
ബംഗലുരു: കേന്ദ്രമന്ത്രിമാരുടേയും സുപ്രീംകോടതി ജഡ്ജിമാരുടെയും പ്രതിപക്ഷ എംപിമാരുടേയും ഉള്‍പ്പെടെയുള്ള മൊബൈല്‍ ഫോണ്‍ ചോര്‍ച്ചയുണ്ടായ പെഗാസസ് വിവാദത്തില്‍ കര്‍ണാടകയുമായി ബന്ധപ്പെട്ട ഭരണ അട്ടിമറിയും. 2019ൽ കർണാടകയിലെ ജെഡിഎസ്-കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ മുൻ മുഖ്യമന്ത്രി കുമാരസ്വാമിയുടെ സെക്രട്ടറി, ഉപമുഖ്യമന്ത്രിയായിരുന്ന ജി പരമേശ്വര, സിദ്ധരാമയ്യയുടെ സെക്രട്ടറി എന്നിവരുടെ ഫോണ്‍ കോളുകൾ ചോർത്തിയതായിട്ടാണ് വിവരം.
ജെഡിഎസ്-കോൺഗ്രസ് സ൪ക്കാരിനെ താഴെയിറക്കാന്‍ ബിജെപിയുടെ ഓപ്പറേഷന് താമരയുടെ ഭാഗമായും പെഗാസസ് ഉപയോഗിച്ചിരിക്കാം എന്നാണ് സംശയം. ജെഡിഎസ്-കോൺഗ്രസ് സ൪ക്കാരിന് ചുക്കാൻ പിടിച്ചവരുടെ ആശയവിനിമയം മനസിലാക്കാനായിരുന്നു നീക്കമെന്നും ഒപ്പം അന്നത്തെ ഉപമുഖ്യമന്ത്രി ജി പരമേശ്വരയുടെ ഫോണും ചോ൪ത്തലിന് വിധേയമായ പട്ടികയിലുണ്ടെന്നാണ് വിവരം.
കോണ്‍ഗ്രസ് - ജെഡിയു സര്‍ക്കാരിലെ 17 എംഎല്‍എമാര്‍ കൂറു മാറിയതിനെ തുടര്‍ന്നായിരുന്നു കര്‍ണാടകത്തില്‍ ഭരണം വീണതും ബിജെപിയുടെ സര്‍ക്കാര്‍ തിരിച്ച് അധികാരത്തില്‍ എത്തിയതും. ഈ 17 എംഎല്‍എ മാര്‍ പിന്നീട് ബിജെപിയുടെ ഭാഗമായി യെദ്യുരപ്പ സര്‍ക്കാരില്‍ ചേര്‍ന്നിരുന്നു. യെദ്യുരപ്പ അധികാരമേറ്റ ശേഷം നടന്ന ഉപ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്തിരുന്നു. വിമത എംഎല്‍എ മാരെ ദിവസങ്ങളോളം മുംബൈയിലെ ഹോട്ടലില്‍ പാര്‍പ്പിച്ച് കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്താതെ തടയുകയും ചെയ്തിരുന്നു.
കര്‍ണാടകയില്‍ ഓപ്പറേഷന് താമര നടത്തിയ 2019 ല്‍ തന്നെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടേയും അദ്ദേഹത്തിന്റെയും സുഹൃത്തുക്കളുടെയും വരെ ഫോണ്‍ ചോര്‍ത്തല്‍ പെഗാസസിലൂടെ നടത്തിയതായി വയര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോണ്‍ഗ്രസ് അദ്ധ്യക്ഷനായിരുന്ന കാലത്ത് വാട്സ്ആപ്പില്‍ സംശയകരമായ ചില സന്ദേശങ്ങള്‍ വന്നതിനെ തുടര്‍ന്ന് രാഹുല്‍ഗാന്ധി ഫോണ്‍ നമ്പറുകള്‍ മാറ്റുകയായിരുന്നു.
ഫോൺചോ൪ത്തൽ വിവാദത്തിൽ ചാര സോഫ്റ്റ്വെയര് നി൪മിച്ച പെഗാസസ് തന്നെ ഇപ്പോൾ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ദുരുപയോഗം നടന്നിട്ടുണ്ടെന്ന് തെളിഞ്ഞാൽ കുറ്റക്കാ൪ക്കെതിരെ നടപടിയുണ്ടാകും. നേരത്തെ സോഫ്റ്റ്വെയര് ദുരുപയോഗം ചെയ്ത അഞ്ച് ഉപഭോക്താക്കളുമായുള്ള ഇടപാട് കമ്പനി അവസാനിപ്പിച്ചിട്ടുണ്ടെന്നും എൻഎസ്ഒ ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഫോണ്‍ ചോര്‍ച്ച വലിയ വിവാദമാണ് ഉണ്ടാക്കുന്നത്.






