
കൊച്ചി: എറണാകുളം റെഡ് അലെർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഏത് അടിയന്തര സാഹചര്യത്തേയും നേരിടാൻ ജില്ലയെ സജ്ജമാക്കിയിട്ടുണ്ടെന്ന് കലക്ടർ എസ് സുഹാസ്. താലൂക് തലത്തിൽ ഇൻസിഡന്റ് റെസ്പോൺസ് ടീമിന്റെ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്താനും നിർദ്ദേശങ്ങൾ വീഴ്ച കൂടാതെ പിന്തുടരാനും തഹസീൽദാർമാർക്ക് നിർദേശം നൽകി.
കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തന സജ്ജമായിരിക്കണമെന്നും നിർദേശം നൽകി.
പകർച്ചവ്യാധി തടയുന്നതിനുള്ള നിയന്ത്രണ നടപടികൾ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പിന് നിർദ്ദേശം നൽകി. മണ്ണിടിച്ചിൽ പോലെയുള്ള സംഭവങ്ങൾ നിരീക്ഷിക്കാനും വേണ്ടി വന്നാൽ ആളുകളെ മാറ്റി പാർപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
മൂന്ന് മണിക്കൂറിനുള്ളിൽ ജില്ലയിലെ എല്ലാ നദികളുടെ ജലനിരപ്പ് നിരീക്ഷിക്കാനും ജലനിരപ്പ് ഉയരുകയാണെങ്കിൽ ജനങ്ങളെ മാറ്റി പാർപ്പിക്കാൻ വേണ്ട നടപടി എടുക്കാൻ ഇറിഗേഷൻ വകുപ്പിനും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്കും കലക്ടർ നിർദ്ദേശം നൽകി.






