
തൃശ്ശൂർ: സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന റാങ്ക് ഹോൾഡർമാരുടെ സമരത്തിനിടെ കൂട്ടുകാരിയെ കെട്ടിപ്പിടിച്ചു കരഞ്ഞ ടി.ഡി. ഡെൻസിയുടെ ദൃശ്യം മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയിരുന്നു. ഒടുവിൽ ഡെൻസിയെ തേടി നിയമന ഉത്തരവെത്തി.
എരുമപ്പെട്ടി മണ്ടംപറമ്പ് തോപ്പിൽ ടി.ഡി. ഡെൻസിക്കാണ് ലാസ്റ്റ് ഗ്രേഡ് സർവന്റായി നിയമന ഉത്തരവ് ലഭിച്ചത്.
റാങ്ക് ലിസ്റ്റിൽ 497-ാം സ്ഥാനത്ത്
ഉണ്ടായിരുന്ന ഡെൻസിക്ക് ചൊവ്വാഴ്ചയാണ് നിയമന ഉത്തരവ് ലഭിച്ചത്.
നാലുമാസം ഗർഭിണിയായതുകൊണ്ട് പ്രത്യേക അപേക്ഷപ്രകാരം ഏറ്റവും അടുത്തുള്ള തലപ്പിള്ളി താലൂക്കിലാണ് നിയമനം ലഭിച്ചത്. അടുത്തുള്ള സ്ഥലത്തേയ്ക്ക് നിയമനം ലഭിക്കുവാൻ സമരസമിതിയുടെ സഹായം ലഭിച്ചുവെന്ന് ഡെൻസി പറയുന്നു.
സമരത്തിന് നേതൃത്വം നൽകിയ ലയയ്ക്കൊപ്പമുള്ള ചിത്രമാണ് ശ്രദ്ധേയമായത്. സമരത്തിന്റെ ഭാഗമായി ചിലർ മണ്ണെണ്ണ ദേഹത്ത് ഒഴിക്കാൻ തുടങ്ങിയപ്പോൾ ലയ രാജേഷ് അവരെ പിൻതിരിപ്പിക്കാൻ ശ്രമിച്ചു. പിന്നീട് മാധ്യമങ്ങളോട് സംസാരിച്ചശേഷം മാറിനിൽക്കുമ്പോഴാണ് ലയ ചേച്ചിയുടെ അടുത്തെത്തിയത്. ഞങ്ങൾ രണ്ടുപേരും വിഷമം സഹിക്കവയ്യാതെയാണ് അന്ന് കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞതെന്നും ഡെൻസി പറയുന്നു.






