
മലപ്പുറം: ന്യുനപക്ഷ സ്കോളര്‍ഷിപ്പ് വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ മുസ്ലീം ലീഗ്. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സച്ചാര്‍ കമ്മിറ്റ റിപ്പോര്‍ട്ടില്‍ വെള്ളം ചേര്‍ക്കാനാണ് ഇടതുപക്ഷ സര്‍ക്കാര്‍ പാലോളി കമ്മിറ്റിയെ കൊണ്ടുവന്നത്. ഇപ്പോള്‍ ആനുകൂല്യങ്ങള്‍ വീണ്ടും കുറച്ചെന്ന് സാദിഖലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എയും വിമര്‍ശിച്ചു.
സ്കോളര്‍ഷിപ്പ് അനുപാതത്തില്‍ വെള്ളം ചേര്‍ത്ത് ഇപ്പോള്‍ അത് ഇല്ലാതാക്കി. യുപിഎ സര്‍ക്കാരിന്റെ കാലത്ത് മലപ്പുറത്ത് കൊണ്ടുവന്ന അലിഗഡ് കാമ്പസ് കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരും ഇടതുപക്ഷ സര്‍ക്കാരും ചേര്‍ന്ന് കോള്‍ഡ് സ്റ്റോറേജിലാക്കി.
പ്രതിപക്ഷ നേതാവ് പറഞ്ഞതില്‍ ആശയക്കുഴപ്പമില്ല. മുസ്ലീം സമുദായത്തിന് നിലവിലുള്ള അനുപാതം നിലനിര്‍ത്തി മറ്റു ന്യുനപക്ഷങ്ങള്‍ക്ക് പുതിയ സ്കോളര്‍ഷിപ്പ് കൊണ്ടുവരണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അദ്ദേഹവുമായി താന്‍ ഫോണില്‍ സംസാരിച്ചുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സച്ചാര്‍ കമ്മിറ്റി ആനുകൂല്യങ്ങള്‍ മുസ്ലീംകള്‍ക്ക് മാത്രമായിരിക്കണം. മറ്റുള്ളവര്‍ക്ക് വേറെ പദ്ധതി വരട്ടെ. സര്‍ക്കാര്‍ നിലപാട് മുസ്ലീം ലീഗ് അംഗീകരിക്കില്ല. നിയമസഭയിലും വിഷയം ഉന്നയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ജനസംഖ്യാനുപാത അടിസ്ഥാനത്തില്‍ സ്കോളര്‍ഷിപ്പ് കൊടുത്താല്‍ നഷ്ടമുണ്ടാകില്ലെന്ന് സര്‍ക്കാര്‍ പറയുന്നത് തെറ്റാണ്. നൂറു ശതമാനം സ്കോളര്‍ഷിപ്പ് നല്‍കേണ്ടത് പിന്നീട് 80 ശതമാനമാക്കി. ഇപ്പോഴത് 59 ശതമാനമാക്കുന്നു. മുസ്ലീം വിഭാഗത്തിന് നഷ്ടമില്ലെന്ന് സര്‍ക്കാരിന് പറയാന്‍ കഴിയുമോ എന്നും ലീഗ് നേതാക്കള്‍ പറഞ്ഞു.






