്കു മാത്രം കണികാണാന്‍ നല്‍കുന്നതാണ് കാണിപ്പൊന്ന്. വിഷുവിന് ക്ഷേത്രത്തില്‍ ചാര്‍ത്താന്‍ തിരുവാഭരണങ്ങള്‍ കൊട്ടാരം നല്‍കുമ്പോള്‍ അതിനൊടൊപ്പമാണ് കാണിപ്പൊന്നും ദേവസ്വത്തിന് കൊട്ടാരം നല്‍കുന്നത്. തിരുവാഭരണത്തോളം പഴക്കം വരുന്ന കാണി പൊന്ന് ശബരിമലയ്‌ക്ക് തിരുവാഭരണത്തോടൊപ്പം നല്‍കാറില്ല. കൊട്ടാരം കുടുംബാംഗങ്ങള്‍ക്കല്ലാതെ ഇത് മറ്റ് ഭക്‌തര്‍ക്ക് ദേവസ്വം ബോര്‍ഡ് നല്‍കാറുണ്ടന്ന് കൊട്ടാരം ഇപ്പോള്‍ മാത്രമാണ് അറിയുന്നത്.
കുതിരപ്പുറത്തിരിക്കുന്ന ശാസ്‌താവാണു സ്വര്‍ണത്തില്‍ നിര്‍മിച്ച കാണിപ്പൊന്ന്. വിഷുവിന്റെ തലേന്ന് ദീപാരാധനയ്‌ക്ക് ശേഷമാണ് കൊട്ടാരം ഭാരവാഹികള്‍ തിരുവാഭരണത്തോടൊപ്പം കാണിപ്പൊന്നും ദേവസ്വം അധികൃതര്‍ രസീത് നല്‍കി കൈ പറ്റുന്നത്. മുന്‍കാലങ്ങളില്‍ പുലര്‍ച്ചെ നാലു മണി മുതല്‍ ആറു വരെയാണു ക്ഷേത്രത്തില്‍ തിരുവാഭരണ ദര്‍ശനമുണ്ടായിരുന്നത്. ഇപ്പോള്‍ രാവിലെ 10 മണി വരെ നീട്ടിയിട്ടുണ്ട്. തിരക്ക് വര്‍ധിക്കുകയും ചെയ്‌തു.
വിഷുവിന് പുലര്‍ച്ചെ 5.55 ന് ആണ് കൈനീട്ടത്തിനൊപ്പം പന്തളം മുളമ്പുഴ സ്വദേശിയായ ഭക്‌തന് കാണിപ്പൊന്ന് ലഭിച്ചത്. ഇദ്ദേഹം അറിയാതെ വീട്ടില്‍ കൊണ്ടുപോകുകയും പിന്നീട് തിരിച്ചറിഞ്ഞപ്പോള്‍ തിരികെ നല്‍കുകയും ആയിരുന്നു. കാണിപ്പൊന്ന് നഷ്‌ടമായതും തിരികെ ലഭിച്ചതും കൊട്ടാരത്തെ ദേവസ്വം രേഖാമൂലം അറിയിച്ചിട്ടില്ല. കൈപറ്റിയവ എണ്ണി ക്രമപ്പെടുത്തി കൊട്ടാരത്തിന് തിരികെ നല്‍കുകമാത്രമാണ് ദേവസ്വം അധികൃതര്‍ ചെയ്‌തത്. തിരുവാഭരണ കമ്മിഷണര്‍ ഇതു സംബന്ധിച്ച് മൊഴി രേഖപ്പെടുത്തിയതായും അറിയുന്നു.




