
ന്യുഡല്‍ഹി: കോവിഡ് വാക്സിന് രണ്ട് ഡോസും സ്വീകരിച്ചവരില്‍ രണ്ടാം തരംഗത്തില്‍ മരണം 95 ശതമാനം വരെ കുറയ്ക്കാന്‍ കഴിഞ്ഞുവെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് (ഐസിഎംആര്‍) പഠനം. ഒരു ഡോസ് മാത്രം സ്വീകരിച്ചവരില്‍ 82% ആണ് മരണം കുറയ്ക്കാന്‍ വാക്സീന് സഹായിച്ചത്. തമിഴ്നാട്ടില്‍ കോവിഡ് അതിരൂക്ഷമായി ബാധിച്ച 1.2 ലക്ഷം പോലീസുകാരില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.
രണ്ടാം തരംഗത്തില്‍ ഏറ്റവും മാരകമായത് ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനമായിരുന്നു. രണ്ടാം തരംഗത്തില്‍ മരണം കൂടാന്‍ കാരണമായത് ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യമായിരുന്നു. ഇതിനെ ഫലപ്രദമായി തടയാന്‍ വാക്സീന് ഒരു പരിധിവരെ കഴിഞ്ഞിട്ടുണ്ട്. തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച 1,17,524 പോലീസുകാരെയാണ് പഠനത്തിന്റെ ഭാഗമാക്കിയത്. ഇവരില്‍ 17,059 പേര് വാക്സിന് സ്വീകരിച്ചിരുന്നില്ല. 32,792 പേര് ഒറ്റ ഡോസും 67,673 പേര് പൂര്‍ണ്ണമായും വാക്സീന് സ്വീകരിച്ചിരുന്നു.
വാക്സീന് സ്വീകരിക്കാത്ത 1000 പേരില്‍ 1.17 പേര് മരണമടഞ്ഞു. എന്നാല്‍ ഒരു ഡോസ് സ്വീകരിച്ചവരില്‍ 1000 പേരില്‍ 0.21 പേരാണ് മരണത്തിന് കീഴടങ്ങിയത്. രണ്ട് ഡോസും സ്വീകരിച്ചവരിലാകട്ടെ 1000 പേരില്‍ 0.06 പേര് മാത്രമാണ് മരണമടഞ്ഞത്. ഇന്ത്യയുടെ കോവിഡ് വാക്സിന് ഏറെ സുരക്ഷിതമാണെന്നാണ് ഇത് തെളിയിക്കുന്നതെന്ന് നിതി അയോഗിലെ ആരോഗ്യ വിഭാഗം അംഗം ഡോ.വി.കെ പോള്‍ പറഞ്ഞു. കോവിഡ് ബാധ ഗുരുതരമാകാതിരിക്കാനും മരണം ഒഴിവാക്കാനും വാക്സീന് സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് ഡോ.വി.കെ പോള്‍ ഈ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
വാക്സിന് സ്വീകരിച്ചശേഷം കോവിഡ് സ്ഥിരീകരിച്ചവരില്‍ പത്തില്‍ ഒരാള്‍ക്ക് മാത്രമാണ് ആശുപത്രിയില്‍ ചികിത്സ തേടേണ്ടിവന്നതെന്നും ഐസിഎംആര്‍ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ ആര്‍ക്കും തന്നെ വെന്റിലേറ്ററോ ഓക്സിജന്‍ സപ്പോര്‍ട്ടോ വേണ്ടിവന്നില്ല. ഇവരെ ഐസിയുവില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യവുമുണ്ടായില്ലെന്ന് ഐസിഎംആര്‍ എപിഡെമോളജി ആന്റ് കമ്യൂണികബിള്‍ ഡീസസ് ഡിവിഷന് മേധാവി ഡോ. സമരിന്‍ പാണ്ഡ പറഞ്ഞു.






