ഇന്ത്യന്‍ പാര്‍ലമെന്ററി ചരിത്രത്തിലെ നിര്‍ണായകമായ ഒരു വഴിത്തിരിവിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. ഭരണഘടനയുടെ 131-ാം ഭേദഗതിയിലൂടെ ലോക്‌സഭയിലെ അംഗസംഖ്യ 50 ശതമാനത്തോളം വര്‍ധിപ്പിക്കാനും, 2011ലെ സെന്‍സസ് അടിസ്‌ഥാനമാക്കി മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിക്കാനുമുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഭരണഘടനാപരമായ വലിയൊരു സംവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഏറെക്കാലമായി ചര്‍ച്ച ചെയ്യപ്പെടുന്ന സ്‌ത്രീ സംവരണ ബില്ലിന്റെ നടത്തിപ്പിന് മണ്ഡല പുനര്‍നിര്‍ണയം അനിവാര്യമാണെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാട്. എന്നാല്‍, ഈ സാങ്കേതികത്വത്തിന് പിന്നില്‍ ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തിന്റെ ആണിക്കല്ല് ഇളക്കുന്ന രാഷ്‌ട്രീയ തന്ത്രങ്ങളുണ്ടോ എന്ന ഗൗരവകരമായ സംശയമാണ് ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങളും പ്രതിപക്ഷ പാര്‍ട്ടികളും ഉയര്‍ത്തുന്നത്.
സ്വാതന്ത്ര്യാനന്തരം രാജ്യം മുന്നോട്ടുവച്ച ജനസംഖ്യാ നിയന്ത്രണ നയങ്ങള്‍ ആത്മാര്‍ത്ഥമായി നടപ്പിലാക്കിയ കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്‌ഥാനങ്ങള്‍ പാര്‍ലമെന്റിലെ തങ്ങളുടെ രാഷ്‌ട്രീയ സ്വാധീനം നഷ്‌ടപ്പെടുമോ എന്ന ഭീതിയിലാണ്. ജനസംഖ്യ കൂടിയ ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമ്പോള്‍, ജനക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെയും വിദ്യാഭ്യാസത്തിലൂടെയും ജനസംഖ്യ നിയന്ത്രിച്ച ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങള്‍ ശിക്ഷിക്കപ്പെടുന്ന വൈപരീത്യമാണ് ഇവിടെ ദൃശ്യമാകുന്നത്. 'ആനുപാതിക പ്രാതിനിധ്യം' എന്ന ജനാധിപത്യ തത്വവും 'തുല്യനീതി' എന്ന ഫെഡറല്‍ തത്വവും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമായി ഈ നിയമനിര്‍മാണം മാറിക്കഴിഞ്ഞു. കേവലം സീറ്റുകളുടെ എണ്ണം കൂട്ടുന്നതിലുപരി, വരുംദശകങ്ങളില്‍ ഇന്ത്യയുടെ അധികാര കേന്ദ്രം എവിടെയായിരിക്കണം എന്ന് നിശ്‌ചയിക്കുന്ന ഈ നീക്കം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ബഹുസ്വരതയെ എപ്രകാരം ബാധിക്കുമെന്ന് ആഴത്തിലുള്ള പരിശോധന അര്‍ഹിക്കുന്നു.
ജനാധിപത്യ ശാക്‌തീകരണവും
ഭരണപരമായ കാര്യക്ഷമതയും
കേന്ദ്ര സര്‍ക്കാരും മണ്ഡല പുനര്‍നിര്‍ണയത്തെ അനുകൂലിക്കുന്നവരും ഈ ബില്ലിനെ കേവലം ഒരു രാഷ്‌ട്രീയ മാറ്റമായല്ല, മറിച്ച് ഇന്ത്യന്‍ ജനാധിപത്യത്തെ കാലാനുസൃതമായി പരിഷ്‌കരിക്കാനുള്ള ചരിത്രപരമായ ചുവടുവയ്‌പായാണ് വിശേഷിപ്പിക്കുന്നത്. ഇതിനായി അവര്‍ പ്രധാനമായും മുന്നോട്ടുവയ്‌ക്കുന്ന വാദങ്ങള്‍ താഴെ പറയുന്നവയാണ്:
- അംഗസംഖ്യയിലെ വര്‍ധനയും ഭരണസൗകര്യവും
നിലവില്‍ 543 അംഗങ്ങളുള്ള ലോക്‌സഭയുടെ അംഗബലം 850 ആയി ഉയര്‍ത്താനാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ ജനസംഖ്യ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ വന്‍തോതില്‍ വര്‍ധിച്ചിട്ടും പാര്‍ലമെന്റ് സീറ്റുകളുടെ എണ്ണം 1970കളിലെ നിലയില്‍ തന്നെ തുടരുന്നത് ജനാധിപത്യപരമായ വിടവ് സൃഷ്‌ടിക്കുന്നുണ്ടെന്ന് അനുകൂലികള്‍ വാദിക്കുന്നു. ഒരു ജനപ്രതിനിധി കൈകാര്യം ചെയ്യേണ്ട ജനങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത് ഭരണപരമായ കാര്യക്ഷമതയെ ബാധിക്കുന്നുണ്ട്. സീറ്റുകള്‍ 50 ശതമാനത്തോളം വര്‍ധിപ്പിക്കുന്നതിലൂടെ ഓരോ മണ്ഡലത്തിലെയും ജനസംഖ്യാ ഭാരം കുറയുകയും, എം.പിമാര്‍ക്ക് തങ്ങളുടെ വോട്ടര്‍മാരുമായി കൂടുതല്‍ നേരിട്ട് സംവദിക്കാനും വികസന പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ഏകോപിപ്പിക്കാനും സാധിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ആനുപാതികമായ വര്‍ധനയും സുരക്ഷിതത്വവും മണ്ഡല പുനര്‍നിര്‍ണയം വരുമ്പോള്‍ ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങള്‍ക്ക് പ്രാതിനിധ്യം കുറയുമെന്ന ആശങ്കയ്‌ക്ക് കൃത്യമായ മറുപടിയാണ് അനുകൂലികള്‍ നല്‍കുന്നത്.
ഒരു സംസ്‌ഥാനത്തിനും നിലവിലുള്ള രാഷ്‌ട്രീയ ശക്‌തി നഷ്‌ടപ്പെടില്ലെന്നും പകരം എല്ലാ സംസ്‌ഥാനങ്ങള്‍ക്കും തുല്യമായ തോതില്‍ സീറ്റുകള്‍ വര്‍ധിക്കുകയാണ് ചെയ്യുകയെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നു. ഉദാഹരണത്തിന്, കേരളത്തിന് നിലവിലുള്ള 20 സീറ്റുകള്‍ എന്നത് 30 ആയും, തമിഴ്‌നാടിന് 39 സീറ്റുകള്‍ എന്നത് 58 ആയും ഉയരും. ഓരോ സംസ്‌ഥാനത്തിനും അവരവരുടെ നിലവിലെ വിഹിതത്തിന്റെ 50 ശതമാനം അധികം സീറ്റുകള്‍ ലഭിക്കുന്നതിലൂടെ സംസ്‌ഥാനങ്ങള്‍ തമ്മിലുള്ള രാഷ്‌ട്രീയ സന്തുലിതാവസ്‌ഥ നിലനിര്‍ത്താന്‍ കഴിയുമെന്നാണ് വാദം. ഇത് വഴി ഒരു സംസ്‌ഥാനവും വിവേചനത്തിന് ഇരയാകുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പിച്ചു പറയുന്നു.
സ്‌ത്രീ സംവരണത്തിനുള്ള പ്രായോഗിക മാര്‍ഗം
33 ശതമാനം സ്‌ത്രീ സംവരണം നടപ്പിലാക്കുക എന്ന ലക്ഷ്യം കൈവരിക്കാനുള്ള ഏറ്റവും പ്രായോഗികമായ മാര്‍ഗമാണ് മണ്ഡല പുനര്‍നിര്‍ണയമെന്ന് കേന്ദ്രം വാദിക്കുന്നു. നിലവിലുള്ള 543 സീറ്റുകളില്‍ സംവരണം ഏര്‍പ്പെടുത്തുന്നത് പുരുഷ ജനപ്രതിനിധികളുടെ അവസരം കുറയ്‌ക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, സീറ്റുകളുടെ എണ്ണം 850 ആയി ഉയര്‍ത്തുന്നതിലൂടെ നിലവിലുള്ള പൊതുവിഭാഗം സീറ്റുകള്‍ക്ക് കുറവുണ്ടാകാതെ തന്നെ സ്‌ത്രീകള്‍ക്ക് വലിയ തോതില്‍ പ്രാതിനിധ്യം നല്‍കാന്‍ സാധിക്കും. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ വിപുലമായ സൗകര്യങ്ങള്‍ ഈ വര്‍ധിത അംഗസംഖ്യയെ ഉള്‍ക്കൊള്ളാന്‍ സജ്‌ജമാണെന്നും അനുകൂലികള്‍ വ്യക്‌തമാക്കുന്നു.
യഥാര്‍ഥ ജനസംഖ്യാ പ്രാതിനിധ്യം
ജനാധിപത്യത്തിന്റെ അടിസ്‌ഥാന തത്വമായ 'ഒരാള്‍ക്ക് ഒരു വോട്ട്, ഒരു മൂല്യം' എന്നത് കൃത്യമായി പാലിക്കപ്പെടണമെങ്കില്‍ കാലികമായ സെന്‍സസ് വിവരങ്ങള്‍ അടിസ്‌ഥാനമാക്കി മണ്ഡലങ്ങള്‍ നിര്‍ണയിക്കേണ്ടതുണ്ട്. 2011ലെ സെന്‍സസ് വിവരങ്ങള്‍ ഉപയോഗിക്കുന്നത് വഴി മണ്ഡലങ്ങളുടെ അതിര്‍ത്തികള്‍ കൂടുതല്‍ ശാസ്‌ത്രീയമായി നിശ്‌ചയിക്കാന്‍ കഴിയും. ഇത് വഴി എല്ലാ വോട്ടര്‍മാര്‍ക്കും തുല്യമായ പ്രാതിനിധ്യം ഉറപ്പാക്കാന്‍ കഴിയുമെന്നും, ഇത് ഇന്ത്യന്‍ ജനാധിപത്യത്തെ കൂടുതല്‍ സുതാര്യവും ജനകീയവുമാക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വാദിക്കുന്നു.
ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റം
കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവയ്‌ക്കുന്ന മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെതിരേ രാജ്യവ്യാപകമായി, പ്രത്യേകിച്ച് ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍നിന്ന് അതിശക്‌തമായ പ്രതിഷേധമാണ് ഉയരുന്നത്. 'ഇന്ത്യ' മുന്നണിയും വിവിധ പ്രാദേശിക കക്ഷികളും ഈ നീക്കത്തെ ജനാധിപത്യവിരുദ്ധവും ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്നതുമായ ഒന്നായിട്ടാണ് കാണുന്നത്.
വികസനത്തിന് ലഭിക്കുന്ന ശിക്ഷ
ജനസംഖ്യാ നിയന്ത്രണം, വിദ്യാഭ്യാസം, ആരോഗ്യം, സ്‌ത്രീശാക്‌തീകരണം തുടങ്ങിയ മേഖലകളില്‍ കേന്ദ്ര നിര്‍ദേശങ്ങള്‍ പാലിച്ച് മാതൃകാപരമായ മുന്നേറ്റം നടത്തിയ കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്‌ഥാനങ്ങള്‍ ഈ ബില്ലിലൂടെ ശിക്ഷിക്കപ്പെടുകയാണ് എന്ന വാദമാണ് പ്രധാനമായും ഉയരുന്നത്. ജനസംഖ്യ വിജയകരമായി നിയന്ത്രിച്ചതിന്റെ പേരില്‍ പാര്‍ലമെന്റിലെ രാഷ്‌ട്രീയ പ്രാതിനിധ്യം കുറയുന്നത് ഇരട്ടനീതിയാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്‌റ്റാലിന്‍ ചൂണ്ടിക്കാട്ടുന്നു. ജനസംഖ്യ നിയന്ത്രിക്കാത്ത സംസ്‌ഥാനങ്ങള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ നല്‍കുന്നത് വഴി, ദേശീയ നയങ്ങള്‍ കൃത്യമായി നടപ്പിലാക്കിയവര്‍ രാഷ്‌ട്രീയമായി അപ്രസക്‌തരാക്കപ്പെടുകയാണ്.
'ജനസംഖ്യ നിയന്ത്രിച്ചാല്‍ നഷ്‌ടം, നിയന്ത്രിക്കാതെയിരുന്നാല്‍ നേട്ടം' എന്ന സന്ദേശം രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ ദിശയായി മാറുന്നത് അപകടകരമാണെന്നാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടത്.
രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനവും
ജാതി സെന്‍സസ് ആവശ്യവും
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ അതിശക്‌തമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. 2011ലെ പഴയ സെന്‍സസ് ഡേറ്റ ഉപയോഗിച്ച് മണ്ഡല പുനര്‍നിര്‍ണയവും സ്‌ത്രീ സംവരണവും നടപ്പിലാക്കുന്നത് 'അഴിമതി നിറഞ്ഞതും വഴിതിരിച്ചുവിടുന്നതുമായ' നീക്കമാണെന്ന് അദ്ദേഹം വിശേഷിപ്പിക്കുന്നു.
2011ലെ സെന്‍സസില്‍ ജാതി തിരിച്ചുള്ള കണക്കുകള്‍ ലഭ്യമല്ല. അതിനാല്‍, ഈ ഡേറ്റ ഉപയോഗിക്കുന്നത് വഴി മറ്റ് പിന്നാക്ക വിഭാഗങ്ങളിലെ സ്‌ത്രീകള്‍ക്ക് സംവരണത്തിന്റെ ആനുകൂല്യം നിഷേധിക്കപ്പെടുമെന്ന് അദ്ദേഹം ആരോപിക്കുന്നു. 2026ലെ പുതിയ സെന്‍സസും ജാതി സെന്‍സസും നടത്താതെ ഈ ബില്‍ നടപ്പാക്കുന്നത് പിന്നാക്ക വിഭാഗങ്ങളുടെ വിഹിതം തട്ടിയെടുക്കാനുള്ള 'ദേശവിരുദ്ധ' പ്രവൃത്തിയാണെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. നിലവിലെ ഘടനയില്‍ തന്നെ സ്‌ത്രീ സംവരണം നടപ്പാക്കണമെന്നും, അതിനായി മണ്ഡല പുനര്‍നിര്‍ണയം വരെ കാത്തിരിക്കുന്നത് രാഷ്‌ട്രീയ വഞ്ചനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ഹിന്ദി ഹൃദയഭൂമിയുടെ രാഷ്‌ട്രീയ ആധിപത്യം
ഉത്തര്‍പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ്, രാജസ്‌ഥാന്‍ എന്നീ നാല് ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങളുടെ സീറ്റുകള്‍ ഗണ്യമായി വര്‍ധിക്കുന്നത് രാജ്യത്തിന്റെ അധികാരം ഒരു നിശ്‌ചിത മേഖലയിലേക്ക് മാത്രമായി കേന്ദ്രീകരിക്കപ്പെടാന്‍ കാരണമാകുമെന്ന് അകാലിദള്‍ നേതാവ് സുഖ്‌ബീര്‍ സിങ് ബാദല്‍ ഉള്‍പ്പെടെയുള്ളവര്‍ ഭയപ്പെടുന്നു. ഇത് ഹിന്ദി സംസാരിക്കാത്ത സംസ്‌ഥാനങ്ങളെയും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പ്രാധാന്യമുള്ള പഞ്ചാബ് പോലുള്ള സംസ്‌ഥാനങ്ങളെയും രാഷ്‌ട്രീയമായി നിശ്‌ശബ്‌ദരാക്കും. ലോക്‌സഭയിലെ സീറ്റുകളുടെ 40 ശതമാനത്തിലധികം ഈ നാല് സംസ്‌ഥാനങ്ങളില്‍നിന്ന് മാത്രമായാല്‍, മറ്റു സംസ്‌ഥാനങ്ങളുടെ ശബ്‌ദത്തിന് ഡല്‍ഹിയില്‍ വിലയുണ്ടാവില്ലെന്ന ആശങ്കയാണുള്ളത്.
ഒഡീഷയുടെയും ഇതര സംസ്‌ഥാനങ്ങളുടെയും ആശങ്കകള്‍
ഒഡീഷയുടെ സീറ്റുകള്‍ 21ല്‍നിന്ന് 29 ആയി വര്‍ധിക്കുമെങ്കിലും, ലോക്‌സഭയിലെ ആകെ പ്രാതിനിധ്യ വിഹിതം 3.9 ശതമാനത്തില്‍നിന്ന് 3.4 ശതമാനമായി കുറയുമെന്ന് മുന്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ചൂണ്ടിക്കാട്ടുന്നു. ഇത് ഒഡീഷയുടെ രാഷ്‌ട്രീയ സ്വാധീനം 15 ശതമാനത്തോളം കുറയ്‌ക്കുമെന്ന് അദ്ദേഹം കണക്കുകള്‍ സഹിതം സമര്‍ത്ഥിക്കുന്നു. ഇതിനുപുറമെ, ഭരണകക്ഷിയുടെ രാഷ്‌ട്രീയ നേട്ടത്തിനായി മണ്ഡല അതിര്‍ത്തികള്‍ മാറ്റിവരയ്‌ക്കുന്ന 'ജെറിമാന്‍ഡറിങ്' നടക്കുമോ എന്ന ഭീതിയും പ്രതിപക്ഷം പങ്കുവയ്‌ക്കുന്നുണ്ട്. അസമില്‍ അടുത്തിടെ നടന്ന മണ്ഡല പുനര്‍നിര്‍ണയം ഇതിനൊരു ഉദാഹരണമായി അവര്‍ ഉയര്‍ത്തിക്കാട്ടുന്നു. ചുരുക്കത്തില്‍, സ്‌ത്രീ സംവരണത്തിന്റെ മറവില്‍ ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങളുടെ രാഷ്‌ട്രീയ ആധിപത്യം ഉറപ്പിക്കാനുള്ള കുറുക്കുവഴിയാണ് ഈ ബില്ലെന്നാണ് എതിര്‍ക്കുന്നവരുടെ പ്രധാന വാദം.
സംഖ്യാബലവും ഫെഡറല്‍ നീതിയും
131ാം ഭരണഘടനാ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്ന മണ്ഡല പുനര്‍നിര്‍ണയം കേവലം സീറ്റുകളുടെ എണ്ണം കൂട്ടലായി മാറാതെ, ഇന്ത്യയുടെ സങ്കീര്‍ണമായ ഫെഡറല്‍ ഘടനയെ സംരക്ഷിക്കുന്ന ഒന്നായി മാറേണ്ടതുണ്ട്. സ്‌ത്രീ സംവരണം എന്ന ഉദാത്തമായ ലക്ഷ്യത്തെ രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കുള്ള പുകമറയാക്കി മാറ്റി, സംസ്‌ഥാനങ്ങളുടെ ന്യായമായ രാഷ്‌ട്രീയ അവകാശങ്ങള്‍ കവരുന്നത് ഫെഡറലിസത്തിന്റെ അന്തഃസത്തയ്‌ക്ക് നിരക്കാത്തതാണ്.
ദേശീയ നയങ്ങള്‍ക്കനുസൃതമായി ജനസംഖ്യാ നിയന്ത്രണം നടപ്പിലാക്കി വികസനത്തിന്റെ പുതിയ പാതകള്‍ വെട്ടിത്തുറന്ന ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങളെയും മറ്റും രാഷ്‌ട്രീയമായി ശിക്ഷിക്കുന്നത് രാജ്യത്തിന്റെ ഐക്യത്തിന് ഗുണകരമല്ല. 'ജനസംഖ്യ കുറച്ചാല്‍ രാഷ്‌ട്രീയ പ്രാതിനിധ്യം നഷ്‌ടപ്പെടും' എന്ന തെറ്റായ സന്ദേശം സംസ്‌ഥാനങ്ങള്‍ക്ക് നല്‍കുന്നത് ഭാവിയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. അതിനാല്‍, ജനസംഖ്യ എന്ന ഏക മാനദണ്ഡത്തിനു പകരം വികസന സൂചികകളും ഭരണപരമായ മികവും പരിഗണിക്കുന്ന കൂടുതല്‍ ശാസ്‌ത്രീയവും നീതിയുക്‌തവുമായ ഒരു ഫോര്‍മുല രൂപീകരിക്കേണ്ടത് അത്യാവശ്യമാണ്.
കെ.ജെ. ജോര്‍ജ്




