
തൃശൂര്‍ : ഇന്ത്യയില്‍ കോവിഡ് രോഗം പരിചയപ്പെടുത്തിയയാള്‍ എന്ന് കരുതുന്ന് മലയാളി വിദ്യാര്‍ത്ഥിനിയ്ക്ക് വീണ്ടും കോവിഡ്. ഇന്ത്യയിലെ ആദ്യ കോവിഡ് രോഗി എന്ന വിശേഷണമുള്ള ചൈനയിലെ വിദ്യാര്‍ത്ഥിയായ തൃശൂര്‍ക്കാരിക്ക് വീണ്ടും കോവിഡ് പോസിറ്റീവായതായി അധികൃതര്‍ വ്യക്തമാക്കി. ആര്‍ടി പിസിആര്‍ പരിശോധനയില്‍ പോസിറ്റീവും ആന്റീജനില് നെഗറ്റീവും ആണ്.
ഇന്ത്യയില്‍ കോവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് 2020 ജനുവരിയില്‍ ആയിരുന്നു. കോവിഡിന്റെ ഉറവിടമായ ചൈനയിലെ വുഹാനില്‍ വിദ്യാര്‍ത്ഥിയായിരുന്ന യുവതി സെമസ്റ്റര്‍ പരീക്ഷയ്ക്ക് ശേഷം അവധിയ്ക്ക് നാട്ടിലെത്തിയപ്പോള്‍ 2020 ജനുവരി 30 നായിരുന്നു ആദ്യമായി രോഗം സ്ഥിരീകരിച്ചത്. രണ്ടാം വരവില്‍ യാതൊരു ലക്ഷണവും ഇവര്ക്കുണ്ടായിരുന്നില്ലെന്ന് തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പിടിഐ യോട് പറഞ്ഞു.
ഇപ്പോള്‍ ഇവര്‍ വീട്ടില്‍ തന്നെയുണ്ട്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ മൂന്നാഴ്ചത്തെ വിശ്രമത്തിനും ചികിത്സയ്ക്കും ശേഷം രണ്ടു തവണ നെഗറ്റീവ് കാണിച്ച ശേഷം 2020 ഫെബ്രുവരി 20 നായിരുന്നു ഇവര്‍ ആശുപത്രി വിട്ട് തിരികെ പോയത്.






