
കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യപ്രതി അര്ജുന് ആയങ്കിയുടെ ജാമ്യപേക്ഷയെ എതിര്‍ത്തു കസ്റ്റംസ്. അര്ജുന് ജാമ്യം നല്കിയാല് അത് വലിയ കുറ്റകൃത്യങ്ങള്‍ക്ക് വഴിവെക്കുമെന്നും കസ്റ്റംസിനു വേണ്ടി ഹാജരായ അഭിഭാഷകന് കോടതിയില്‍ പറഞ്ഞു. ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ നിലവിലെ തെളിവുകള്‍ കൂടി കണക്കിലെടുക്കണമെന്നും കോടതിയില്‍ കസ്റ്റംസ് ആവശ്യപ്പെട്ടു. വിവിധ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചു കള്ളക്കടത്ത് സ്വര്‍ണ്ണം തട്ടിയെടുത്തിട്ടുണ്ടന്ന് അറസ്റ്റിലായ അജ്മലിന്റെ മൊഴിയില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. അര്‍ജ്ജുന്റെ ഭാര്യ അമലയുടെ മൊഴിയും ഇയാള്‍ക്കെതിരായിരുന്നു.
ക്രിമിനല്‍ സംഘങ്ങളുമായി അര്ജ്ജുന് ബന്ധം പുലര്‍ത്തിയിരുന്നു, ബന്ധുക്കള്‍ ഇടപെട്ടാണ് പ്രശ്നങ്ങള്‍ അവസാനിപ്പിച്ചതെന്ന് അമലയുടെ മൊഴിയില്‍ പറയുന്നു. നേരത്തെ മൊഴി നല്കിയ ഡി വൈ എഫ് ഐ മുന്‍ മേഖലാ സെക്രട്ടറി സജേഷ് , അര്‍ജുന്റെ ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്.അറസ്റ്റിലായ മുഹമ്മദ് ഷെഫീക്കിന്റെ മൊഴിയും അര്‍ജുനെതിരാണ്.അര്ജുന് ആയങ്കിയും ഷാഫിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും ഇതിനുള്ള തെളിവുണ്ടെന്നും കസ്റ്റംസ് സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഇരുവരും ചേര്‍ന്ന് നടത്തിയ സ്വര്‍ണ്ണക്കടത്തിന്റെ വിവരങ്ങളും കോടതിയില്‍ മുദ്രവെച്ച കവറില്‍ നേരത്തെ സമര്‍പ്പിച്ചിരുന്നു. അന്വേഷണത്തില്‍ സുപ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ ഇനിയും കണ്ടെടുത്തട്ടില്ല.
നേരത്തെ കസ്റ്റംസ് ചോദ്യം ചെയ്ത ടി പി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയും അര്‍ജുനെതിരെ മൊഴി നല്കിയട്ടുണ്ടെന്നും ഇക്കാര്യങ്ങളെല്ലാം മുദ്രവച്ച കവറില്‍ കോടതി മുമ്പാകെ സമര്‍പ്പിക്കുമെന്നും കസ്റ്റംസ് പറഞ്ഞു. വാദങ്ങള്‍ പരിഗണിച്ച സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള എറണാകുളത്തെ പ്രത്യേക കോടതി അര്ജുന് ആയങ്കിയുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് വെള്ളിയാഴ്ച്ചത്തേക്ക് മാറ്റി.
കള്ളക്കടത്തില്‍ തനിക്ക് പങ്കുണ്ടെന്നു തെളിയിക്കാനുള്ള രേഖകള്‍ കസ്റ്റംസിനു ഇല്ലെന്നാണ് അര്ജുന് കോടതിയെ അറിയിച്ചിട്ടുള്ളത്. എന്നാല്‍ അര്ജുന് ആയങ്കിക്ക് അന്തര്‍ സംസ്ഥാന കള്ളക്കടത്തു സംഘവുമായി ബന്ധം ഉണ്ടെന്നാണ് കസ്റ്റംസ് വാദം. അര്ജുന് ഉള്‍പ്പെട്ട കള്ളക്കടത്തു സംഘത്തിനെതിരെ അന്വേഷണം തുടരുകയാണെന്നും ജാമ്യം നല്‍കരുതെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുണ്ട്.






