
ടെക്സസ്: റിച്ചാര്‍ഡ് ബ്രാന്സണിനു പിന്നാലെ ലോക കോടീശ്വരന് ജെഫ് ബെസോസും സംഘവും ബഹിരാകാശം തൊട്ട് റെക്കോഡിട്ടു. ഇന്ത്യന്‍ സമയം ഇന്നലെ വൈകിട്ട് 6.43നായിരുന്നു ബെസോസിനെയും സംഘത്തെയും വഹിച്ച ബ്ലൂ ഒറിജിന്റെ ക്രൂ ക്യാപ്സൂളുമായി ബൂസ്റ്റര്‍ റോക്കറ്റ് ടെക്സസ് വാന്‍ ഹോണില്‍നിന്നു പറന്നുയര്‍ന്നത്. 10 മിനിറ്റ് 21 സെക്കന്‍ഡില്‍ അവര്‍ ബഹിരാകാശം തൊട്ട് ഭൂമിയില്‍ തിരിച്ചെത്തി. അതിവേഗ യാത്രയ്ക്കു ചെലവ് ഓരോ മിനിറ്റിനും 3,729 കോടി രൂപ.
ഏറ്റവും പ്രായം കുറഞ്ഞ ബഹിരാകാശ യാത്രികന് എന്ന റെക്കോഡ് ഡച്ച് യാത്രികന് ഒലിവര്‍ ഡീമനും പ്രായംകൂടിയ യാത്രിക എന്ന റെക്കോഡ് വാലി ഫന്കും സ്വന്തമാക്കി. ഒലിവറിനു 18 വയസും വാലിക്ക് 82 വയസുമാണു പ്രായം. ബഹിരാകാശത്തെത്തുന്ന ഏറ്റവും സമ്പന്നായ വ്യക്തിയെന്ന റെക്കോഡാണു ബെസോസ് സ്വന്തമാക്കിയത്. 15.29 ലക്ഷം കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. ഇവരെകൂടാതെ ബെസോസിന്റെ സഹോദരനും "വിനോദ സഞ്ചാരികളുടെ" പട്ടികയിലുണ്ടായിരുന്നു. ആകെ 41,022 കോടി രൂപയാണു യാത്രയ്ക്കു ചെലവായത്. (ഇന്ത്യയുടെ മംഗള്യാന് ദൗത്യത്തിന് ആകെ 500 കോടി രൂപയില്‍ താഴെയായിരുന്നു ചെലവ്). ഓരോ യാത്രികനും യാത്രയ്ക്കായി 200 കോടി രൂപയോളം മുടക്കിയെന്നാണു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ഡീമനുവേണ്ടി പണം മുടക്കിയത് അദ്ദേഹത്തിന്റെ പിതാവ് ജുഷാണ്. ബഹിരാകാശ വിദഗ്ധരില്ലാതെ നിയന്ത്രിക്കാന്‍ പൈലറ്റില്ലാതെ സാധാരണക്കാരുടെ സംഘമാണു ബ്ലൂ ഒറിജിനിലേറി ബഹിരാകാശം തൊട്ടത്. അതും റെക്കോഡ്. ബ്ലൂ ഒറിജിന്റെ സാങ്കേതിക വിദഗ്ധര്‍ ഭൂമിയില്‍നിന്നു യാത്ര നിയന്ത്രിച്ചു.
ഇന്ത്യന്‍ സമയം വൈകിട്ട് 6.43നായിരുന്നു ബെസോസിനെയും സംഘത്തെയും വഹിച്ച ബ്ലൂ ഒറിജിന്‍ കമ്പനിയുടെ ക്രൂ ക്യാപ്സൂളുമായി ബൂസ്റ്റര്‍ റോക്കറ്റ് പറന്നുയര്‍ന്നത്. 6,47നു പ്രത്യേക ക്യാപ്സൂള്‍ റോക്കറ്റില്‍നിന്നു വേര്‍പെട്ടു. നാലു മിനിറ്റുകൊണ്ട് റോക്കറ്റ് ഭൂമിയില്‍നിന്ന് 106 കിലോമീറ്റര്‍ അകലെയെത്തി. ഏതാനും മിനിറ്റുകള്‍ "ഭരമില്ലായ്മ" ആസ്വദിക്കാന്‍ യാത്രികര്‍ക്ക് അവസരം ലഭിച്ചു. 6.52 നു റോക്കറ്റ് ഭൂമിയില്‍ ഇറങ്ങി. മൂന്ന് മിനിറ്റിനുശേഷം പ്രത്യേക പാരച്യൂട്ടില്‍ ബെസോസും സംഘവും യാത്രചെയ്ത ക്യാപ്സൂള്‍ ഭൂമിയിലിറങ്ങി. 7.14 നു ബെസോസും സംഘവും ആഘോഷത്തോടെ പുറത്തിറങ്ങിയതോടെ യാത്ര വിജയം.
വിര്‍ജിന്‍ ഗാലറ്റിക്കിന്റെ പ്രത്യേക റോക്കറ്റ് വിമാനത്തില്‍ ബഹിരാകാശത്തെത്തിയാണു റിച്ചാര്‍ഡ് ബ്രാന്‍സണും സംഘവും ആദ്യമായി ബഹിരാകാശം തൊടുന്ന വിനോദസഞ്ചാരികള്‍ എന്ന റെക്കോഡ് സ്വന്തമാക്കിയത്. ഈ മാസം 11 നായിരുന്നു ബ്രാന്‍സണും സംഘവും ബഹിരാകാശത്തെത്തിയത്. ആദ്യമായി ബഹിരാകാശ വിനോദയാത്ര പ്രഖ്യാപിച്ചത് ബെസോസാണെങ്കിലും അപ്രതീക്ഷിത നീക്കത്തിനൊടുവില്‍ ബ്രാന്‍സണും സംഘവും പറന്നുയരുകയായിരുന്നു. ബ്രാന്‍സണിന്റെ യൂണിറ്റി പേടകം ഭൂമിയില്‍നിന്ന് 85 കിലോമീറ്റര്‍ ഉയരത്തിലാണ് എത്തിയത്.106 കിലോമീറ്റര്‍ പിന്നിട്ട ബെസോസും സംഘവും ദൂരത്തിന്റെ കാര്യത്തില്‍ മുന്നിലെത്തി. ദൗത്യം പൂര്‍ത്തികരിക്കാന്‍ വിര്‍ജിന്‍ ഗാലറ്റിക്കിന് 90 മിനിറ്റ് വേണ്ടിവന്നു.
വാലി കാത്തിരുന്നു 60 വര്‍ഷം!
1959ല്‍ ബഹിരാകാശ യാത്രയ്ക്കായി തെരഞ്ഞെടുക്കപ്പെട്ടവരില്‍ വാലി ഫന്കും ഉണ്ടായിരുന്നു. നാസയുടെ മെര്‍ക്കുറി 7 ദൗത്യത്തിന്റെ ഭാഗമാകാനാണ് അവരെ തെരഞ്ഞെടുത്തത്. ആ യാത്ര നടന്നിരുന്നെങ്കില്‍ ആദ്യ ബഹിരാകാശ യാത്രികയും അവരായിരുന്നേനെ.എന്നാല്‍, യാത്രയ്ക്ക് അവസരം ലഭിച്ചില്ല. 82-ാം വയസില്‍ ആ ആഗ്രഹം അവര്‍ സാധിച്ചെടുക്കുകയായിരുന്നു. ക്ഷണിക്കപ്പെട്ട അതിഥിയായാണ് ബെസോസ് വാലിയെ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്.
പൈലറ്റായിരുന്ന അവര്‍ 20,000 മണിക്കൂറിനടുത്ത് വിമാനം പറത്തിയിട്ടുണ്ട്. ഒട്ടേറെ പേരെ പരിശീലിപ്പിക്കുകയും ചെയ്തു. 1963 ല്‍ റഷ്യയില്‍നിന്നുള്ള വാലന്റീന തെരഷ്കോവ ബഹിരാകാശത്തേക്കു പറന്ന ആദ്യ വനിതയെന്ന റെക്കോഡും സ്വന്തമാക്കി. ഇക്കുറി ബഹിരാകാശ യാത്ര നടത്തുന്ന ഏറ്റവും പ്രായം ചെന്ന വ്യക്തിയെന്ന റെക്കോഡാണു വാലിക്ക്. യു.എസ്. യാത്രികനായ ജോണ്‍ ഗ്ലെന്നി(77)ന്റെ റെക്കോഡാണ് അവര്‍ മറികടന്നത്. 1998ലായിരുന്നു അദ്ദേഹത്തിന്റെ യാത്ര.
സ്കൂളില്‍നിന്ന് ആകാശത്തേക്ക് ഒലിവര്‍
ബ്ലൂ ഒറിജിന്റെ ബഹിരാകാശ ടൂറിസം പദ്ധതിയില്‍ ആദ്യമായി പണം നല്കിയ വ്യക്തികളിലൊരാളാണ് ഒലിവര്‍ ഡീമന്‍. കഴിഞ്ഞ വര്‍ഷം ഹൈസ്കൂള്‍ ഗ്രാജ്വേഷന് കഴിഞ്ഞു.
പിന്നീട് പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കാനുള്ള ശ്രമത്തിലായിരുന്നു. സ്വകാര്യ ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റ് കമ്പനിയായ സോമര്‍സെറ്റ് ക്യാപിറ്റല്‍ പാര്‍ട്ണേഴ്സിന്റെ സി.ഇ.ഒയാണ് ഒലിവറിന്റെ പിതാവ് ജുഷ് ഡീമന്‍.
അദ്ദേഹമാണു മകന്റെ ആഹ്രഹത്തിനു പണം മുടക്കിയത്. റഷ്യന്‍ ബഹിരാകാശ യാത്രികനായ യെര്‍മന്‍ തിത്തോവ് ആയിരുന്നു, ഇതുവരെ ബഹിരാകാശത്തെത്തിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. 1961ല്‍ 25ാം വയസിലായിരുന്നു യാത്ര.






