
കൊല്ലം/തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടുമാസം പൂര്‍ത്തിയാക്കിയ ദിവസം മന്ത്രി എ.കെ. ശശീന്ദ്രനെതിരേ ഗുരുതര ആരോപണം. കൊല്ലം സ്വദേശിയായ എന്‍.സി.പി. സംസ്ഥാന നിര്‍വാഹകസമിതിയംഗം ജി. പത്മാകരനെതിരായ സ്ത്രീപീഡനപരാതി ഒതുക്കിത്തീര്‍ക്കാന്‍ പരാതിക്കാരിയുടെ പിതാവുമായി മന്ത്രി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്ത്. പീഡനപരാതിയാണെന്ന് അറിയില്ലായിരുന്നെന്നും പാര്‍ട്ടിയിലെ പ്രശ്നമെന്ന നിലയില്‍ നല്ല രീതിയില്‍ തീര്‍ക്കണമെന്നാണു നിര്‍ദേശിച്ചതെന്നും മ്രന്തി ശശീന്ദ്രന് പ്രതികരിച്ചു.
എന്നാല്‍, മന്ത്രിയുടെ വാദം പരാതിക്കാരി തള്ളി. പരാതിയെക്കുറിച്ചു മന്ത്രിക്കു വ്യക്തമായ അറിവുണ്ടായിരുന്നെന്ന് അവര്‍ പറഞ്ഞു. ശശീന്ദ്രന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷവും രംഗത്ത്. യുവതിയുടെ പിതാവായ എന്‍.സി.പി. പ്രാദേശികനേതാവുമായുള്ള മന്ത്രിയുടെ ഫോണ്‍ സംഭാഷണ ശബ്ദരേഖ ഇന്നലെ ഒരു സ്വകാര്യ ചാനലാണു പുറത്തുവിട്ടത്.
കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായി യുവതി മത്സരിച്ചിരുന്നു. പ്രചാരണത്തിനിടെ വഴിയില്‍ കണ്ടുമുട്ടിയ യുവതിയെ പത്മാകരന് സ്വന്തം ഹോട്ടലിലേക്കു വിളിച്ചുവരുത്തി കൈയില്‍ കയറിപ്പിടിച്ചെന്നാണു പരാതി. യുവതിയുടെ പേരില്‍ വ്യാജ ഐ.ഡിയുണ്ടാക്കി സാമൂഹികമാധ്യമങ്ങളില്‍ അപമാനിെച്ചന്നും പരാതിയില്‍ പറയുന്നു. പരാതി നല്കുന്നതിനു മുമ്പും ശേഷവും എന്‍.സി.പി. നേതാക്കള്‍ വിളിച്ചെന്നും മൊഴിയെടുക്കാനൊ കേസെടുക്കാനോ പോലീസ് തയാറായില്ലെന്നും യുവതി ആരോപിച്ചു.
കഴിഞ്ഞ ജൂണ്‍ 28-നാണ് ബി.ജെ.പി. നേതാക്കളുടെ സഹായത്തോടെ കുണ്ടറ പോലീസില്‍ പരാതിപ്പെട്ടത്. പിന്നീട് തിരക്കിയപ്പോള്‍ അന്വേഷണം നടക്കുന്നുവെന്ന മറുപടിയാണു ലഭിച്ചത്. ഇതിനിടെ എന്‍.സി.പി. സംസ്ഥാനസമിതിയംഗങ്ങള്‍ ഉള്‍പ്പെടെ പലതവണ വിളിച്ചു. മന്ത്രിയുടെ നിര്‍ദേശപ്രകാരമാണു വിളിക്കുന്നതെന്നാണു പറഞ്ഞത്. ചിലര്‍ ഭീഷണിപ്പെടുത്തി. കേസുമായി മുന്നോട്ടുപോയാല്‍ സ്ഥിതി വഷളാകുമെന്നു പറഞ്ഞു. അതിനുശേഷം വര്ക്കലയില്നിന്നുള്ള ഒരാളും തന്റെ പിതാവിനെ വിളിച്ചു. ബി.ജെ.പി. നേതാക്കള്‍ ഇടപെട്ടാണു കേസ് നല്‍കിയതെന്നും അവരുമായി സംസാരിക്കാനും പിതാവ് മറുപടി നല്കി. അതിനുശേഷം കഴിഞ്ഞ നാലിനാണു മന്ത്രി ശശീന്ദ്രന് പിതാവിന്റെ ഫോണിലേക്കു വിളിച്ചത്. കേസ് നല്ല രീതിയില്‍ തീര്‍ക്കണമെന്നായിരുന്നു മന്ത്രിയുടെ നിര്‍ദേശം. എന്താണു നല്ലരീതിയെന്നു തിരിച്ചുചോദിച്ചപ്പോള്‍ മന്ത്രി ഫോണ്‍ കട്ട് ചെയ്തെന്നും യുവതി പറഞ്ഞു. പാര്‍ട്ടി അംഗങ്ങള്‍ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ പ്രയാസമില്ലാത്ത രീതിയില്‍ തീര്‍ക്കണമെന്നും വിവാദമാക്കേണ്ടതില്ലെന്നുമാണു മന്ത്രി പറഞ്ഞത്. അതിനു മറുപടിയായി, ഗംഗ ഹോട്ടലിന്റെ മുതലാളി പത്മാകരന് മകളെ കൈക്കുപിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ് ഒതുക്കിത്തീര്ക്കണമെന്നാണോ പറയുന്നതെന്ന് ആവര്‍ത്തിച്ചു ചോദിക്കുന്നതും ശബ്ദരേഖയില്‍ കേള്‍ക്കാം.
പണത്തിനായി ബി.ജെ.പിയില്‍ ചേര്‍ന്നെന്ന ആരോപണം യുവതി നിഷേധിച്ചു. ബി.ജെ.പിയില്‍ ചേര്‍ന്നതു വ്യക്തിപരമായ തീരുമാനമായിരുന്നെന്നും എന്‍.സി.പി. നേതാവായ പിതാവുള്‍പ്പടെ ആര്‍ക്കും അതില്‍ പങ്കില്ലെന്നും യുവതി വ്യക്തമാക്കി. മന്ത്രി ഒരുതവണയാണു വിളിച്ചതെങ്കിലും പലവട്ടം അദ്ദേഹം വിഷയത്തില്‍ ഇടപെട്ടു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ വിളിച്ച മന്ത്രി സംസാരിച്ചതു താക്കീതിന്റെ സ്വരത്തിലാണ്. പത്മാകരന് സ്വാധീനമുള്ളയാളാണെന്നതിനു തെളിവാണു മന്ത്രിയുടെ ഇടപെടല്‍. പത്മാകരന് പണം നല്‍കാമെന്നു പറഞ്ഞാണു കടന്നുപിടിച്ചത്. പരാതിപ്പെട്ടപ്പോള്‍ കളിയാക്കുന്ന സമീപനമായിരുന്നു പോലീസിന്റേതെന്നും യുവതി ആരോപിച്ചു.
സ്ത്രീക്കെതിരായ കുറ്റകൃത്യം മനഃപൂര്‍വം മറച്ചുവയ്ക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ശശീന്ദ്രനെതിരേ യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണാ എസ്. നായര്‍ ഗവര്‍ണര്‍ക്കും വനിതാ കമ്മിഷനും പരാതി നല്കി. യുവതിയുടെ പരാതി ജൂണില്‍ പോലീസിനു ലഭിച്ചിട്ടും ഇതുവരെ എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്തില്ലെന്നു വനിതാ കമ്മിഷനു നല്കിയ പരാതിയില്‍ ആരോപിക്കുന്നു. ഇതേ വിഷയത്തില്‍ യൂത്ത് ലീഗ് നേതാവ് സജാല്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലും പരാതി നല്കി. മന്ത്രി രാജിവയ്ക്കണമെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ബി.ജെ.പി. സംസ്ഥാനാധ്യക്ഷന്‍ കെ. സുരേന്ദ്രനും ആവശ്യപ്പെട്ടു. മന്ത്രിയുടെ ഇടപെടല്‍ അറിഞ്ഞില്ലെന്നായിരുന്നു സി.പി.എം. സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്റെ പ്രതികരണം.






