
ഇക്കുറി വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ കിട്ടിയ പോളിങ് ശതമാനത്തിന്റെ അര്‍ത്ഥമെന്ത്? ആരു ഭരിക്കും? ഇത്തവണത്തെ 78.27 കേരള തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ പോളിങ് ശതമാനമല്ല. ഓരോ മണ്ഡലത്തിലെയും ഇത്തവണത്തെ പോളിങ് ശതമാനത്തില്‍, എസ്.ഐ.ആര്‍. അനുസരിച്ചുള്ള തിരുത്ത് ബാധകമാക്കി, ഇത്തവണത്തെ 78.3 ശതമാനം 2021ലെ പോളിങ് ശതമാനവുമായി താരതമ്യം ചെയ്‌താല്‍, ഇത് 74.14% ആയി കാണേണ്ടി വരും. ഏതാണ്ട് 2021ലെ തന്നെ ശതമാനമാകും.
എങ്കില്‍, പിണറായി വീണ്ടും വരും. നാല് ദശകത്തില്‍ ഏറ്റവും വലിയ പോളിങ് 1987ല്‍ ആയിരുന്നു-80.54%. അക്കണക്കില്‍ എല്‍.ഡി.എഫിന് 78 സീറ്റ് കിട്ടും. അന്നത്തെ പോളിങ് മുന്‍പത്തെ തെരഞ്ഞെടുപ്പിനെക്കാള്‍ 7.03 ശതമാനം കൂടുതല്‍ ആയിരുന്നു. യു.ഡി.എഫിന് 61 കിട്ടി. നിലയ്‌ക്കല്‍ സമരത്തിലെ ഹിന്ദു ഏകീകരണവും എം.വി. രാഘവനെ പുറത്താക്കിയ ശേഷമുള്ള പാര്‍ട്ടി വികാരവും വോട്ടര്‍മാരെ കൂടുതലായി ബൂത്തില്‍ എത്തിച്ചു.
ഇക്കുറി എസ്.ഐ.ആര്‍. വഴി വലിയ കുറവ് വന്ന മണ്ഡലങ്ങള്‍ (ബ്രാക്കറ്റില്‍ കറക്‌ഷന്‍ ഫാക്‌ടര്‍ (സി.എഫ്) ശതമാനം): തിരുവനന്തപുരം (1.3), വട്ടിയൂര്‍ക്കാവ് (1.26), എറണാകുളം (1.24), നേമം (1.23), കഴക്കൂട്ടം (1.21), ദേവികുളം (1.20), തൃശ്ശൂര്‍ (1.19), തൃക്കാക്കര (1.16), ഒല്ലൂര്‍ (1.16).
വെട്ടലും കൂട്ടലും ഏതാണ്ട് തുല്യമായ മണ്ഡലങ്ങള്‍: ഉദുമ, കല്യാശ്ശേരി, തളിപ്പറമ്പ്, ധര്‍മടം, തലശ്ശേരി, മട്ടന്നൂര്‍, കൊടുവള്ളി, തിരുവമ്പാടി, കൊണ്ടോട്ടി, ഏടറനാട്, നിലമ്പൂര്‍, വണ്ടൂര്‍, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന്, തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, കോട്ടക്കല്‍, പൊന്നാനി, പട്ടാമ്പി, കൈപ്പമംഗലം. ഇവിടങ്ങളില്‍ ശതമാനം തിരുത്തേണ്ട.
2021ല്‍ 2.08 കോടി പേര്‍ വോട്ട് ചെയ്‌തു. ഇക്കുറി 2.13 കോടി. എസ്.ഐ.ആറിന് മുന്‍പ് ആകെ 2.78 കോടി വോട്ടര്‍മാര്‍, ശേഷം 2.71 കോടി. അതായത്, ഭരണവിരുദ്ധവികാരം കാരണം വോട്ടര്‍മാര്‍ ഇരച്ചെത്തിയില്ല. എന്നാല്‍, മലബാറില്‍ നല്ല സഖാക്കള്‍ പാര്‍ട്ടിക്കെതിരേ പ്രതിഷേധ വോട്ട് ചെയ്‌ത സൂചനകളുണ്ട്.
ഏറ്റവും കുറഞ്ഞ പോളിങ് ശബരിമല നില്‍ക്കുന്ന റാന്നിയില്‍ (68.98) ആണ് എന്നത് ശ്രദ്ധേയമാണ്. അത് പ്രധാന വിഷയമായി ആരും ഉന്നയിച്ചില്ല.
ഇരു മുന്നണികള്‍ക്കും പരമ്പരാഗതമായി അവകാശപ്പെടും പോലെ വിജയം അവകാശപ്പെടാനുള്ള ഉള്ളടക്കം ഈ പോളിങ് ശതമാനത്തില്‍ ഇല്ല. ബി.ജെ.പി. വോട്ട് 2021ലെ 12.4 ശതമാനത്തില്‍നിന്ന് 18 ആയി ഉയരുന്ന കണക്കാണ് ഇത് എങ്കില്‍, കളി മാറും. മന്ത്രിസഭയ്‌ക്കകത്തും പുറത്തും നിയമസഭയ്‌ക്ക് അകത്തും പുറത്തും ബി.ജെ.പി. കളി തീരുമാനിക്കും. അതിനാല്‍, 1987 പോലെ, 2021 പോലെ എല്‍.ഡി.എഫ്. വരണം എന്നില്ല.
ബി.ജെ.പി. ജയിക്കുമെന്ന് കണക്കാക്കുന്ന മണ്ഡലങ്ങള്‍ നേമം, കഴക്കൂട്ടം, പാലക്കാട്, മഞ്ചേശ്വരം എന്നിവയാണ്. കഴക്കൂട്ടം ജയിക്കുമെങ്കില്‍, വര്‍ക്കലയും ചിറയിന്‍കീഴും കൂടി ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു. ഈഴവ വോട്ടുകള്‍ അടുത്തടുത്ത ഈ മണ്ഡലങ്ങളില്‍ പരസ്‌പര പൂരകങ്ങള്‍ ആയി വരാം. ആറു മണ്ഡലങ്ങള്‍ ബി.ജെ.പി. സാധ്യതാ പട്ടികയില്‍ പെടുത്തിയിട്ടുണ്ട് വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, കാട്ടാക്കട, ആറ്റിങ്ങല്‍, ചാത്തന്നൂര്‍, തിരുവല്ല. അട്ടിമറി സാധ്യത തൃശൂര്‍, മണലൂര്‍, ആറന്മുള എന്നിവിടങ്ങളില്‍ കാണുന്നു. എന്തായാലും 35 മണ്ഡലങ്ങളില്‍ ബി.ജെ.പി. നിര്‍ണായക ശക്‌തിയായി വളര്‍ന്നു കഴിഞ്ഞു. ആരു ജയിക്കണം, തോല്‍ക്കണം എന്ന് ബി.ജെ.പി. തീരുമാനിക്കും എന്നായി. അതിനാലാകാം, കേരളത്തില്‍ ത്രിശങ്കു സഭ വരുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറയുന്നത്.
അങ്ങനെ തൂക്ക് സഭ ആകുമോ?
കേരളത്തില്‍ ത്രിശങ്കു സഭ വന്ന 1965ല്‍ പോളിങ് ശതമാനം 75.12 ആയിരുന്നു. അവിഭക്‌ത കമ്യൂണിസ്‌റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പിനു ശേഷം നടന്ന ആ തെരഞ്ഞെടുപ്പില്‍ സി.പി.എം. ആയിരുന്നു ഏറ്റവും കൂടുതല്‍ സീറ്റ് കിട്ടിയ കക്ഷി 40. സി.പി.ഐയ്‌ക്ക് വെറും മൂന്ന്. ആകെ മണ്ഡലങ്ങള്‍ 133. സി.പി.എം. 73ല്‍, മത്സരിച്ചു, സി.പി.ഐ. 79ലും. കോണ്‍ഗ്രസ് 133ല്‍ മത്സരിച്ച് 36 നേടി. കേരളാ കോണ്‍ഗ്രസ് 54.ല്‍ 26. എസ്.എസ്.പി. 29ല്‍ 13. മുസ്ലിം ലീഗ് 16ല്‍ ആറ്. സ്വതന്ത്രര്‍ 12. അക്കാലത്താണ് കോണ്‍ഗ്രസ് പിളര്‍ന്ന് കേരളാ കോണ്‍ഗ്രസ് ഉണ്ടായത്. അതിന്റെ ക്ഷീണം കോണ്‍ഗ്രസിനുണ്ടായി. എന്നാല്‍, കേരളത്തില്‍ ഏറ്റവും കൂടുതല്‍ പോളിങ് ശതമാനം ഉണ്ടായത് വിമോചന സമരത്തിനു ശേഷം 1960ല്‍ നടന്ന തെരഞ്ഞെടുപ്പിലാണ്-85.72%. അതിനൊക്കെയാണ് ഭരണവിരുദ്ധ വികാരം എന്ന് പറയുന്നത്.
പി.സി. ജോര്‍ജ്, മകന്‍ ഷോണിന്റെ സഹായത്തോടെ ചീത്ത വിളിക്കുന്ന കത്തോലിക്കാ സഭ സി.ഐ.എയുടെ സഹകരണത്തോടെ നടത്തിയ തെരഞ്ഞെടുപ്പ് എന്നും പറയാം. വിമോചന സമരം മൂര്‍ദ്ധന്യത്തില്‍ എത്തിയപ്പോള്‍ ഭരണഘടനയിലെ വകുപ്പ് 356 പ്രയോഗിച്ച് ഇ.എം.എസ്. മന്ത്രിസഭയെ നെഹ്‌റു പിരിച്ചു വിട്ടു. രാഷ്‌ട്രപതി രാജേന്ദ്രപ്രസാദ് വിയോജിച്ചു. ഈ പോളിങ് ശതമാനം 1957ലെ തെരഞ്ഞെടുപ്പില്‍നിന്ന് 20.23% വര്‍ധന ആയിരുന്നു. ഇങ്ങനൊന്ന് അസാധാരണമാണ്. അന്വേഷണം വേണ്ട കാര്യവുമാണ്. 1957ല്‍ 65.49% ആയിരുന്നു. 1960ല്‍ കോണ്‍ഗ്രസ് 80 സീറ്റില്‍ 63ല്‍ ജയിച്ചു. 20 കൂടി. കമ്യൂണിസ്‌റ്റ് പാര്‍ട്ടി 108ല്‍ മത്സരിച്ചു ജയിച്ചത് വെറും 29ല്‍. പി.എസ്.പി. 33ല്‍ 20. ജനസംഘം മൂന്ന് സീറ്റില്‍ മത്സരിച്ചു തോറ്റു. നേടിയത് 5277 വോട്ട്. 0.07%. മത്സരിച്ച സീറ്റുകളില്‍ വോട്ട് 3.28%. എന്നിട്ട് പി.എസ്.പിയുടെ പട്ടം താണുപിള്ള മുഖ്യമന്ത്രിയും കോണ്‍ഗ്രസിറെ ആര്‍. ശങ്കര്‍ ഉപമുഖ്യമന്ത്രിയുമായി. ഇതുപോലെ പില്‍ക്കാലത്ത് കോണ്‍ഗ്രസിന് ഭൂരിപക്ഷമുള്ളപ്പോള്‍ സി.പി.ഐയുടെ സി. അച്യുത മേനോനും മുഖ്യമന്ത്രി ആയി. നാണം കെട്ട കീഴടങ്ങല്‍. ഈ ദുരൂഹ ശതമാനം കാരണമാണ്, പോളിങ് കൂടിയാല്‍ യു.ഡി.എഫ്. ജയിക്കുമെന്ന അന്ധവിശ്വാസം ഉണ്ടായത്. അത് എന്നേ ശരിയല്ലാതായി. ഈ തെരഞ്ഞെടുപ്പ് ദിശാ മാറ്റമാണ്. ഇരു മുന്നണികള്‍ അല്ലാതെ മറ്റൊന്ന് രാഷ്‌ട്രീയത്തെ ഇളക്കി മറിച്ച തെരഞ്ഞെടുപ്പ്. ഭരണചക്രത്തില്‍ കാവി കലരുന്നു.



